ട്രംപും മോദിയും ടെലിഫോണ്‍ സംഭാഷണം നടത്തി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ സംഭാഷണം നടത്തി. വ്യാപാര തര്‍ക്കങ്ങള്‍, അഫ്ഗാനിസ്ഥാനിലെ സഹകരണം തുടങ്ങിയവ ഇരുവരും ചര്‍ച്ച ചെയ്തു. യു.എസ്-ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ഇരു നേതാക്കള്‍ക്കിടയിലുള്ള ചര്‍ച്ചയില്‍ ധാരണയായെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തല്‍, ഇന്തോ പസഫിക് മേഖലയിലെ സുരക്ഷ വ്യാപിപ്പിക്കല്‍, അഫ്ഗാനിലെ സഹകരണം വര്‍ധിപ്പിക്കല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഇരു നേതാക്കളും പുതുവത്സര ആശംസകള്‍ നേര്‍ന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിനു പിന്നാലെയാണ് ട്രംപുമായി മോദി ചര്‍ച്ച നടത്തിയത്. 2018 ലെ ഇന്ത്യ യു.എസ് ബന്ധങ്ങളില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അലൂമിനിയം, സ്റ്റീല്‍ ഉല്പന്നങ്ങള്ക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരേ തിരിച്ചടിക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയെങ്കിലും ഇതുവരെ നടപടികളൊന്നുമെടുത്തില്ല.
അഫ്ഗാനിസ്ഥാനില്‍നിന്ന് ഭാഗികമായി സൈന്യത്തെ പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 14,000 യു.എസ് സൈനികരാണ് അഫ്ഗാനിലുള്ളത്. ഇതില്‍ 5,000 പേരെ പിന്‍വലിക്കാനാണ് നീക്കം. അഫ്ഗാന് യുദ്ധത്തില്‍ ഇന്ത്യ പങ്കാളികളാവണമെന്ന് യു.എസ് സമ്മര്‍ദം ചെലത്തിയെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."