തോല്‍വിക്ക് കാരണം നേതാക്കന്മാരുടെ അഭാവം: സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിടേണ്ടി വന്നത് മുതിര്‍ന്ന നേതാക്കളുടെ അഭാവം കാരണമാണെന്ന് മുന്‍ മുഖ്യ മന്ത്രി സിദ്ധരാമയ്യ. ഇതിനു പുറമെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയതും കോണ്‍ഗ്രസിന് തിരിച്ചടിയായെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇത്. ദേശീയ നേതൃത്വത്തിന്റെയടക്കം വിമര്‍ശനം സംസ്ഥാന നേതാക്കള്‍ക്ക് നേരിടേണ്ടി വന്നു. പ്രസ്തുത സാഹചര്യത്തിലാണ് തോല്‍വിയുടെ കാരണങ്ങള്‍ ദേശീയ നേതൃത്വത്തിന് മുന്‍പില്‍ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം നിരത്തിയത്. സിദ്ധരാമയ്യയുടെ വിശദീകരണം വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാക്കുമെന്നാണ് സൂചന.
ഫണ്ടുകളുടെ അപര്യാപ്തതയും, വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പ്രയാസവും 4 നേതാക്കളുടെ നിസഹകരണവുമാണ് തോല്‍വിയുടെ കാരണങ്ങളായി സിദ്ധരാമയ്യ ചൂണ്ടികാട്ടിയത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കും,എ.ഐ.സി. സി നേതാക്കള്‍ക്കും മുമ്പിലാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ,ജി.പരമേശ്വര,ഹരിപ്രസാദ്, കെ.എച്ച്. മുനിയപ്പ എന്നീ നാല് മുതിര്‍ന്ന നേതാക്കള്‍ പല കാരണങ്ങള്‍ പറഞ്ഞ്
പ്രചാരണ രംഗത്തു നിന്ന് വിട്ടു നിന്നു. തെരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പുമാത്രമാണ് ഇവര്‍ പ്രചാരണത്തിനെത്തിയതെന്നും 15 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രചാരണത്തിന് താന്‍ ഒറ്റയ്ക്കാണ് നേതൃത്വം നല്‍കിയതെന്നും സിദ്ധരാമയ്യ പറഞ്ഞു. നേതാക്കളുടെ വിട്ടു നില്‍ക്കല്‍ പ്രചാരണത്തിന്റെ ദിശമാറ്റിയതായും സിദ്ധരാമയ്യ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 2 എണ്ണം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതെ സമയം കോണ്‍ഗ്രസിന്റെ 12 സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെയാണ് 15 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സിറ്റിങ് സീറ്റുകളില്‍ 10 എണ്ണം കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായ ആസൂത്രണം ചെയ്ത് പ്രചാരണം നടത്തിയിരുന്നെങ്കില്‍ പകുതി സീറ്റുകളിലെങ്കിലും വിജയം നേടാന്‍ കഴിയുമായിരുന്നുവെന്നു പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പു ഫലം വന്നതോടെ പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് സിദ്ധരാമയ്യയും കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് ഗുണ്ടുറാവുവും രാജി വച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."