കാട്ടുതീ ഭീഷണി: ചെമ്പ്രയില്‍ സഞ്ചാരികളെ വിലക്കും
അന്തിമ തീരുമാനം ഇന്ന്
മേപ്പാടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഈ മാസം പതിനഞ്ച് മുതല്‍ നിര്‍ത്തി വച്ചേക്കും. കാട്ടുതീ കണക്കിലെടുത്താണ് സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിക്കുന്നത്. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. പതിനഞ്ചാം തീയതി ചെമ്പ്ര അടക്കാനാണ് നിലവിലെ തീരുമാനം. സീസണ്‍ കണക്കിലെടുത്ത് ജനുവരി മുഴുവന്‍ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചത.് കഴിഞ്ഞ വേനലില്‍ മലയിലെ പുല്‍മേട് വന്‍തോതില്‍ കത്തി നശിച്ചിരുന്നു. കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിക്കുന്നത്.
അനിയന്ത്രിതമായി സന്ദര്‍ശകരെ കയറ്റിവിടുന്ന രീതിക്ക് പകരം ദിവസവും 200 പേര്‍ക്കാണ് ഇപ്പോള്‍ പ്രവേശനം. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് പ്രവേശനം. ശക്തമായ വേനലിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ചെമ്പ്ര അടച്ചിരുന്നു. ഹെക്ടര്‍ കണക്കിന് പുല്‍മേട് അഗ്നിക്കിരയായതോടെ ഒന്‍പത് മാസത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രം തുറന്നത്. നിലവില്‍ രാത്രികാലങ്ങളില്‍ മഞ്ഞു വീഴ്ചയും പകല്‍ സമയത്ത് ചൂടും ശക്തമായതോടെ പുല്‍മേട് കരിഞ്ഞുണങ്ങി തുടങ്ങിയിട്ടുണ്ട്.
കേന്ദ്രത്തിലേക്കുള്ള റോഡ് പണി പുരോഗമിക്കുകയാണ്. ടൂറിസം വകുപ്പിന്റെ 1.80 കോടി രൂപ ഉപയോഗിച്ചാണ് മേപ്പാടിയില്‍ നിന്നും ചെമ്പ്രവരെയുള്ള റോഡ് പ്രവൃത്തി നടക്കുന്നത്. അതിനിടയില്‍ കാലവര്‍ഷത്തില്‍ ഇവിടേക്കുള്ള റോഡ് ഇടിഞ്ഞ്താഴുകയും ചെയ്തിരുന്നു. 50 മീറ്ററോളം പുതിയ പാത നിര്‍മിച്ചാണ് സഞ്ചാരികളെ കടത്തിവിട്ടിരുന്നത് റോഡ് പ്രവൃത്തി പൂര്‍ത്തിയായില്ലെങ്കിലും മേപ്പാടി മുതല്‍ വനസംരക്ഷണ സമിതി ഓഫിസ് വരെ വാഹനഗതാഗതം സാധ്യമാണ്. തുടര്‍ന്ന് ചെമ്പ്രവരെയുള്ള രണ്ട്കിലോമീറ്ററില്‍ വാഹനം കടന്നുപോകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടച്ചിടുന്ന കാലയളവിനുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ നീക്കം സാഹസികത ഇഷ്ടപപെടുന്ന വിനോദസഞ്ചാരികളുടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ചെമ്പ്ര പീക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."