മാലിന്യ സംസ്‌കരണം ഭാവി തലമുറയിലേക്ക് എത്തിക്കുന്നതില്‍ കേരളം മാതൃക: മുഖ്യമന്ത്രി
തിരുവനന്തപുരം: മാലിന്യ സംസ്‌കരണം മികച്ച രീതിയില്‍ ഭാവി തലമുറയിലേക്കെത്തിക്കാന്‍ സംസ്ഥാനം ഇതിനോടകം തന്നെ മികച്ച മാതൃക തീര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരളം മിഷന്‍ കനകക്കുന്ന് സൂര്യകാന്തിയില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശുചിത്വ കാര്യങ്ങളില്‍ ഭാവിതലമുറയുടെ ഇടപെടല്‍ ഉറപ്പുവരുത്തുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്. ഉറവിട മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക് ബദല്‍ മാതൃകകളും സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തുവാനും അവരിലൂടെ മുതിര്‍ന്നവരിലേക്ക് ഇവ എത്തിക്കുന്നതിനും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇത് നിലനിര്‍ത്തുന്നതിനും തുടര്‍ന്നു കൊണ്ടുപോകുന്നതിനും നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ അധ്യക്ഷ അഡ്വ. തുളസീഭായിക്ക് നല്‍കിയാണ് മുഖ്യമന്ത്രി ശുചിത്വസംഗമം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ 2020ലെ ഹരിത അവാര്‍ഡുകളും വിതരണം ചെയ്തു. മികച്ച കോര്‍പ്പറേഷനായി തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും മികച്ച മുനിസിപ്പാലിറ്റിയായി മലപ്പുറം, പൊന്നാനി മുനിസിപ്പാലിറ്റിയും മികച്ച ബ്ലോക്ക് പഞ്ചായത്തായി തൃശൂര്‍, പഴയന്നൂര്‍ ബ്ലോക്കും മികച്ച പഞ്ചായത്തായി കണ്ണൂര്‍, പടിയൂര്‍ പഞ്ചായത്തും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."