ബി.എസ്.എന്‍.എല്‍ 4ജി; തിരിച്ചടിയായത് നൂറുകണക്കിന് ഉപയോക്താക്കള്‍ക്ക്
ജാഫര്‍ കല്ലട
നിലമ്പൂര്‍: ജില്ലയില്‍ ആദ്യത്തെ 4ജി സംവിധാനം നിലമ്പൂരില്‍ നടപ്പിലാക്കിയതോടെ വിനയായത് നൂറുകണക്കിന് ഉപഭോക്താക്കള്‍ക്ക്. നിലവില്‍ 3ജി സംവിധാനം ഉപയോഗിച്ചിരുന്നവരെ ഒന്നടങ്കം 4ജിയിലേക്ക് മാറ്റിയതാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായത്. 3ജി ഇപ്പോഴും ഉപയോഗിക്കുന്നവര്‍ക്ക് 2ജിയുടെ സ്പീഡും സിഗ്നലുമാണ് ലഭിക്കുന്നത്.
ഐഡിയ, എയര്‍ടെല്‍, വോഡാഫോണ്‍ ഉള്‍പ്പെടെ സ്വകാര്യ മോബൈല്‍ സേവന ദാതാക്കള്‍ 3ജി നിലനിര്‍ത്തിയാണ് 4ജി സംവിധാനം നടപ്പാക്കിയിരിക്കുന്നത് എന്നിരിക്കേ ബി.എസ്.എന്‍.എല്‍ 3ജി പൂര്‍ണമായും നിര്‍ത്തലാക്കിയാണ് 4ജി സംവിധാനം നടപ്പാക്കിയത്. 3ജി സിംഡാറ്റ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും 4 ജിയിലേക്ക് മാറണമെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ നിലമ്പൂര്‍ സര്‍ക്കിളിലാണ് കഴിഞ്ഞ ഡിസംബര്‍ 16മുതല്‍ ഇവ നടപ്പാക്കിയത്. ഒരുവര്‍ഷത്തേക്ക് ഉള്‍പ്പെടെ റീചാര്‍ജ് ചെയ്തവര്‍ക്കും മൊബൈല്‍ സെറ്റ് മാറ്റാതെ ബി.എസ്.എന്‍.എല്‍ 4ജി ഉപയോഗിക്കാനാവില്ല. എച്ച്.എച്ച്.പ്ലസ് സിഗ്നലുകള്‍ 3ജി ഉപയോഗിക്കുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍ നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ 3ജിയുള്ളവര്‍ക്ക് 2ജിയുടെ ഇ സിഗ്നലാണ് ലഭിക്കുന്നത്. നിലമ്പൂരിലെ ഉള്‍ഗ്രാമങ്ങളില്‍ പലയിടത്തും ഇപ്പോഴും 4ജി ആയിട്ടില്ലയെന്നിരിക്കേ നിലവിലെ ഉപഭോക്താക്കള്‍ക്ക് 2ജിയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം 4ജി ഉപയോഗിക്കണമെങ്കില്‍ 4ജി, എല്‍.ടി.ഇ പോര്‍ട്ട് സംവിധാനമുള്ള മൊബൈല്‍ വേണം. 4ജി പോര്‍ട്ട് ഉള്ള എല്ലാ മൊബൈലിലും മറ്റു മൊബൈല്‍ സേവന ദാതാക്കളുടെ സേവനം ലഭിക്കുമെങ്കിലും ബി.എസ്.എന്‍.എല്‍ സിം പ്രവര്‍ത്തിക്കണമെന്നില്ല. 4ജി സെറ്റ് ആണെങ്കില്‍ പോലും തെരഞ്ഞെടുക്കപ്പെട്ട മൊബൈല്‍ ഫോണില്‍ മാത്രമേ ബി.എസ്.എന്‍.എല്‍ 4ജി പ്രവര്‍ത്തിക്കൂ.
ഇതും ഉപഭോക്താക്കള്‍ക്ക് വിനയായി മാറിയിരിക്കുകയാണ്. 4ജി സംവിധാനം നിലവില്‍ വന്നതോടെ ഇന്റര്‍നെറ്റ്‌വേഗത വര്‍ധിച്ചിട്ടുണ്ടെങ്കിലും ടവറില്‍ നിന്നുളള പ്രസരണശേഷി രണ്ട് കിലോമീറ്ററില്‍ നിന്ന് 800 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."