മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിന് ഇന്ന് മാപ്പിളപ്പാട്ടിന്റെ ഈണത്തോടെ സമാപനം
കൊണ്ടോട്ടി: 12 ദിവസം നീണ്ടുനിന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിന് ഇശലിന്റെ സദസോടെ സമാപനം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ പരിപാടികളായിരുന്നു ഇത്തവണ മഹോത്സവത്തില്‍ അധികൃതര്‍ ഒരുക്കിയത്. കൊണ്ടോട്ടിക്ക് പുറമെ ആറ് വേദികളില്‍ പ്രാദേശിക കലാകാരന്‍മാരുടെ അരങ്ങേറ്റങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് മഹോത്സവം സംഘടിപ്പിച്ചത്. കാസര്‍കോഡ്, വടകര, ചാലിയം, അരീക്കോട്, തിരുന്നാവായ, കാളികാവ് എന്നിവിടങ്ങളിലായിരുന്നു പരിപാടി.
ദോലിപാട്ടും മോയിന്‍കുട്ടി വൈദ്യരുടെ കൃതികളുടെ സംഗീതകച്ചേരിയും ഈ വര്‍ഷത്തെ വൈദ്യര്‍ കലോല്‍സവത്തെ വേറിട്ടു നിര്‍ത്തി. ഇശലുകളുടെ പതിവ് രാഗവും താളവും വിട്ട് കര്‍ണാടക സംഗീതത്തിന്റെ മാസ്മരികതയില്‍ വൈദ്യര്‍ കൃതികള്‍ക്ക് പുനരാവിഷ്‌കാരവും വേറിട്ടതായി. അറ്റാശ്ശേരി മോഹനന്‍ പിള്ള സംഗീത കച്ചേരി അവതരിപ്പിച്ചു. വൈദ്യരുടെ ബദര്‍ പടപ്പാട്ടിലെയും ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ തുടങ്ങിയ കൃതികളില്‍ നിന്നായി ഏഴ് ഗാനങ്ങളാണ് മോഹനന്‍ പിള്ള കര്‍ണാടക സംഗീതത്തില്‍ ചിട്ടപ്പെടുത്തിയത്. ഹംസധ്വനി, മോഹന രാഗം, രാഗമാലിക, ചാരുകേശി എന്നീ രാഗങ്ങളിലാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. വിവേക് ആറ്റുവാശ്ശേരി വയലിനും എന്‍. ഹരി മൃദംഗവും കോവൈ സുരേഷ് ഘടവും വെള്ളിനേഴി രമേശ് മുഖര്‍ശംഖും വായിച്ചു. നാടോടിപ്പാട്ടിന്റെ സൗന്ദര്യശാസ്ത്രം സെമിനാര്‍, ഭിന്നശേഷിയുള്ളവരുടെ കലാപ്രകടനങ്ങള്‍, അക്കാദമി വിദ്യാര്‍ഥികളുടെ മാപ്പിളപ്പാട്ട് അവതരണം, ഖിസ്സപ്പാട്ട് കലാകാരന്‍മാരുടെ സംഗമം തുടങ്ങിയ പരിപാടികളും നടന്നു. അവസാന ദിവസമായ ഇന്ന് കവിയരങ് (മാപ്പിളപ്പാട്ട്), ഒപ്പന, ദഫ്മുട്ട്, അറബന, കോല്‍ക്കളി, വട്ടപ്പാട്ട് എന്നിവയുടെ അവതരണവും അത്തര്‍മാമ കുക്കുടു എന്ന നാടകവും അരങ്ങേറും.പഴയ മാപ്പിളപ്പാട്ടുകാരുടെ തരിവള കിലുക്കം സംഗമത്തോടെയാണ് ഈ വര്‍ഷത്തെ വൈദ്യര്‍ കലോത്സവത്തിന് സമാപനം കുറിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."