പുറ്റിങ്ങല്‍ ദുരന്തത്തിലകപ്പെട്ടവര്‍ക്ക് മെഡിക്കല്‍ കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ ധനസഹായം
തിരുവനന്തപുരം: പുറ്റിങ്ങല്‍ ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കുള്ള മെഡിക്കല്‍ കോളേജ് അലുംനി അസോസിയേഷന്‍ നല്‍കുന്ന ധനസഹായം ഫെബ്രുവരി 26ന് രാവിലെ 10.30ന് മെഡിക്കല്‍ കോളജ് ഡയമണ്ട് ജൂബിലി അലുംനി ഓഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി വിതരണം ചെയ്യും. ഇതോടൊപ്പം മെഡിക്കല്‍ കോളജിന്റെ 65-ാമത് വാര്‍ഷികാഘോഷവും അലുംനി അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യും. മരണമടഞ്ഞവരുടെ 21 കുട്ടികള്‍ക്കും സ്ഥിരമായ അംഗവൈകല്യം സംഭവിച്ച 20 പേര്‍ക്കുമാണ് 12 ലക്ഷം രൂപ ധനസഹായം നല്‍കുന്നത്. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ 4 ലക്ഷവും അമേരിക്കയിലെ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഗ്രാഡുവേറ്റ്‌സ് 4 ലക്ഷവും അലുംനി അസോസിയേഷന്‍ 4 ലക്ഷവും നല്‍കിയാണ് ഈ ധനസഹായം യാഥാര്‍ത്ഥ്യമാക്കുന്നത്.
സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡ പിള്ള, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഫെബ്രുവരി 24, 26 തിയതികളിലാണ് വാര്‍ഷിക സമ്മേളനം നടക്കുക. ഇന്ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ രമേഷ് പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന കോമഡി നൈറ്റ് ഷോ, ഡോ. തോമസ് മാത്യുവിന്റെ സ്‌കിറ്റ്, വിമണ്‍ ഐഎം.എയും മെഡിക്കോസും ചേര്‍ന്നവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, മ്യൂസിക്കല്‍ ഷോ എന്നിവ ഉണ്ടായിരിക്കും. 26ാം തിയതി രാവിലെ 9.15ന് അറുപത്തഞ്ചാമത് മെഡിക്കല്‍ കോളജ് വാര്‍ഷിക പ്രഭാഷണം നടക്കും. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കാലോചിതമായ മാറ്റങ്ങള്‍ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും എത്തിക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് നിരവധി സിമ്പോസിയങ്ങളാണ് വര്‍ഷംതോറും അലുംനി അസോസിയേഷന്‍ സംഘടിപ്പിക്കാറുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പ്രതിവര്‍ഷം 50 വിദ്യാര്‍ഥികള്‍ക്ക് നാല് ലക്ഷം രൂപയോളം മുടക്കി 12 വര്‍ഷമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. ഇത് കൂടാതെയാണ് പുറ്റിങ്ങല്‍ ദുരന്തബാധിതര്‍ക്കായി 12 ലക്ഷം രൂപ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."