എന്‍.ആര്.സി അല്ല; രാജ്യത്തിന് ആവശ്യം തൊഴിലില്ലാത്ത യുവാക്കളുടെ രജിസ്റ്ററാണ്: പ്രകാശ് രാജ്
ഹൈദരാബാദ്: തൊഴിലില്ലാത്ത യുവതയുടേയും വിദ്യാഭ്യാസം ലഭിക്കാത്ത കുഞ്ഞുങ്ങളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് രാജ്യത്തിന് ആവശ്യമെന്ന് നടന് പ്രകാശ് രാജ്. സി.എ.എ, എന്‍.ആര്.സി, എന്‍.പി.ആര് എന്നിവയ്ക്കെതിരെ ഹൈദരാബാദില്‍ നടന്ന പ്രതിഷേധസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യം എല്ലാവരുടേതുമാണ്. 3000 കോടിയുടെ പ്രതിമയോ പൗരത്വ രജിസ്റ്ററോ അല്ല, രാജ്യത്തിന് ആവശ്യം തൊഴിലില്ലാത്ത യുവതയുടേയും വിദ്യാഭ്യാസം ലഭിക്കാത്ത കുഞ്ഞുങ്ങളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭങ്ങള്‍ അക്രമത്തിലേക്ക് കടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അക്രമരഹിത പാതയില്‍ പ്രക്ഷോഭത്തെ നയിക്കാന്‍ സമര സംഘാടകര്‍ ശ്രദ്ധിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.
രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രമീമാംസ പഠിപ്പിച്ച് ഒരു ഡിഗ്രി എടുക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
എന്‍.ആര്.സി, പൗരത്വ നിയമം ഇവയെല്ലാം തട്ടിപ്പാണ്. അസമില്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചു. മുസ്ലിമായതിന്റെ പേരില്‍ കാര്‍ഗില്‍ യുദ്ധവീരന്റെ പേരും എന്‍.ആര്.സിയില്‍ നിന്ന് ഒഴിവാക്കിയെന്നും പ്രകാശ് രാജ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."