ടി. സിദ്ദീഖ് ഉള്‍പ്പെടെ ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍; മുല്ലപ്പള്ളിയെ തള്ളി കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ സമവായമായെന്ന് സൂചന
തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭീഷണിയെ മറികടന്ന് കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ സമവായമായെന്ന് സൂചന. ടി. സിദ്ദീഖ് ഉള്‍പ്പെടെ ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും ഉള്‍പ്പെടുന്ന പട്ടിക ഹൈക്കമാന്‍ഡിന്റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചു.
ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നിലവില്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പട്ടിക തയാറായത്. വി.ഡി സതീശന്, കൊടിക്കുന്നില്‍ സുരേഷ്, പി.സി വിഷ്ണുനാഥ്, കെ. സുധാകരന്, കെ.വി തോമസ് എന്നിവര്‍ക്കൊപ്പമാണ് വര്‍ക്കിംഗ് പ്രസിഡന്റായി ടി. സിദ്ദീഖിനെ കൂടി പരിഗണിച്ചിരിക്കുന്നത്.
നിലവില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റാണ് സിദ്ദീഖ്. ഇവിടെ പകരം ചുമതല യു. രാജീവന് മാസ്റ്റര്‍ക്ക് നല്‍കിയേക്കും. ജംബോ ഭാരവാഹി പട്ടികക്കെതിരേ തുടക്കം മുതല്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന മുല്ലപ്പള്ളി ഒടുവില്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും വഴങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."