HOME
DETAILS
MAL
ഇശ്‌ഖേ ഇലാഹീ
backup
January 19 2020 | 04:01 AM
ലാഹീ പ്രണയം ഇതള്‍ വിടര്‍ത്തി ഹൃദയസുഗന്ധമേകുന്ന ഇരുപത്താറു കവിതകളുടെ സമാഹാരമാണ് സഹര്‍ അഹമ്മദിന്റെ 'നിന്നെ മാത്രം നിന്നോട് മാത്രം'. പ്രകാശത്തിന് മേല്‍ പ്രകാശമാം കാരുണ്യവാനാം സര്‍വാധിരാജനോടുള്ള അര്‍ഥനയും അന്‍പും വിധേയത്വവും ഹൃദയ വിചാരങ്ങളും സരളവും ലളിതവുമായ ഭാഷാചാരുതയോടെ കൈകാര്യം ചെയ്തിരിക്കുന്നു.
ലളിതമായതെല്ലാം സുന്ദരമാണ്. ഉള്ളടക്കത്തിന്റെ അകക്കാമ്പിലാണ് കാര്യം. സര്‍വ്വ ശക്തനോടുള്ള അനശ്വരമായ സ്‌നേഹത്തിലൂന്നിയ സമര്‍പ്പണ വാഞ്ഛക്കൊപ്പം ജീവിത പ്രതലങ്ങളോടുള്ള സമീപന മാധുര്യവും വായനയിലുടനീളം അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
യഥാര്‍ഥ സമരമെന്നാല്‍ സ്വന്തത്തോടുള്ള സമരമാണെന്നും അനീതിമാനായ ഭരണാധികാരിക്ക് മുന്നില്‍ നീതിക്കായ് നിലകൊള്ളാനുള്ള ആര്‍ജ്ജവമാണ് യഥാര്‍ഥ സമരമെന്നുള്ള സത്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് 'വിശുദ്ധ സമരം'.
വ്രതനാളില്‍ അടുക്കളയിലുരുകുമ്പോഴും നാഥനുള്ള സ്തുതികീര്‍ത്തനങ്ങളില്‍ വിലയിക്കുന്ന പെണ്മനസിനെ ചേര്‍ത്ത് വച്ചതാണ് 'റമളാനിലെ പെണ്ണുങ്ങള്‍'. 'നീയല്ലാതെ മറ്റാര്' പ്രയാസങ്ങളെ പ്രതീക്ഷകളാക്കുന്ന കരുണക്കടലാം ഉടയവനോടുള്ള അര്‍ഥനയാണ്.
മരുഭൂമിയില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ചു തളിര്‍ത്ത് നില്‍ക്കുന്ന മരങ്ങള്‍ പോലെ ഏത് പ്രതിബന്ധങ്ങളിലും എല്ലാ സൃഷ്ടി ചരാചരങ്ങളെയും പരിപാലിക്കുന്ന നാഥനെ വാഴ്ത്തുന്ന ഒന്നാണ് 'പ്രതിബന്ധങ്ങള്‍'. ഒപ്പം അവനിലേക്കുള്ള ആശ്രയം വിശ്വാസിമനസുകള്‍ക്കു നല്‍കുന്ന സമാശ്വാസത്തിലേക്കും കവിത കൈപിടിക്കുന്നു.
ഏറ്റവും സമീപസ്ഥനായ നാഥനെ അനുഭവിച്ചറിയാനുള്ള വഴി ഹൃദയവിശാലതയും അകവെളിച്ചത്തെ തിരിച്ചറിയുകയുമാണെന്ന് 'കിളിവാതില്‍' വെളിച്ചം വിതറുന്നു. നന്ദി നിറഞ്ഞൊരു ഹൃദയത്തിനേ ജീവിത സംതൃപ്തി നേടാന്‍ കഴിയൂ. നാഥനോടുള്ള കൃതാര്‍ഥത നിറഞ്ഞു തുളുമ്പുന്ന ഹൃദയവും പശ്ചാത്താപ ചിന്തകളുമാണ് 'നന്ദി'.
സര്‍വ്വചരാചരങ്ങളും നിദ്രപുല്‍കുന്ന രാവിന്‍ അന്ത്യയാമങ്ങളില്‍ പ്രാര്‍ഥനയുടെ വെള്ളിനൂല്‍ കോര്‍ത്ത് അവനിലേക്ക് സമര്‍പ്പിതമാകുന്ന ധന്യ മുഹൂര്‍ത്തമാണ് 'നിന്നിലേക്ക്..'. ചെറുമരണമാം ഉറക്കില്‍ നിന്ന് ഒരു പൈതലിന്‍ നിഷ്‌കളങ്കതയോടെ ഉണരണമെന്ന നൈര്‍മല്യചിന്തയോടെയാണ് 'നിന്നെ മാത്രം നിന്നോട് മാത്രം' വായനകഴിഞ്ഞിട്ടും ഉള്‍വെളിച്ചമായ് ബാക്കിയാകുന്നത്.
ആത്മീയതയുടെ നല്‍വെളിച്ചം പകരുന്ന കൃതിക്കൊപ്പം ഷബ്‌ന സുമയ്യയുടെ വരകള്‍ കൂടിയായപ്പോള്‍ വരികള്‍ക്ക് അര്‍ഥവ്യാപ്തിയേറുന്നു. യുവ കവി സഹര്‍ അഹമ്മദിന് ഇനിയുമേറെ പറയാനും എഴുതാനും സംവദിക്കാനുമുണ്ടെന്ന അക്ഷര സല്ലാപത്തോടെയാണ് ഈ പുസ്തകം വേഗം തീര്‍ന്നെന്ന ചിന്തയില്‍ വായന പൂര്‍ത്തിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."