നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കയറ്റം: സാധാരണക്കാരുടെ ജീവിതം താളം തെറ്റുന്നു
കഞ്ചിക്കോട്: കറന്‍സിനിരോധനത്തിനു പുറമെ പച്ചക്കറിയുടെയും അരിയുടെയും രൂക്ഷമായ വിലക്കയറ്റം മൂലം ജനജീവിതം പാടെ സ്തംഭിക്കുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമാണിപ്പോള്‍. പച്ചക്കറികളാവട്ടെ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയിലുമെത്തി. ബ്രാന്റഡ് അരികള്‍ക്ക് കിലോഗ്രാമിന് 80 രൂപയും കടന്നു. വിലക്കയറ്റം മുന്‍കൂട്ടി അറിഞ്ഞിട്ടും ഇത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെടുകയാണ്. കൊടും വരള്‍ച്ച, വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്. നിത്യജീവിതം തള്ളി നീക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് സാധാരണ ജനവിഭാഗങ്ങള്‍. സംസ്ഥാനം ഇപ്പോള്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണെന്ന് ഉന്നത അധികൃതര്‍ പോലും സമ്മതിക്കുന്നു.
സംസ്ഥാനത്തെ വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ പോലും ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് സമയം ഇല്ല. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വെറും നോക്കുകുത്തികളായി മാറിയതോടെ വില ഇരട്ടിയിലേറെയായി. ഇതിനുപുറമെ പച്ചക്കറികളുടെ വില ഭൂരിപക്ഷവും അഞ്ചിരട്ടി വരെ വര്‍ദ്ധിച്ചു. പരിപ്പിന്റെയും പയറുവര്‍ഗങ്ങളുടെയും വില കുത്തനെ ഉയര്‍ന്നു.
റേഷന്‍ സംവിധാനങ്ങളാവട്ടെ കുത്തഴിഞ്ഞ നിലയിലുമായി. സപ്ലൈകോ ഉള്‍പ്പടെയുള്ള സിവില്‍ സപ്ലൈസിന്റെ ഭൂരിഭാഗം കടകളിലും മിക്കസാധനങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. സബ്‌സിഡി സാധനങ്ങള്‍ കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പച്ചക്കറികളുടെ ന്യായവില കടകളും നോക്കുകുത്തികളായി മാറി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വഴിപാട് കേന്ദ്രങ്ങളായി സപ്ലൈകോ മാറുകയും ചെയ്യുകയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍.
ജില്ലയിലെ പല ഭാഗങ്ങളിലും സാധാരണക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. നോട്ട് പ്രതിസന്ധി, കടുത്ത വരള്‍ച്ച, തൊഴിലില്ലായ്മ എന്നിവ മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നതിനിടെ എത്തിയ വിലക്കയറ്റം ആര്‍ക്കും താങ്ങാവുന്നതിലുമപ്പുറമാണ്.
വിദ്യാഭ്യാസ ചെലവുകളാവട്ടെ ഒഴിച്ചു കൂടാനാവാത്തതാണ്. ന്യായവില കടകള്‍ ആരംഭിക്കുവാനോ, സപ്ലൈകോ, മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ നല്‍കുവാനോ കഴിയാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."