മാവോയിസ്റ്റ് പ്രവര്‍ത്തകനെന്ന് സംശയം; അവശനിലയില്‍കണ്ട യുവാവിനെ പൊലിസിന് കൈമാറി
എടക്കര: മാവോയിസ്റ്റെന്ന് സംശയത്തെത്തുടര്‍ന്ന് വനത്തില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ വനപാലകര്‍ പിടികൂടി പൊലിസിന് കൈമാറി. കരുളായി വനത്തിലെ മുണ്ടക്കടവ് കോളനിക്ക് സമീപമാണ് ആദിവാസികള്‍ ഇയാളെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കാട്ടാനയോടിച്ച് അവശനായ നിലയിലായിരുന്നു ഇയാള്‍. ആദിവാസികള്‍ പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ വിവരമറിയിക്കുകയും അവരെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെ ഒരു ഗാര്‍ഡും ഇയാളെ വനത്തില്‍വച്ച് കണ്ടിരുന്നു. എടക്കര പൊലിസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അന്യസംസ്ഥാനക്കാരനെന്ന് സംശയിക്കുന്ന ഇയാള്‍ പോലിസിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ല. 35 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ മാനസികരോഗിയാണെന്ന നിഗമനത്തിലാണ് പൊലിസ്. മുഷിഞ്ഞ വേഷമായിരുന്നു ഇയാളുടേത്. കൈവശമുള്ള സഞ്ചിയില്‍നിന്നു ശിവഗിരി മഠവുമായി ബന്ധപ്പെട്ട ബുക്ക്ലെറ്റുകളും പ്ലാസ്റ്റിക് ഡപ്പികളും കണ്ടെത്തിയിട്ടുണ്ട്. എടക്കര സ്റ്റേഷനില്‍നിന്നു പിന്നീട് ഇയാളെ വഴിക്കടവ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ജില്ലാ പോലിസ് മേധാവി പ്രദീഷ് കുമാര്‍ വഴിക്കടവ് സ്റ്റേഷനില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."