ചെറുപുഴ പഞ്ചായത്തില്‍ ഭരണമാറ്റം ഉറപ്പായി
ചെറുപുഴ: കേരളാ കോണ്‍ഗ്രസ് (എം)-എല്‍.ഡി.എഫ് ഭരിക്കുന്ന ചെറുപുഴ പഞ്ചായത്തില്‍ ഭരണമാറ്റം ഉറപ്പായി. ചെറുപുഴയില്‍ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം ഇരുപാര്‍ട്ടികളുടെയും സംസ്ഥാന, ജില്ലാ നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. വരുന്ന 10ന് നടക്കുന്ന ഭരണസമിതി യോഗത്തിനുശേഷം നിലവിലെ പ്രസിഡന്റായ കേരളാ കോണ്‍ഗ്രസ് അംഗം കൊച്ചുറാണി ജോര്‍ജ് രാജിവയ്ക്കുമെന്നാണ് സൂചന. എന്നാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ എല്‍.ഡി.എഫ് സ്വതന്ത്ര ജാന്‍സി ജോണ്സണ് രാജിവെക്കാന്‍ സാധ്യതയില്ല. ഇതേതുടര്‍ന്ന് പ്രസിഡന്റ് രാജിവക്കുന്നതിനു പിറ്റേദിവസം തന്നെ വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷരായ പി.ആര് സുലോചന, ഷാന്റി കലാധരന്‍ എന്നിവര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യു.ഡി.എഫ് ശ്രമം.
19 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് ഒന്‍പത്, കേരള കോണ്‍ഗ്രസ് (എം) രണ്ട്, എല്‍.ഡി.എഫ് എട്ട് എന്നിങ്ങനെയാണു നിലവിലെ കക്ഷിനില.
സംസ്ഥാന തലത്തില്‍ യു.ഡി.എഫ് വിട്ട സമയത്തും ചെറുപുഴയില്‍ കേരളാ കോണ്‍ഗ്രസ് (എം) കോണ്‍ഗ്രസിനൊപ്പം ഭരണത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുപാര്‍ട്ടികളിലേയും പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി. ഇതോടെയാണ് കേരളാ കോണ്‍ഗ്രസ് ഭരണസമിതിയില്‍ നിന്ന് പിന്‍വാങ്ങുകയും എല്‍.ഡി.എഫ് പിന്തുണയോടെ ഭരണത്തിലേറുകയും ചെയ്തത്. കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ തിരിച്ചെത്തിയതോടെ ചെറുപുഴയിലും ഭരണമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹം ഉയര്‍ന്നു. എന്നാല്‍ സംസ്ഥാന തലത്തിലുണ്ടായ മാറ്റം ചെറുപുഴയില്‍ ബാധകമല്ലെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലായിരുന്നു ഇരുപാര്‍ട്ടികളിലേയും സംസ്ഥാന നേതാക്കള്‍. ഇതേതുടര്‍ന്നു ഇരുപാര്‍ട്ടികളിലേയും സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രശ്നത്തില്‍ ഇടപെടുകയും ഇരു പാര്‍ട്ടികളിലേയും പ്രാദേശിക നേതാക്കളെ ഒന്നിച്ചിരുത്തി പ്രശ്നം ചര്‍ച്ചചെയ്തു പരിഹരിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."