ഇളമ്പക്ക ശേഖരിക്കാന്‍ ജനപ്രവാഹം
ചെറുവത്തൂര്‍: പണിമുടക്ക് ദിനത്തില്‍ ഇളമ്പക്ക വാരാന്‍ തേജസ്വിനിയിലിറങ്ങിയത് നൂറു കണക്കിനാളുകള്‍.
വേലിയിറക്ക സമയം പുഴയില്‍ നിറഞ്ഞ ആള്‍ക്കൂട്ടം വാരിയെടുത്തത് കൈനിറയെ ഇളമ്പക്ക. കയ്യൂര്‍ അരയാക്കടവില്‍ രണ്ടാഴ്ചക്കാലമായി ഇളമ്പക്കയുടെ ചാകരക്കാലമാണ്. കറുത്ത ഇളമ്പക്കയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വില്‍പനയ്ക്കായി ഇളമ്പക്ക വരാന്‍ എത്തുന്നവര്‍ കുറവാണ്. വീട്ടിലെ കറിക്കായി ഇളമ്പക്ക വരിയെടുക്കാന്‍ എത്തുന്നവരാണ് ഏറെയും. രണ്ടുമാസം മുന്‍പും ഇതുപോലെ ഇവിടെ നിന്നും ഇളമ്പക്ക ധാരാളമായി ലഭിച്ചിരുന്നു. വിത്തിടാതെ പ്രകൃത്യാ ഉപ്പുവെള്ളത്തില്‍ വളരും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇളമ്പക്ക വറവ്, ഇളമ്പക്ക കറി എന്നിവയാണ് ഇതുകൊണ്ടുണ്ടാക്കുന്ന പ്രധാന വിഭവങ്ങള്‍. പതിവായി പത്തോ ഇരുപതോ പേര്‍ ഇളമ്പക്ക ശേഖരിക്കാന്‍ എത്താറുണ്ട്. എന്നാല്‍, പണിമുടക്ക് ദിനത്തില്‍ ഗ്രാമമൊന്നാകെ പുഴയിലിറങ്ങി. പണിമുടക്കിനെ തുടര്‍ന്ന് മത്സ്യവില്‍പനക്കാര്‍ എത്തിയിരുന്നില്ല. അതിനാല്‍ നിരവധി പേര്‍ കറിക്കുള്ള വക തേടിയെത്തിയതായിരുന്നു. ഇതര സംസ്ഥാനങ്ങളിലെ തീന്‍മേശകളില്‍ വന്‍ ഡിമാന്റാണ് ഇളമ്പക്ക കൊണ്ടുള്ള വിഭവങ്ങള്‍ക്ക്. വിപണിയില്‍ നല്ല വിലയുമുണ്ട്. കുമ്മായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നതിനാല്‍ ഇതിന്റെ തോടിനും ആവശ്യക്കാരുണ്ട്. പുലിയന്നൂര്‍ പ്രദേശത്തെ ജനങ്ങള്‍ കൂട്ടത്തോടെ ഇളമ്പക്ക ശേഖരിക്കാനെത്തുന്ന കൗതുകം കൊണ്ട് വഴിയാത്രക്കാരായ ആളുകളും പുഴയിലിറങ്ങി ഇവര്‍ക്കൊപ്പം ഇളമ്പക്ക വാരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."