'ഗവര്‍ണറുടെ പ്രസ്താവന ശരിയായില്ല' ബി.ജെ.പിയെ വെട്ടിലാക്കി ഒ.രാജഗോപാല്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ ഗവര്ണര്ക്കൊപ്പമായിരുന്ന ബി.ജെ.പിയെ വെട്ടിലാക്കി പാര്‍ട്ടിയുടെ ഏക എം.എല്‍.എ ഒ.രാജഗോപാല്‍. ഗവര്‍ണറുടെ പരസ്യപ്രസ്താവന ശരിയായില്ലെന്നും ഗവര്‍ണറും സര്‍ക്കാരും സംയമനം പാലിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായി ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും നല്ല ബന്ധമാണ്. അതിനാല്‍ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും. ഭരണഘടനാപ്രകാരം ഗവര്‍ണര്‍ തന്നെയാണ് സംസ്ഥാനത്തിന്റെ തലവന്‍.
എന്നാല്‍, രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കൂടുതല്‍ അധികാരം. ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്യമായി കുറ്റംപറയുന്നത് ശരിയല്ല. ഇരുവരുടെയും ഭാഗത്ത് വീഴ്ചയുണ്ടായി. രാഷ്ട്രീയം നോക്കിയല്ല, കേരളത്തിലെ പൗരനെന്ന നിലയിലാണ് താന്‍ വേറിട്ട നിലപാട് പറയുന്നതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ഉപയോഗിക്കുമ്പോഴാണ് രാജഗോപാലിന്റെ പ്രസ്താവന.
മുന്‍പ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ പി.ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തും പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കുമ്പോള്‍ ഇറങ്ങിപ്പോകാതെയും രാജഗോപാല്‍ ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."