വിജിലന്‍സിനെതിരേ കടുത്ത വിമര്‍ശവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാന വിജിലന്‍സിനെതിരേ കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണു വിജിലന്‍സ് അന്വേഷിക്കേണ്ടതെന്നും ഇപ്പോഴത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചില മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
മുന്‍മന്ത്രി ഇ.പി.ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് റദ്ദാക്കാന്‍ രണ്ടാംപ്രതി സുധീര്‍നമ്പ്യാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണു സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം. ഈ കേസ് നിലനില്‍ക്കുമോയെന്നതു സംശയമാണെന്നു പറഞ്ഞ ഹൈക്കോടതി ഹരജിക്കാരനെതിരേയുള്ള അന്വേഷണ നടപടികള്‍ ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം, അച്ചടക്ക നടപടി എന്നിവയുടെ നിയമസാധുത വിജിലന്‍സല്ല പരിശോധിക്കേണ്ടതെന്നും ഇത്തരം പരാതികള്‍ വര്‍ധിച്ചുവരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
നിയമനം നടത്തിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ നിയമനം കൊണ്ട് ആര്‍ക്കെങ്കിലും നേട്ടമോ ലാഭമോ ഉണ്ടായോ, അഴിമതി നിരോധന നിയമപ്രകാരം എന്ത് അഴിമതിയാണ് ഈ കേസില്‍ വിജിലന്‍സ് അന്വേഷിക്കുന്നത്. മന്ത്രിയുടെ അധികാരം വിനിയോഗിച്ചു നടത്തിയ നിയമനം ഔദ്യോഗികപദവിയുടെ ദുരുപയോഗമാണോ, വകുപ്പു മന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് ബാധ്യതയില്ലേ, ചട്ടവും നടപടിക്രമങ്ങളും ബാധകമായ റെഗുലര്‍ നിയമനമാണോ, നിയമന ഉത്തരവിന്റെ സാധുതയും ഔചിത്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണു കോടതി ആവശ്യപ്പെട്ടത്.
ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാര്‍ സര്‍വിസിലെ നിയമനം, പ്രൊമോഷന്‍, അച്ചടക്ക നടപടി തുടങ്ങിയവയുടെ നിയമസാധുത പരിശോധിക്കാന്‍ ഭരണഘടനാപരവും നീതിന്യായപരവുമായ സംവിധാനമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അധികാരം ഒരു സാഹചര്യത്തിലും വിജിലന്‍സ് പോലെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. നിയമ വിരുദ്ധമായി ഇത്തരം നടപടികള്‍ വിജിലന്‍സ് സ്വീകരിച്ചാല്‍ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും സംരക്ഷണത്തിനായി കോടതിക്ക് ഇടപെടേണ്ടി വരും എന്നും കോടതി വ്യക്തമാക്കി.
ഇ.പി.ജയരാജന്‍ വ്യവസായമന്ത്രിയായിരിക്കെ അനന്തിരവനും മുന്‍മന്ത്രി പി.കെ.ശ്രീമതി എം.പിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഏന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചതാണു വിജിലന്‍സ് അന്വേഷിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് സുധീര്‍ നമ്പ്യാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇയാള്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഒക്ടോബര്‍ 13നു മറ്റൊരു ഉത്തരവിലൂടെ റദ്ദാക്കി. എന്നിട്ടും വിജിലന്‍സ് അന്വേഷണം തുടരുന്നതിനെയാണു ഹരജിക്കാരന്‍ ചോദ്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."