എന്‍ഡോസള്‍ഫാന്‍ ഇര ഷെഫീഖിന് കണ്ണീര്‍മൊഴി
തിരുവനന്തപുരം: കശുവണ്ടികൃഷിയുടെ പേരില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പെയ്തിറക്കിയ വിഷമഴയ്ക്ക് ഇരയായ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷെഫീഖിന് വള്ളക്കടവ് ജുമുആ മസ്ജിദില്‍ അന്ത്യവിശ്രമം. മൃതദേഹം ഇന്നലെ വള്ളക്കടവ് ജമാഅത്ത് ഭാരവാഹികള്‍ ഏറ്റുവാങ്ങി ഖബറടക്കി.
ഇമാം മുഹമ്മദ് അനസ് മിസ്ബാഹിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തു.ഗാന്ധിഭവന്‍ ഭാരവാഹികളും അവസാന യാത്രയേകാന്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ കോളജ് ഐ.സി.യുവിലാണ് ഷെഫീഖ് മരിച്ചത്. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം വിട്ടുകിട്ടാന്‍ പത്തനാപുരത്തെയും മെഡിക്കല്‍ കോളജിലെയും പൊലിസ് സ്റ്റേഷനുകളിലും ആശുപത്രി സൂപ്രണ്ട് ഓഫിസിലുമായി ഷെഫീഖിന്റെ ഉമ്മ അനാര്‍ക്കലിയും ഗാന്ധിഭവനിലെ ഭാരവാഹികളും രണ്ടുദിവസം ഓടിനടന്നു. പൊലിസിന്റെയും ആശുപത്രി അധികൃതരുടെയും തികഞ്ഞ അനാസ്ഥയാണ് ഈ വിഷയത്തിലുണ്ടായത്. ഒടുവില്‍ വി.എസ് അച്യുതാനന്ദന്റെ ഓഫിസില്‍നിന്നു ഇടപെടലുണ്ടായ ശേഷമാണ് മയ്യിത്ത് ആശുപത്രിയില്‍ നിന്നു വിട്ടുകിട്ടിയത്.
കാസര്‍കോഡ് ഉപ്പള ഗ്രാമത്തിലെ വിഷഭൂമിയില്‍ ജനിച്ച 17 വയസുള്ള മുഹമ്മദ് ഷെഫീഖ് ചികിത്സയും പരിചരണവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പത്തനാപും ഗാന്ധി ഭവനിലെത്തിയത്. പിതാവ് നേരത്തേ മരിച്ചു. മാതാവ് മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്.
ഷെഫീഖിന്റെ 16ാം ജന്മദിനം കഴിഞ്ഞമാസം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചിരുന്നു.
കണ്ണിന് കാഴ്ച കുറഞ്ഞു നാവുതള്ളിയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിട്ട ഷെഫീഖിന് പത്തു ദിവസങ്ങള്‍ക്കു മുന്‍പാണ് രോഗം കലശലായത്.
പുനലൂര്‍ ഗവ. ആശുപത്രിയിലെ ഒരാഴ്ചത്തെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഗാന്ധിഭവന്‍ ,ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരം തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തു.
കൂട്ടിന് ഉമ്മ അനാര്‍ക്കലിയും ഗാന്ധിഭവനിലെ മറ്റൊരു അന്തേവാസിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി സകല ദുരിതങ്ങളോടും വിടപറഞ്ഞ് ഷെഫീഖ് യാത്രയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."