വിഴിഞ്ഞം തുറമുഖം: യൂനിയന്‍ പ്രശ്‌നങ്ങള്‍ കല്ലുകടിയാകുന്നു
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട യൂനിയന്‍ പ്രശ്‌നങ്ങള്‍ കല്ല് കടിയാവുന്നു. വാര്‍ഫ് നിര്‍മാണത്തിനായി എട്ട് ട്രെയിലര്‍ ലോറികളില്‍ കൊണ്ടുവന്ന കൂറ്റന്‍ ഉരുക്ക് ഷീറ്റുകള്‍ ഇറക്കാന്‍ ലേബര്‍ ഓഫിസര്‍ക്ക് ഇടപെടെണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം മുല്ലൂരില്‍ കൊണ്ടുവന്ന ഉരുക്ക് പാളികള്‍ ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ക്രെയിനിന്റെ സഹായത്തോടെ ഇറക്കി താല്‍ക്കാലിക പരിഹാരം കണ്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇനി വരുന്ന ഉപകരണങ്ങള്‍ ഇറക്കുന്നത് തടയുമെന്ന മുന്നറിയിപ്പും കയറ്റിറക്ക് തൊഴിലാളികള്‍ നല്‍കിയതായും അറിയുന്നു.
കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞതോടെ പണി തടസപ്പെട്ടാല്‍ സംഭവം ഗൗരവമായെടുക്കുമെന്ന് അദാനി ഗ്രൂപ്പധികൃതര്‍ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. നിര്‍മാണ സാമഗ്രികള്‍ ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നോക്കുകൂലി വേണമെന്ന ഒരു വിഭാഗം ആവശ്യപ്പെട്ടതും അധികൃതരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് ഇറക്കാന്‍ സാധിക്കുന്ന ഒരു ലോഡ് ഇരുമ്പ് ഷീറ്റുകള്‍ ഏറെ തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമൊടുവില്‍ യൂനിയന്‍ തൊഴിലാളികള്‍ തന്നെ രണ്ട് ദിവസം മുന്‍പ് ഇറക്കിയിരുന്നു. പക്ഷെ തുടര്‍ച്ചെയായി ഇനി എത്താനിരിക്കുന്ന കൂറ്റന്‍ യന്ത്രസാമഗ്രികളും മറ്റും മനുഷ്യനെ കൊണ്ട് യഥാസമയം ഇറക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
എല്ലാ നിര്‍മാണവസ്തുക്കളും വിഴിഞ്ഞത്ത് എത്തിച്ച് അടുത്ത മാസം മൂന്നാം വാരം തുറമുഖത്തിന്റെ അടിസ്ഥാനമായ വാര്‍ഫ് നിര്‍മാണം ആരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. ഇതിനിടയിലാണ് ലോഡിറക്ക് വിഷയത്തിലുള്ള തര്‍ക്കം പരിഹാരം കാണാതെ നീണ്ടുപോകുന്നത്. കൂടാതെ നിര്‍മാണ ഏരിയ വരുന്ന മുല്ലൂര്‍, കോട്ടപ്പുറം ഭാഗങ്ങളിലെ യൂനിയന്‍ തൊഴിലാളികള്‍ തമ്മിലുള്ള ലോഡിറക്ക് അവകാശവാദ തര്‍ക്കവും വിനയായതായിഅധികൃതര്‍ പറയുന്നു. പ്രശ്‌നം പരിഹാരമില്ലാതെ നീണ്ടുപോയാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കാലതാമസമുണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നു. വിഴിഞ്ഞം മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ആയിരക്കണക്കിന് ടണ്‍ ഉരുക്ക് ഷീറ്റുകളും അനുബന്ധ വസ്തുക്കളും അടുത്ത ദിവസങ്ങളിലായി നിര്‍മാണ സ്ഥലത്ത് എത്തേണ്ടതുണ്ട്. ഓഫിസ് കണ്ടെയ്‌നറുകളും കഴിഞ്ഞ ദിവസങ്ങളിലായി നിര്‍മാണ സ്ഥലത്ത് കൊണ്ടുവന്നു. അതോടൊപ്പം പൈലിംഗിനായുള്ള കപ്പലും വിഴിഞ്ഞത്ത് ഉടന്‍ നങ്കൂരമിടും. കയറ്റിറക്ക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ സാമഗ്രികള്‍ എത്തിക്കുന്നതിന് തടസമുണ്ടാകും. ഇത് വാര്‍ഫ് നിര്‍മാണത്തെയും മന്ദഗതിയിലാക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."