മാലിന്യത്തിനു വിട... കോടോംബേളൂര്‍ പച്ചയണിയും
രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്താകുന്നു. ഇതോടൊപ്പം കാര്‍ഷിക മേഖലയും ശക്തമാക്കുന്നു. ഹരിതകേരളത്തിന്റെ ഭാഗമായാണു സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്താകാന്‍ കോടോം ബേളൂര്‍ ഒരുങ്ങുന്നത്. ഭൂജല പരിപോഷണം, ജൈവ കൃഷിവ്യാപനം, സമ്പൂര്‍ണ ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം എന്നിവക്കായി പഞ്ചായത്തില്‍ സമഗ്ര പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. കച്ചവട കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യാപാരികളുടെ സഹകരണത്തോടെയും സന്നദ്ധ സംഘടനയുടെ സഹായത്തോടെയും പൂര്‍ണമായും മാറ്റിയെടുക്കും.
പകരം തുണിസഞ്ചികളും പേപ്പര്‍ ബാഗുകളും നല്‍കും. ഇതിനായി പഞ്ചായത്തിലെ 162 അയല്‍സഭയുടെ സഹായം തേടും. ജൈവമാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കും. പൊതുസ്ഥലത്തു മാലിന്യം തള്ളുന്നതിനെതിരേ കര്‍ശന നടപടിയെടുക്കും. ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനൊപ്പം തരിശിടങ്ങളില്‍ പച്ചക്കറി കൃഷി നിര്‍ബന്ധിക്കും.
വിവിധ കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു ബോധവല്‍ക്കരണം നടത്തും. പദ്ധതിയുടെ പ്രഖ്യാപനം നാളെ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. രാവിലെ 10നു ചുള്ളിക്കരയിലാണ് ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."