കുട്ടിക്കരുതല് പദ്ധതിയുമായി കുട്ടിപ്പൊലിസുകാര്
കൊട്ടാരക്കര: റോഡ് സുരക്ഷ ഉറപ്പാക്കാനും വാഹനങ്ങളുടെ രേഖകളുടെ കാലാവധി ഉറപ്പാക്കുന്നതുമായ കുട്ടിക്കരുതല് പദ്ധതിയുമായി പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍. വാഹന പരിശോധന കണ്ട് ഭയന്ന് വാഹനം വെട്ടിച്ച് അപകടം ഉണ്ടാകുന്ന സാഹചര്യം പരിഗണിച്ച് കുന്നത്തൂര്‍ അസിസ്റ്റന്റ് മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാംജി കെ. കരന് വിഭാവന ചെയ്ത ഈ പരിപാടി പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ കേഡറ്റുകള്‍ ഏറ്റെടുത്ത് നടത്തുകയാണ്. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് പരിശീലനം നല്കി സ്വന്തം വീട്ടിലെ വാഹനങ്ങളുടെ രേഖകളുടെ കാലാവധി കുടുബാംഗങ്ങളുമായി ചേര്‍ന്ന് സ്വയം പരിശോധിച്ച് ഉറപ്പാക്കുകയും ഒപ്പം നല്കുന്ന പെര്‍ഫോമ പൂരിപ്പിച്ച് സ്കൂളില്‍ തിരിച്ച് നല്‍കുകയും വേണം.
കൂടാതെ കുടുംബാംഗങ്ങളുടെ ഡ്രൈവിങ് ലൈസന്‍സും പരിശോധിക്കും. പ്രാഥമിക റോഡ് സുരക്ഷാ നിയമങ്ങള്‍ കുട്ടികളിലൂടെ മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും ബോധവത്കരിപ്പിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം പൂയപ്പള്ളി പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സാബുജി എം.എ.എസ് സീനിയര്‍ കേഡറ്റായ അമൃതയ്ക്ക് പെര്‍ഫോമ നല്കി നിര്‍വഹിച്ചു. പ്രഥമാധ്യാപിക കെ.പി ഗീതാകുമാരി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാംജി കെ. കരന്, സ്റ്റാഫ് സെക്രട്ടറി ഷിബു ഡി.കെ, കമ്യൂനിറ്റി പൊലിസ് ഓഫിസര്‍മാരായ റാണി വി, എ.എന്‍ ഗിരിജ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."