സമസ്ത ഉപാധ്യക്ഷന്‍ മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ വഫാത്തായി
മംഗളൂരു: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ മീത്തബൈല്‍ കെ.പി. അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ (71) വഫാത്തായി. ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 6.30ഓടെ മംഗളൂരു മിത്തബയലിലെ സ്വവസതിയിലായിരുന്നു അന്ത്യം. ലക്ഷദീപിലെ കില്‍ത്താനില്‍ ജനിച്ച അദ്ദേഹം മംഗലാപുരം കേന്ദ്രീകരിച്ചായിരുന്ന പ്രവര്‍ത്തിച്ചിരുന്നത്. ദീര്‍ഘ കാലമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം 2017 ജനുവരി 22നാണ് സമസ്ത വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി മീത്തബൈല്‍ ജുമാമസ്ജിദില്‍ മുദരിസായി സേവനമനുഷ്ഠിക്കുന്നു. വെല്ലൂര്‍ ബാഖിയ്യാത്ത്, പൊന്നാനി, ദയൂബന്ത് എന്നിവിടങ്ങളിലായിരുന്നു പഠനം.
മര്‍ഹൂം കോയണ്ണി മുസ്‌ലിയാര്‍, കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,നാട്ടിക വി.മൂസ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സഹപാഠികളാണ്. സക്കീനബീവിയാണ് ഭാര്യ.
മക്കള്‍: മുഹമ്മദ് ഇര്‍ഷാദ് ദാരിമി (മുഅല്ലിം, മിത്തബയല്‍ മുഹ്‌യുദീന്‍ മദ്‌റസ), ഹാഷിം അര്‍ഷദി (മുഅല്ലിം, താലിപ്പടപ്പ് മദ്‌റസ), ഫത്തഹുല്ല ദാരിമി (താലിപ്പടപ്പ് മസ്ജിദ് ഖത്തീബ്), മുന്‍സിര്‍ അര്‍ഷദി (മുഅല്ലിം, താലിപ്പടപ്പ് മദ്‌റസ), ജള്‌വാന്‍ അസ്ഹരി ഫൈസി (മുഅല്ലിം, നെഹ്‌റു നഗര്‍ മദ്‌റസ), മുഹമ്മദലി അര്‍ഷദി (താലിപ്പടപ്പ് ഹിഫല്‍ല്‍ഖുര്‍ആന്‍ കോളജ് അധ്യാപകന്‍), അബ്ദുറഹ്മാന്‍ അന്‍സാരി (മുഅല്ലിം, താലിപ്പടപ്പ് മദ്‌റസ), ഇബ്രാഹിം, അബൂബക്കര്‍ (ഇരുവരും പയ്യക്കി ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥികള്‍, ഉപ്പള), അബ്ദുല്ല (കജെ, കര്‍ണാടക), നസീബ, ഫാത്തിമ. മരുമക്കള്‍: റഹ്മത്ത്, നഫീസത്ത്ബി, തല്‍ഹ, മുഹസിന്‍ ഫൈസി (ഖത്തീബ്, താഴെ മിത്തബയല്‍ അറഫാ മസ്ജിദ്), ഹക്കീം യമാനി (മുഅല്ലിം, താലിപ്പടപ്പ് മദ്‌റസ), ജസീറ, ഷാക്കിറ. സഹോദരങ്ങള്‍: ഡോ. ആറ്റക്കോയ (ലക്ഷദ്വീപ് കില്‍താനി ദ്വീപ്), അസ്ഹര്‍ ഫൈസി, നാസര്‍ ഫൈസി (ഇമാം പടന്ന മസ്ജിദ്), മുഹമ്മദ് റാസി (ലക്ഷദ്വീപ് കില്‍താനി ദ്വീപ്), ബീവി കദീജ, പരേതരായ കുഞ്ഞിക്കോയ, റുഖിയ ബി.
ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്കു 12ന് മിത്തബയല്‍ മുഹ്‌യുദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മയ്യിത്ത് ബുധനാഴ്ച സുബഹി നിസ്‌കാരാനന്തരം മുഹ്‌യുദീന്‍ ജുമാമസ്ജിദ് പരിസരത്ത് പൊതുദര്‍ശനത്തിനു വയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."