ഹര്‍ത്താല്‍ നിയമം മൂലം നിരോധിക്കണം
ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും വ്യക്തികളും ഏഴു ദിവസം മുമ്പ് പൊതുനോട്ടിസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്. ഇതുവഴി പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാവകാശം ലഭിക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം. ജനജീവിതം സ്തംഭിപ്പിക്കുന്ന ഹര്‍ത്താലുകളും സമരങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, തൃശൂരിലെ മലയാള വേദി തുടങ്ങിയവര്‍ ഹരജി സമര്‍പ്പിച്ചത്. ഹര്‍ത്താല്‍ നിയമപരമായി നിലനില്‍ക്കുന്നുവെന്നതിനാല്‍ നിയമനിര്‍മാണത്തിലൂടെ മാത്രമേ അത് എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ കഴിയൂ. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കിയതുകൊണ്ട് പൗരന്റെ നിഷേധിക്കപ്പെടുന്ന തൊഴിലെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും കിട്ടുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരുടെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റു പൗരരുടെ മൗലികാവകാശങ്ങള്‍ ഹനിച്ചുകൊണ്ടാകരുതെന്ന് കോടതി പറയുന്നു. ഹര്‍ത്താല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിഷേധിക്കാനുള്ള അവകാശമെന്നാണ്. എന്നാല്‍, ഹര്‍ത്താല്‍ ഇന്ന് ബന്ദിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളും മറ്റു ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷം, ഹര്‍ത്താല്‍, ബന്ദ്, പ്രതിഷേധ പ്രകടനം, റോഡ് ഉപരോധം എന്നിവക്കിടെ സ്വകാര്യ സ്വത്തുക്കള്‍ക്കു നേരെ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയോ തീവയ്ക്കുകയോ ചെയ്താല്‍ ജീവപര്യന്തം വരെ തടവോ 10 വര്‍ഷം വരെ തടവും പിഴയുമോ ശിക്ഷ വിധിക്കുന്ന ഓര്‍ഡിനന്‍സിനും ഇതിനിടെ ഇടതുമുന്നണി സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും അധികം ഹര്‍ത്താലുകള്‍ നടത്തുകയും പൊതുമുതലുകളും സ്വകാര്യ സ്വത്തുക്കളും വലിയതോതില്‍ നശിപ്പിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തന്നെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നു എന്നത് ആശാവഹം തന്നെ.
നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറിനിന്ന് നാശനഷ്ടങ്ങള്‍ വരുത്തിയവരില്‍ ഇന്നത്തെ സ്പീക്കര്‍ ശ്രീ പി. രാമകൃഷ്ണനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഉണ്ടായിരുന്നു. അത്തരമൊരു പാര്‍ട്ടി തന്നെ ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടാകുന്ന ആക്രമണങ്ങളില്‍ സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരേ നിയമ നിര്‍മാണവുമായി രംഗത്തെത്തിയത് അഭിനന്ദനീയമാണ്. എന്നാല്‍, ഹര്‍ത്താല്‍ നിയമം വഴി നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറുമല്ല.
ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായി നടന്ന അക്രമമാണ് സര്‍ക്കാരിനെ ഇത്തരമൊരു നിയമമുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, അക്രമത്തിന്റെ കാര്യത്തിലും പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിലും തൊഴിലെടുക്കാനുള്ള അവന്റെ അവകാശത്തെ തടയുന്നതിലും വസ്തുവകകള്‍ നശിപ്പിക്കുന്നതിലും സി.പി.എം ഒട്ടുംപിന്നിലല്ല.
2009ലാണ് സുപ്രിംകോടതി ബന്ദ് നിരോധിച്ചത്. ബന്ദ് പൗരന്റെ തൊഴിലെടുക്കാനുള്ള അവകാശത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും ധ്വംസിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സുപ്രിംകോടതിയില്‍ നിന്ന് ഇത്തരമൊരു ഉത്തരവുണ്ടായത്. 2013ല്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രസര്‍ക്കാരിനോടും വിധി നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ ആരായുകയുണ്ടായി. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന മാര്‍ഗരേഖയും അന്ന് സുപ്രിംകോടതി പുറത്തിറക്കി. പക്ഷെ ഒന്നും നടപ്പായില്ല.
ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഹര്‍ത്താലില്‍ നടത്തുന്ന അക്രമത്തിന്റെയും പൊതുമുതല്‍ നശിപ്പിച്ചതിന്റെയും കേസുകള്‍ അതേ പാര്‍ട്ടി അടുത്ത തവണ ആ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ പിന്‍വലിക്കാറാണ് പതിവ്. സ്പീക്കറുടെ ഡയസ് തകര്‍ത്ത അന്നത്തെ പ്രതിപക്ഷമായ ഇടതു മുന്നണി ഇന്ന് അധികാരത്തിലാണ്. ആ കേസ് അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ പിന്‍വലിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഹര്‍ത്താലിനെതിരെ ആത്മാര്‍ഥതയോടെ സംസാരിക്കാനാവില്ല. കാരണം ഹര്‍ത്താലിനെ അവര്‍ കാണുന്നത് അവരുടെ ശക്തിപ്രകടനമായാണ്. ഓരോ പാര്‍ട്ടികളും ഹര്‍ത്താലില്‍ അക്രമവുമായി പൗരാവകാശങ്ങള്‍ക്കു നേരെ ചാടിപ്പുറപ്പെടുന്നത് അവരുടെ ശക്തി നിസ്സഹായരായ ജനതയുടെ മേല്‍ പ്രയോഗിക്കാനാണ്. നിയമം വഴിയല്ലാതെ ഈ കാടന്‍സമരം അവസാനിപ്പിക്കാനാവില്ല.
ഹര്‍ത്താല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭരണകൂടത്തോടുള്ള പ്രതിഷേധം വ്യക്തമാക്കാന്‍ ആരുടെയും സമ്മര്‍ദം കൂടാതെ നടത്തുന്ന സമരമുറയായാണ്. ഇതിനായി വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും ഗോഡൗണുകളും അതിന്റെ ഉടമകള്‍ സ്വയം അടച്ചിടുന്നു. മഹാത്മാഗാന്ധിയാണ് ഈ സമരമുറ ആദ്യമായി ഇന്ത്യയില്‍ പരീക്ഷിച്ചത്. ബ്രിട്ടിഷ് സര്‍ക്കാര്‍ 1919ല്‍ കൊണ്ടുവന്ന റൗലത്ത് ആക്ടിനെതിരേയാണ് ആദ്യമായി ഗാന്ധിജി ഈ സമരമുറ പ്രയോഗിച്ചത്. സംശയം തോന്നുന്ന ഇന്ത്യക്കാരെ വിചാരണ കൂടാതെ രണ്ടു വര്‍ഷംവരെ തടവില്‍വയ്ക്കുന്ന ബ്രിട്ടിഷ് നിയമമായിരുന്നു റൗലത്ത് ആക്ട്. ഇതിനെതിരേയാണ് ജനാധിപത്യ രീതിയിലുള്ള ഹര്‍ത്താലിന് ഗാന്ധിജി ആഹ്വാനം ചെയ്തത്.
ഇന്ത്യക്കാരുടെ പൗരാവകാശങ്ങള്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ക്രൂരമായി വെട്ടിക്കുറച്ചതിനെതിരേയായിരുന്നു ഗാന്ധിജി ഹര്‍ത്താല്‍ നടത്തിയതെങ്കില്‍ ഇന്നത്തെ ഹര്‍ത്താല്‍ പൗരാവകാശങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തുന്ന പതനത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരു വര്‍ഷം കേരളത്തില്‍ 95 ഹര്‍ത്താലുകള്‍ നടക്കുന്നുവോ എന്ന് ചോദിച്ച് കോടതി അത്ഭുതം കൂറിയിരിക്കുന്നു. എന്നാല്‍, ശരാശരി ഒരു വര്‍ഷം നൂറു ഹര്‍ത്താലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ഹര്‍ത്താലുകള്‍ നടക്കുന്നില്ല. 2006ല്‍ 223 ഹര്‍ത്താലുകള്‍ കേരളത്തിലുണ്ടായി. അന്ന് 200 കോടിയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. കെ.എസ്.ആര്‍.ടി.സിക്ക് പത്തു കോടി രൂപയുടെ നഷ്ടവും.
ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധമുറയായ ഹര്‍ത്താലിന്റെ മൂല്യം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. ഭരണകൂടത്തോടു വിയോജിപ്പ് പ്രകടിപ്പിക്കുന്ന പ്രതിഷേധമുറ കടുത്ത മനുഷ്യാവകാശ ലംഘനമായി പരിണമിച്ചിരിക്കുന്നു. നാലാള്‍ വിചാരിച്ചാല്‍ നാടിനെ സ്തംഭിപ്പിക്കുന്ന പരുവത്തിലെത്തിയിരിക്കുകയാണ് ഹര്‍ത്താലുകള്‍. 2008ല്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് ഹര്‍ത്താലിനെതിരെ നിയമം നിര്‍മിക്കണമെന്ന് കേരള സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടതാണ്. ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്താതെ കോടതികള്‍ക്ക് ഇടപെടാനാവില്ല.
ബന്ദ് ഭരണഘടനാ വിരുദ്ധമാണെന്ന നിഗമനത്തിലാണ് കോടതി അതു നിരോധിച്ചത്. എന്നാല്‍, ഹര്‍ത്താല്‍ ബന്ദിന്റെ ബീഭത്സരൂപം പൂണ്ട് ഇന്നത്തെ അവസ്ഥയിലെത്തിയിരിക്കുന്നു. സമ്മര്‍ദം ചെലുത്താതെയുള്ള ഹര്‍ത്താല്‍ അക്രമ സ്വഭാവം കൈക്കൊള്ളുമ്പോള്‍ അത് പൗരന്റെ അവകാശങ്ങളെയാണ് റദ്ദാക്കുന്നത്. അപ്പോഴത് ഭരണഘടനാവിരുദ്ധവുമായി മാറുന്നു. ഹര്‍ത്താല്‍ ഭരണഘടനാപരമാണെന്ന വാദത്തിന് സാങ്കേതികമായ നിലനില്‍പ്പ് മാത്രമേയുള്ളൂ. ജനങ്ങള്‍ ഇന്ന് സ്വമേധയാ ഹര്‍ത്താലില്‍ പങ്കെടുക്കുന്നില്ല. പേടിച്ചു വീട്ടിനുള്ളില്‍ കഴിയാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഈ അവസ്ഥ മാറണം. പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകള്‍ അനുവദിക്കാനാവില്ല. ഇതിനെതിരെ ഭരണകൂടങ്ങള്‍ ഇനിയും കണ്ണടയ്ക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടുംചേര്‍ന്നതല്ല. ഹര്‍ത്താലുകള്‍ നിയമനിര്‍മാണം വഴി നിരോധിക്കുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."