ദേശീയപാത വികസനത്തിനു തടസമില്ല; 4,014 കോടിയുടെ 96 പദ്ധതികള്‍ക്കുകൂടി കിഫ്ബി അംഗീകാരം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 4,014 കോടി രൂപയുടെ പുതിയ 96 പദ്ധതികള്‍ക്കു കിഫ്ബി ഗവേണിങ് ബോഡി യോഗവും എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗവും അംഗീകാരം നല്‍കി. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനു യാതൊരു തടസവുമില്ലെന്നും ഇതിനു കരാര്‍ പ്രകാരമുള്ള സംസ്ഥാന വിഹിതം മുന്‍കൂറായി നല്‍കിയെന്നും കിഫ്ബി ഗവേണിങ് ബോഡി യോഗത്തിനു ശേഷം ധനമന്ത്രി ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതോടെ വ്യവസായ പാര്‍ക്കുകള്‍ക്കും ദേശീയപാതയ്ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക ഉള്‍പ്പെടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കല്‍ 53,678.01 കോടി രൂപയായതായി. മൊത്തം 675 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയത്. ഇതില്‍ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 14,275.17 കോടിക്കും ദേശീയപാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 5,374 കോടിക്കുമാണ് കിഫ്ബി നേരത്തെ അംഗീകാരം നല്‍കിയത്. ഇതിനുപുറമെ 35,028.84 കോടിയുടെ 675 പദ്ധതികള്‍ക്കാണ് വിവിധ ഘട്ടങ്ങളിലായി അംഗീകാരം ലഭിച്ചത്.
ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള 25 ശതമാനം തുകയാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കിഫ്ബി നല്‍കുന്നത്. ഇത് 5,374 കോടി വരും. കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ തുക ലഭ്യമാക്കാന്‍ സാധിക്കും. ഇതിനു യാതൊരുവിധ ട്രഷറി നിയന്ത്രണങ്ങളുമില്ല. ദേശീയപാത അതോറിറ്റിയുടെ വിഹിതം കിട്ടി ഏഴു ദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ വിഹിതം കിഫ്ബി ധനകാര്യ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കു നല്‍കുകയാണ് ചെയ്യുന്നത്. ഇപ്രകാരം ആദ്യഗഡുവായി 349.7 കോടി നല്‍കിക്കഴിഞ്ഞു.
ഇപ്പോള്‍ അംഗീകരിച്ച പദ്ധതികളില്‍ 24 റോഡുകള്‍, മലയോര ഹൈവേയുടെയും തീരദേശ ഹൈവേയുടെയും ഓരോ റീച്ചുകള്‍, മൂന്ന് ആശുപത്രികള്‍, ഒരു ബൈപ്പാസ്, 56 സ്‌കൂളുകള്‍, ഏഴു റെയില്‍വേ മേല്‍പ്പാലങ്ങള്‍, ഒരു മേല്‍പ്പാലം, ഒരു ഫിഷിങ് ഹാര്‍ബര്‍, 19 കോളജുകള്‍, രണ്ടു ടൂറിസം പദ്ധതികള്‍ എന്നിവയുണ്ട്. ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് പൊതുമരാമത്ത് നിര്‍മാണങ്ങള്‍ക്കാണ്. 2989.56 കോടി. കായിക, യുവജനക്ഷേമ മേഖലയില്‍ 15.83 കോടി, സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കുള്ള സ്ഥലമെടുപ്പിനും വികസനത്തിനും 122.99 കോടി, ആരോഗ്യ മേഖലയില്‍ 298.62 കോടി, ഫിഷറീസ് വകുപ്പിന്റെ തീരദേശ സ്‌കൂളുകള്‍ക്ക് 64.18 കോടി, ഫിഷറീസ് വകുപ്പിന്റെ ചെത്തി ഹാര്‍ബറിന് 166.92 കോടി, തദ്ദേശ വകുപ്പിന് 64.37 കോടി, ടൂറിസത്തിന് രണ്ടു പദ്ധതികള്‍ക്കായി 77.52 കോടി, വനം വന്യജീവി വകുപ്പിന് ഫോറസ്റ്റ് ബൗണ്ടറിക്കും ഫെന്‍സിങ്ങിനുമായി 110.01 കോടി, കൃഷി മേഖലയില്‍ തൃശൂര്‍ അഗ്രോ പാര്‍ക്കിദ് 7.15 കോടി എന്നിങ്ങനെയാണ് ഇത്തവണ അനുമതി നല്‍കിയ മറ്റു പദ്ധതികള്‍. കിഫ്ബിയുടെ സുതാര്യത ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനങ്ങളും യോഗം കൈക്കൊണ്ടിട്ടുണ്ട്. കിഫ്ബിയില്‍ വിസില്‍ ബ്ലോവര്‍ നയം നടപ്പാക്കും. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കുന്നവരുടെ പേരുവിവരങ്ങള്‍ സ്വകാര്യമാക്കിവയ്ക്കും. കിഫ്ബി സ്വതന്ത്ര അംഗമായ സലിം ഗംഗാധരനെ കിഫ്ബി ഓംബുഡ്‌സ്മാനായി നിയമിച്ചതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."