വണ്ണപ്പുറം ഗ്രാമം ഉണര്‍ന്നത് ദുരന്ത വാര്‍ത്ത കേട്ട്
തൊടുപുഴ: നാടിനെ ഞെട്ടിച്ച ദുരന്തവാര്‍ത്ത കേട്ടാണ് വണ്ണപ്പുറം ഗ്രാമം ഇന്നലെ ഉണര്‍ന്നത്. പുളിക്കാമറ്റത്തില്‍ മധുവിന്റെ ഭാര്യ അന്‍സില(22), ലോറി ഡ്രൈവര്‍ ഏലപ്പാറ ഹെലിബറിയ വിജയഭവനില്‍ മനോജ്(28) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട്ട് നിന്ന് ചപ്പാത്തിലെ കടയിലേക്ക് വാര്‍ക്ക കമ്പിയുമായി വന്ന മനോജ് മൂവാറ്റുപുഴയില്‍ നിന്ന് വണ്ണപ്പുറം ചേലച്ചുവടി വഴി ചപ്പാത്തിലെക്കുള്ള വഴി തെരഞ്ഞെടുത്തത് ഗൂഗിള്‍ മാപ്പ് നോക്കിയാണ്. വണ്ണപ്പുറത്ത് നിന്ന് മുണ്ടന്‍മുടി റോഡിലേക്ക് പ്രവേശിച്ചപ്പോഴാണ് വഴി മോശമാണെന്ന് മനസിലായത്. കൊടും വളവുകളും കയറ്റവും ഉള്ള വഴിയില്‍ക്കൂടി ഭാരമുള്ള വണ്ടി പൊകാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് അപകടം നടന്ന 70 ാം മൈലിന് സമീപം കമ്പോക്കാനത്ത് വച്ച് വാഹനം തിരിച്ച് തൊടുപുഴ വഴി വരാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. കുത്തനെയുള്ള ഇറക്കത്തിലെ കൊടുംവളവില്‍ നിയന്ത്രണം വിട്ട ലോറി 50 മീറ്റര്‍ താഴ്ച്ചയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന അന്‍സിലയുടെ ദേഹത്തേയ്ക്ക് ലോറി ഇടിച്ചിറങ്ങി. വാഹനം വന്നു പതിച്ചതിന്റെ ആഘാതത്തില്‍ കട്ടിലില്‍ നിന്ന് തെറിച്ച് പോയതിനാലാണ് കുഞ്ഞ് കാലിന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
അപകടം നടക്കുമ്പോള്‍ അന്‍സിലയുടെ ഭര്‍ത്താവ് മധുവും അഞ്ചു വയസുള്ള മകന്‍ നിമിയോയും അടുത്ത മുറിയിലാണ് കിടന്നിരുന്നത്. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വന്‍ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിക്കടിയില്‍പ്പെട്ട അന്‍സിലയുടെ മൃതദേഹം പുറത്തെടുക്കാനായില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് സമീപത്തെ മണ്ണുമാറ്റിയാണ് യുവതിയുടെ മൃതദേഹം പുറത്തെടുത്തത്.
വണ്ണപ്പുറം- കഞ്ഞിക്കുഴി റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നത് നിര്‍മാണത്തിലെ അശാസ്ത്രീയത മൂലമെന്ന് ആക്ഷേപം ഉയരുകയാണ്. സമീപനാളുകളിലായി അഞ്ച് അപകടങ്ങള്‍ക്കാണ് ഇവിടെയുണ്ടായത്. ആറുമാസം മുന്‍പാണ് ഇതേ സ്ഥലത്ത് കുത്തനെയുള്ള ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചത്. ഒരുവര്‍ഷം മുന്‍പ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവര്‍ അതിസാഹസികമായി കയ്യാലയില്‍ ഇടിച്ചു നിര്‍ത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഒരു വിവാഹ പാര്‍ടി സഞ്ചരിച്ച ടെംപോയും ഇതേ സ്ഥലത്ത് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായി നടപ്പുവഴി വീതി കൂട്ടി റോഡാക്കിയതാണ് അപകടസാധ്യത വര്‍ധിപ്പിച്ചത്.
തൊടുപുഴയില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്കുള്ള എളുപ്പവഴിയാണിത്. തൊടുപുഴയില്‍ നിന്നും മൂലമറ്റം വഴിയുള്ള റോഡിനേക്കാള്‍ 12 കിലോമീറ്റര്‍ ലാഭമുണ്ട്. കൊടുംവളവും കുത്തനെയുള്ള കയറ്റവും മൂലം അമിതഭാരവുമായെത്തുന്ന ലോറികള്‍ ഈ പാത ഉപയോഗിക്കാറില്ല. ബസുകള്‍ പോലും ബുദ്ധിമുട്ടിയാണ് ഇതിലേ സര്‍വീസ് നടത്തുന്നത്. അപകടസൂചന നല്‍കുന്ന ദിശാബോര്‍ഡുകളൊന്നും റോഡരികില്‍ സ്ഥാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."