കൊച്ചുമകനുണ്ടായ അനുഭവം വെളിപ്പെടുത്തി ജസ്റ്റിസ് കെമാല്‍ പാഷ 'നീ മുസ്‌ലിമാണല്ലേ... ഞാന്‍ ടീച്ചറോട് പറയും'
കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരേ രാജ്യത്ത് പ്രക്ഷോഭം നടക്കുമ്പോഴും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ കുട്ടികളെ വേര്‍തിരിക്കുന്നത് രണ്ടാം ക്ലാസില്‍ പഠിക്കുന്ന കൊച്ചുമകനുണ്ടായ അനുഭവം വെളിപ്പെടുത്തി ജസ്റ്റിസ് കെമാല്‍ പാഷ. കഴിഞ്ഞദിവസം പത്തനാപുരത്ത് സ്വകാര്യ സ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കൊച്ചുമകനുണ്ടായ അനുഭവം അദ്ദേഹം വിവരിച്ചത്. സ്‌കൂളിന്റെ പേരു വെളിപ്പെടുത്തുന്നില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രണ്ടാം ക്ലാസുകാരനായ കൊച്ചുമകന്റെ ഡയറി നോക്കിയ സഹപാഠികള്‍ 'നീ മുസ്‌ലിമാണല്ലേ' എന്ന് ചോദിച്ച ശേഷം ഇക്കാര്യം ടീച്ചറോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. അവന്റെ കൂടെ രണ്ടു മൂന്നു കുട്ടികള്‍ കൂടിയുണ്ട്. ഞങ്ങളും പറഞ്ഞുകൊടുക്കുമിതെന്നാണ് അവരും പറഞ്ഞത്. ഇതു കേട്ട് കൊച്ചുമകന്‍ കരച്ചിലായി.ഇത് മനസിലാക്കിയശേഷം താന്‍ സ്‌കൂളില്‍ വിളിച്ച് പരാതി പറഞ്ഞു. നിങ്ങളുടെ സ്‌കൂളിന്റെ കുഴപ്പമല്ലിത്. പക്ഷേ നിങ്ങള്‍ ഈ കുട്ടികളുടെ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തണം. ഈ കുഞ്ഞുങ്ങള്‍ ഈ രീതിയില്‍ പെരുമാറണമെങ്കില്‍, എവിടെന്ന് പഠിക്കുന്നു ഇത്.
അച്ഛനമ്മമാരില്‍നിന്ന് തന്നെയാണ്. അവരെ വിളിച്ചുപറയണം ഇങ്ങനെ പെരുമാറാന്‍ പാടില്ല, കുട്ടികളെ ഇങ്ങനെ പഠിപ്പിക്കരുതെന്ന്. എനിക്കതിലേ ഉള്ളൂ പരാതി.
ആ കുഞ്ഞുങ്ങള്‍ തലതിരിഞ്ഞുപോകുന്നത് ആലോചിച്ചുനോക്കൂ.
ഏഴുവയസുകാരന്‍ ചിന്തിക്കുന്നതാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിയും മതവും വച്ച് കുട്ടികളെ വേര്‍തിരിക്കുന്ന സംഭവം സ്‌കൂളുകളില്‍ പോലും ഉണ്ടെന്നും മുസ്‌ലിമായി ജീവിക്കുക എന്നത് എന്തോ കുഴപ്പമുള്ളതായുള്ള തോന്നല്‍ കുട്ടികളില്‍ പോലും ഉണ്ടാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചുകുട്ടികളെ കള്ളം പറയാന്‍ പ്രേരിപ്പിക്കരുതെന്ന് പറയുന്ന നാം മതം കൊണ്ട് മനുഷ്യ മനസുകളില്‍ വേലി കെട്ടുകയാണ്. വിദേശ രാജ്യങ്ങളില്‍ റോഡില്‍നിന്നു പരസ്യമായി കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മദ്യപിക്കുന്നതുമെല്ലാം കടമെടുക്കുന്ന നമ്മള്‍ പക്ഷേ അവരുടെ നല്ല ശീലങ്ങളുടെ ഒരു ഭാഗവും എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."