HOME
DETAILS
MAL
മയിലിനെ കാണാം പ്രകൃതിയെ പഠിക്കാം ചൂലനൂരിലേക്ക് വിടൂ...
backup
January 19 2020 | 03:01 AM
ലനൂര്‍. മയിലാടും പാറയും പ്രകൃതിയുടെ വരദാനമായ മയില്‍പ്പീലി കാവും ഇവിടെയുണ്ട്. പീലിവിടര്‍ത്തിയാടും മയിലിനെ കാണുക മാത്രമാണ് ലക്ഷ്യമെങ്കില്‍ ഇവിടെ വരുന്നവര്‍ നിരാശരാകും. കാരണം ഇവിടം അവയെ കൂട്ടിലിട്ട് വളര്‍ത്തുന്ന കാഴ്ചബംഗ്ലാവല്ല.
കാട്ടിലൂടെ സഞ്ചരിച്ച് കാടിനെ അറിഞ്ഞ് മയിലിനെയും നൂറോളം മറ്റിനം പക്ഷികളെയും 20 ഇനം മൃഗങ്ങളെയും കാണാം. കുഞ്ചന്‍ സ്മൃതിവനം പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഇന്ദുചൂഢന്റെ (കെ.കെ നീലകണ്ഠന്‍) നാമധേയത്തിലാണ് 2007ല്‍ അദ്ദേഹത്തിന്റെ ജന്മനാടായ ആലത്തൂര്‍ കാവശ്ശേരിക്ക് സമീപം ചൂലനൂര്‍ മയില്‍സങ്കേതം സ്ഥാപിച്ചത്.
കുഞ്ചന്‍ നമ്പ്യാരുടെ ജന്മനാടായ ലക്കിടി കിള്ളിക്കുറിശ്ശി മംഗലവുമായുള്ള സാമീപ്യം ചൂലനൂര്‍ വനത്തിന് കുഞ്ചന്‍ സ്മൃതിവനം എന്ന പേരും കരഗതമാക്കി. പീച്ചി വന്യജീവിസംരക്ഷണ കേന്ദ്രത്തിന് കീഴില്‍ തൃശൂര്‍- പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ആലത്തൂര്‍, തലപ്പിള്ളി താലൂക്കുകളിലെ 342 ഹെക്ടര്‍ പ്രദേശത്താണ് മയില്‍ സങ്കേതം.
ഇതിന്റെ 15 കിലോമീറ്റര്‍ ചുറ്റളവിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും മയിലുകളുടെ വിഹാരകേന്ദ്രങ്ങളാണ്. ഇരുന്നൂറോളം മയിലുകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. കുറുക്കന്‍, കാട്ടുപന്നി, മുള്ളന്‍പന്നി, മുയല്‍, വെരുക്, ഉടുമ്പ് തുടങ്ങിയ മൃഗങ്ങളുണ്ട്. ഇരുള്, മരുത്, തേക്ക്, വീട്ടി, ഒടുക് തുടങ്ങിയ മരങ്ങളാണ് കൂടുതല്‍.
പൂമ്പാറ്റ ആരാമം
പൂമ്പാറ്റകള്‍ പാറിപ്പറന്ന് തേന്‍ നുകരുന്ന കാഴ്ച ബട്ടര്‍ ഫ്‌ളൈ പാര്‍ക്കിന്റെ ആകര്‍ഷകമാണ്. ഇവിടെ പലതരം പൂച്ചെടികളുണ്ട്. ഇതൊക്കെ കാറ്റേറ്റ്, വെയിലും മഴയുമേല്‍ക്കാതെ ഇരുന്ന് ആസ്വദിക്കാന്‍ ഇരിപ്പിടവുമുണ്ട്.
ഔഷധ സസ്യത്തോട്ടം
നൂറോളം ഔഷധ സസ്യങ്ങള്‍ നട്ട് പരിപാലിക്കുന്ന തോട്ടം അമൂല്യമായ ഒറ്റമൂലികള്‍ ഉള്‍പ്പെടുന്നതാണ്. നാട്ടുവൈദ്യത്തിലും ആദിവാസി വൈദ്യത്തിലും ആയുര്‍വ്വേദത്തിലുമുള്ള മരുന്നുകളും അവയുടെ ഫലസിദ്ധിയും തിരിച്ചറിയാന്‍ ഔഷധ സസ്യങ്ങള്‍ പരിചയപ്പെടുത്തി വിവരണം നല്‍കുന്നുണ്ട്.
പ്രകൃതി പഠന കേന്ദ്രം
പ്രകൃതി ഭംഗി ആസ്വദിക്കാന്‍ മാത്രമുള്ളതല്ല. അതിനെപ്പറ്റി പഠിക്കുകയും അവബോധത്തിന്റെ അടിസ്ഥാനത്തില്‍ സംരക്ഷിക്കുകയും വേണം. ചൂലനൂര്‍ പ്രകൃതി പഠന കേന്ദ്രത്തിന്റെ ലക്ഷ്യം അതാണ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, പരിസ്ഥിതി സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് മൂന്ന് ദിവസത്തെ സൗജന്യ പ്രകൃതി പഠന ക്യാംപ് നടത്തുന്നു.
താമസവും ട്രക്കിങും
ആണ്‍പെണ്‍ കുട്ടികള്‍ക്കായി വെവ്വേറെ 20 വീതം കിടക്കകളുള്ള ഡോര്‍മെട്രിയുണ്ട്. 10 കിടക്കകള്‍ അധ്യാപകര്‍ക്കായുമുണ്ട്. ട്രക്കിങ് ഇല്ലാത്ത പ്രകൃതി പഠന ക്യാംപില്ല. ആക്രമണ സ്വഭാവമുള്ള വന്യമൃഗങ്ങള്‍ ഇല്ലാത്തതിനാല്‍ കാട്ടിലൂടെ കുട്ടികള്‍ക്ക് പോലും ധൈര്യമായി നടക്കാം. ചെറുമൃഗങ്ങളെയും പക്ഷികളെയും കാണാം. പാറക്കെട്ടുകളില്‍ വിശ്രമിക്കാം. ഇല്ലിക്കൂട്ടത്തിന്റെ തണല്‍ ആസ്വദിക്കാം.
കാലത്ത് ആറു മണിക്ക് ട്രക്കിങ് തുടങ്ങും. എട്ടുമണിയോടെ മയിലുകള്‍ തീറ്റ തേടി പോകുന്നതിന് മുന്‍പ് കാടുകയറിയാലേ അവയെ കാണാനാകൂ.
പൈതൃക
കേന്ദ്രങ്ങളിലേക്ക് ഔട്ടിങ്
സാധാരണ പ്രകൃതി പഠന ക്യാംപില്‍ ഇല്ലാത്ത ഇനമാണ് ഔട്ടിങ്. ചൂലനൂരിന് സമീപത്തെ പൈതൃക കേന്ദ്രങ്ങളിലേക്കുള്ള ഔട്ടിങ്ങാണ് ഇവിടുത്തെ പ്രത്യേകത. ലക്കിടി കിള്ളിക്കുറിശ്ശി മംഗലത്തെ കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗേഹമായ കലക്കത്ത് ഭവനം, സിനിമാ ഷൂട്ടിങ് കേന്ദ്രമായി പ്രശസ്തമായ വരിക്കാശ്ശേരി മന, കുത്താമ്പുള്ളി കൈത്തറി വസ്ത്ര നിര്‍മാണ ഗ്രാമം, ഗായത്രി- ഭാരതപ്പുഴ സംഗമം, കളിമണ്‍ പാത്ര നിര്‍മാണ കേന്ദ്രമായ കുംഭാരത്തറ, തിരുവില്വാമല പുനര്‍ജനി ഗുഹ എന്നിവിടങ്ങളിലേക്കാണ് ഔട്ടിങ്.
കുടിലും മയില്‍
മ്യൂസിയവും
കാട്ടിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ കുടിലും മയില്‍ മ്യൂസിയവും ഉടന്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളാണ്. കാടനുഭവം വ്യത്യസ്തമാക്കാന്‍ കാട്ടിലെ താമസത്തിന് കുടിലുകള്‍ കെട്ടും. മയിലിന്റെ ജീവിത ചക്രം മനസിലാക്കാന്‍ തക്കവിധമാണ് മയില്‍ മ്യൂസിയം സജ്ജമാക്കുക.
ഇപ്പോള്‍ നല്ല സമയം
ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ചൂലനൂര്‍ സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം. കനത്ത മഴ ലഭിക്കുന്ന മേഖല ആയതിനാല്‍ മഴക്കാലത്ത് യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. എന്നാല്‍ മഴക്കാലത്തായിരിക്കും വ്യത്യസ്ത നിറങ്ങളിലുള്ള മയിലുകളുടെ യഥാര്‍ഥ സൗന്ദര്യം ആസ്വദിക്കാനാവുക.
എങ്ങനെ എത്താം
പാലക്കാട് നഗരത്തില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരമുണ്ട്. അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ പാലക്കാടാണ്. സ്വന്തം വാഹനമില്ലാത്തവര്‍ക്ക് പാലക്കാട്ടു നിന്ന് ടാക്‌സികളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കാം.
വിവരങ്ങള്‍ക്ക് വിളിക്കുക
മയില്‍ സങ്കേത്തില്‍ എത്തുന്നവര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുണ്ട്. കാട്ടിലേക്കുള്ള യാത്രയ്ക്ക് സഹായി കൂടെ വരും. വിവരണങ്ങള്‍ നല്‍കും. ക്യാംപ് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഫോണ്‍: 04922 206054.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."