അധികാരത്തെ ആരാധിക്കുന്ന 'ആത്മീയ' നേതാക്കള്‍
സമഗ്രാധിപത്യവും മതവും തമ്മില്‍ പ്രത്യേകിച്ച് ബന്ധമുണ്ടോ? ഇല്ലെന്നാണ് ചരിത്രം പറയുന്നത്. ലോകചരിത്രത്തില്‍ ഇടക്കൊക്കെ മതം ഒരു മര്‍ദനോപാധിയായി കടന്നു വരുന്നുണ്ടെങ്കിലും, ലോകം കണ്ട ഭീകരമായ പല സമഗ്രാധിപത്യ രാഷ്ട്രീയ സിദ്ധാന്തങ്ങളും മതത്തെ അവഗണിച്ചവയോ വിമര്‍ശിച്ചവയോ ആയിരുന്നു. ജര്‍മന്‍ നാസികളുടെ നേതാവ് ഹിറ്റ്‌ലറെ ചരിത്രം അടയാളപ്പെടുത്തുന്നത് മതവിരുദ്ധനായാണ്. എന്നാല്‍ മതവുമായി വ്യത്യസ്തമായ ബന്ധമായിരുന്നു മുസ്സോളിനിയുടെ ഇറ്റാലിയന്‍ ഫാസിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നത്. എന്തായാലും, വംശീയ പ്രത്യയശാസ്ത്രങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി, സാഹചര്യത്തിനനുസരിച്ച്, മതത്തെ, 'ആത്മീയത'യെ ഉപയോഗപ്പെടുത്തിയതിനു നിരവധി ഉദാഹരണങ്ങള്‍ കാണാം. ലോകത്തുള്ള ഇതര വംശീയവാദികളെ പോലെ ഹിന്ദുത്വവാദികളും ഒരു മാതൃകാരാജ്യമായി കാണുന്ന സയണിസ്റ്റ് ഇസ്‌റാഈല്‍ ഇതിനു നല്ലൊരു തെളിവാണ്.
ആര്‍.എസ്.എസ് നേതാക്കളും സൈദ്ധാന്തികാരും മതവിശ്വാസികള്‍ ആണെങ്കിലുമല്ലെങ്കിലും ഹിന്ദു മതവും മതചിഹ്നങ്ങളുമുപയോഗിക്കാതെ ഹിന്ദുത്വ രാഷ്ട്രീയത്തിന് നിലനില്‍പില്ല. ഹിന്ദു മതത്തെ ഒരു രാഷ്ട്രീയ ഉപകരണം എന്ന നിലയില്‍ ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാര്‍, മതത്തിനകത്തുള്ള ആത്മീയാചാര്യന്മാരുടെ പിന്തുണ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതൊരു സാധ്യതയായി കണ്ടുകൊണ്ട് ചില മതനേതാക്കളും ആത്മീയവാദികളും ഹിന്ദുത്വ അജണ്ടകളുടെ വാഹകരാവുന്ന കാഴ്ചയും ഇന്ന് നാം കാണുന്നു. മതധര്‍മങ്ങളുടെ വാഹകരും പ്രചാരകരുമാകേണ്ട ഈ നേതാക്കള്‍ അധാര്‍മികവും ഹിംസാത്മകവും അപരവിദ്വേഷത്തിലധിഷ്ടിതവുമായ ഒരു പ്രത്യയശാസ്ത്രത്തെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുകയാണിവിടെ.
സമ്പന്നരും സംഘ്പരിവാറിനോട് മൃദു നിലപാട് പുലര്‍ത്തുന്നവരുമായ ആത്മീയനേതാക്കളുടെ ഒരു പട്ടിക തന്നെ ഇന്ന് തയാറാക്കാന്‍ കഴിയും. സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ്, ബാബാ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ ഇതില്‍ പ്രധാനികളാണ്.മിക്കപ്പോഴും പരോക്ഷമായ സഹായമാണ് ആത്മീയ നേതാക്കളില്‍ നിന്ന് ബി.ജെ.പിക്ക് ലഭിക്കുന്നത്. അവര്‍ പരസ്യമായ രാഷ്ട്രീയമായ നിലപാട് എടുക്കില്ലെങ്കിലും, തങ്ങളുടെ പ്രഭാഷണങ്ങളിലൂടെയും പ്രവര്‍ത്തികളിലൂടെയും സമര്‍ത്ഥമായി ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുന്നു.
സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ കാര്യം തന്നെയെടുക്കുക. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെക്കുറിച്ച ഒരു ചോദ്യത്തെ വാസുദേവ് നേരിട്ട രീതിയാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്യുന്നത്. നിയമത്തെ അനുകൂലിച്ച വാസുദേവ് അതിനെ വിശേഷിപ്പിച്ചത് 'വളരെ വൈകി വന്ന വളരെ ചെറിയ അനുകമ്പ' എന്നാണ്. ചോദ്യത്തോട് നേരിട്ട് പ്രതികരിക്കുന്നതിനു പകരം താന്‍ പരിചയപ്പെട്ട പാകിസ്താനിയായ ഒരു ഹിന്ദു യുവാവിന്റെ 'അനുഭവം' പറഞ്ഞു കൊണ്ടാണ് വാസുദേവ് മറുപടി ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെ ചിലര്‍ തട്ടിക്കൊണ്ടു പോയി 'മറ്റൊരു' മതത്തിലെ വ്യക്തിയുമായി നിര്‍ബന്ധിതവിവാഹം കഴിപ്പിച്ചെന്നാണ് വാസുദേവ് പറഞ്ഞത്. ഒപ്പം, പാകിസ്താനില്‍ ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുത ഇല്ലെന്ന പച്ചക്കള്ളവും പറഞ്ഞു വെച്ചു. ശേഷം, നുണയിലും അര്‍ദ്ധസത്യതിലും പൊതിഞ്ഞ തന്റെ മറ്റു പല മറുപടികളിലും ചെയ്ത പോലെ, 'തനിക്ക് ഇതിനെ കുറിച്ച് കൂടുതല്‍ അറിയില്ല' എന്നും കൂട്ടിച്ചേര്‍ത്തു. മറുപടിയുടെ ബാക്കി ഭാഗവും നുണകളുടെ പ്രവാഹമാണ്. അഭയാര്‍ഥികളുടെ ദയനീയത മനസ്സിലാക്കാത്ത, നിയമത്തെ കുറിച്ച് പോലും മനസ്സിലാക്കാത്ത, കഠിന ഹൃദയരാണ് പ്രതിഷേധിക്കുന്നതെന്നും വിദ്യാര്‍ഥികളടക്കമുള്ള സമരക്കാര്‍ പൊലിസിനെ ക്രൂരമായി നേരിട്ടെന്നും പറഞ്ഞ വാസുദേവ്, സി.എ.എ, എന്‍.ആര്‍.സി ഒരു തരത്തിലും മുസ്‌ലിം വിരുദ്ധമല്ലെന്നും പറഞ്ഞു . യു.പിയിലെ സമരക്കാരെ പ്രത്യേകം വിമര്‍ശിച്ച വാസുദേവ്, പൊലിസിന്റെ നരനായാട്ടിനെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഒരു സന്യാസിയുടെ ഭാവത്തില്‍, തത്വജ്ഞാനിയുടെ ശൈലിയില്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന്, അതിന്റെ വംശീയതക്കും ഹിംസക്കും മുസ്‌ലിം വിരുദ്ധതക്കും പൊതു സ്വീകാര്യത നേടികൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറയുന്ന വാസുദേവ് ഇതാദ്യമായല്ല തികച്ചും രാഷ്ട്രീയമായ, അതും ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായ കാര്യങ്ങള്‍ പറയുന്നത്. നേരത്തെ, കാശ്മിരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യവിരുദ്ധമായ ഇടപെടലുകളെ അനുകൂലിച്ച് സംസാരിച്ച വാസുദേവ്, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമായി പറഞ്ഞത് ഗോരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പിലാക്കാത്തതിനാലാണ് കൊലകള്‍ നടക്കുന്നതെന്നായിരുന്നു.
ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രത്തെ വിമര്‍ശിക്കാതിരുന്ന ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പശുക്കളെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിനു സമമാണ്. സംഘ്പരിവാര രാഷ്ട്രീയത്തോട് ചായ്‌വ് കാണിക്കുന്ന ഒരു ദേശീയ ചാനലില്‍ വന്ന ഈ 'അരാഷ്ട്രീയ' ആത്മീയ ഗുരുവിന്റെ അഭിമുഖം ആരംഭിക്കുന്നത് തന്നെ കശ്മിരിലെ സൈനിക നടപടികള്‍ സര്‍വോപരി ശക്തിപ്പെടുത്തണമെന്ന പരോക്ഷമായ ആഹ്വാനത്തോടെയാണ്. ബ്രിട്ടനിലെ ഒരു സര്‍വകലാശാലയില്‍ നടന്ന സംവാദത്തിനിടെ ഒരു മുസ്‌ലിം വിദ്യാര്‍ഥിയെ ഇദ്ദേഹം 'താലിബാനി' എന്ന് വിളിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
പ്രമുഖ യോഗാചാര്യനായി അറിയപ്പെടുന്ന ബാബാ രാംദേവ് ഇവിടെ പരാമര്‍ശിക്കാതെ പോകരുത്. രാംദേവിന് ബി.ജെ.പിയിലെ ഉന്നതരുമായുള്ള ബന്ധം രാജ്യാന്തര മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്തതാണ്. 'ന്യൂ യോര്‍ക്ക് ടൈംസ്' ഒന്നര വര്‍ഷം മുമ്പ്, 'മോദിയുടെ വളര്‍ച്ചക്ക് പിന്നിലെ കോടീശ്വരനായ യോഗി' എന്ന തലക്കെട്ടില്‍ രാംദേവിനെ കുറിച്ച് വിശദമായ ഒരു ഫീച്ചര്‍ ചെയ്തിരുന്നു. രാംദേവിന് അമിത് ഷാ, നരേന്ദ്ര മോദി തുടങ്ങിയ ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.
രാം ദേവിനെ അന്ന് 'ന്യൂ യോര്‍ക്ക് ടൈംസ്' താരതമ്യം ചെയ്തത് അവരുടെ നാട്ടിലെ തീപ്പൊരി സുവിശേഷകനും നിരവധി അമേരിക്കന്‍ പ്രസിഡന്റുമാരുടെ ആത്മീയ ഉപദേശകനുമായ ബില്ലി ഗ്രഹാമുമായായിരുന്നു. 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് രാംദേവ് ബി.ജെ.പിക്കും 'അടുത്ത സുഹൃത്ത്' ആയ നരേന്ദ്ര മോദിക്കും നല്‍കിയ തന്ത്രപരമായ പിന്തുണ പത്രം ചൂണ്ടിക്കാണിച്ചു. തിരിച്ച്, നരേന്ദ്ര മോദി അടക്കമുള്ള ഹിന്ദുത്വ നേതാക്കള്‍ രാം ദേവിനെയും പതഞ്ജലി വ്യവസായത്തെയും സഹായിക്കുന്നതെങ്ങനെയെന്നും ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇസഡ് കാറ്റഗറി സുരക്ഷയാണ് സര്‍ക്കാര്‍ രാംദേവിന് നല്‍കുന്നത്. മിക്ക പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കും ഈ സുരക്ഷയില്ലെന്ന് ഓര്‍ക്കണം. സമ്പന്നരായ അനുയായികളുടെ സംഭാവന കൊണ്ട് ജീവിക്കുന്ന നിരവധി ആത്മീയാചാര്യന്മാരില്‍ ഒരാളല്ല രാം ദേവ്. ബില്ല്യന്‍ ഡോളര്‍ വരുമാനമുള ഒരു സാമ്പത്തിക സാമ്രാജ്യത്തിന്റെ അധിപന്‍ കൂടിയാണ് ഈ ഹരിയാനക്കാരന്‍. അപ്പോളും, രാം ദേവിനെ സംബന്ധിച്ചിടത്തോളം പതഞ്ജലി ഒരു വ്യവസായമല്ല, മറിച്ച് 'മനുഷ്യകുലത്തിനും രാജ്യത്തിനും വേണ്ടിയുള്ള സേവനം' ആണത്രെ.
രാംദേവ് തന്റെ ബിസിനസ്സില്‍ പിന്തുടരുന്ന 'സാമ്പത്തിക ദേശീയത' സമകാലീന ഹിന്ദുത്വ ഇന്ത്യയില്‍ ലാഭകരമാണ്. മാത്രവുമല്ല, പതഞ്ജലി ഉത്പന്നങ്ങളില്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും അംശമുണ്ടെന്ന ഗുരുതര ആരോപണമുള്‍പെടെയുള്ള വിമര്‍ശനങ്ങളെ എളുപ്പം മറികടക്കാനുള്ള ഒറ്റമൂലിയുമാണ്.
ഡല്‍ഹിയിലെ സമ്പന്നരായ വ്യവസായികള്‍ക്ക് രാംദേവ് ഭയപ്പെടുത്തുന്ന ഒരു നാമമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന ന്യൂ യോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് എഫ്. വേര്‍ത്, മോദി അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്ര സര്‍ക്കാറില്‍ നിന്നും ബി.ജെ.പി നിയന്ത്രിക്കുന്ന സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും അസാധാരണമായ സഹായങ്ങളാണ് രാംദേവിന് ലഭിച്ചതെന്നും വ്യക്തമാക്കുന്നു. അസമില്‍ 1200 ഏക്കര്‍ ഭൂമി സൗജന്യമായി ലഭിച്ചത് ഇതില്‍ ഒന്നുമാത്രം. 'റോയിട്ടേഴ്‌സ്' വാര്‍ത്ത ഏജന്‍സി നടത്തിയ ഒരു അന്വേഷണത്തില്‍ ബി.ജെ.പി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ നടത്തിയ ഭൂമി ഇടപാടിലൂടെ രാംദേവിന്റെ സ്ഥാപനം 300 കോടി രൂപയിലേറെ ലാഭമുണ്ടാക്കിയ വാര്‍ത്ത പുറത്തുവന്നിരുന്നു.
അസം പോലുള്ള സ്ഥലങ്ങള്‍ തങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണെന്നും, പതഞ്ജലിയുടെ സാന്നിധ്യം അനുകൂല ഘടകമാണെന്നും ഹിന്ദുത്വ രാഷ്ട്രീയം കരുതുന്നു. അതാണ് രാംദേവിനെയും പതഞ്ജലിയെയും പരിധികളില്ലാതെ സഹായിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് നിരീക്ഷണമുണ്ട്. ചുരുക്കത്തില്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന് പതഞ്ജലി വേണം, പതഞ്ജലിക്ക് തിരിച്ചും. യു.പി.എ ഭരണകാലത്ത് ഡല്‍ഹിയില്‍ അഴിമതിവിരുദ്ധ സമരം നയിച്ച രാംദേവ്, ഹിന്ദുത്വ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഇപ്പോള്‍ പാലിക്കുന്ന മൗനത്തിന്, ബി.ജെ.പിക്ക് നല്‍കുന്ന പിന്തുണക്ക്, ഏറെ മാനങ്ങളുണ്ടെന്ന് ചുരുക്കം.
രാജ്യത്ത് ഏറെ സ്വാധീനമുള്ള മറ്റൊരു ഹൈന്ദവ നേതാവാണ് ശ്രീ ശ്രീ രവിശങ്കര്‍. പൗരത്വ നിയമഭേദഗതിക്കെതിരേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രമായ പ്രതിഷേധം ഉയര്‍ന്നു വന്നപ്പോള്‍ 'സമാധാനപരമായി' പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത രവിശങ്കര്‍ പക്ഷെ, പിന്നീട് രാജ്യത്തുടനീളം ഇതേ വിഷയത്തില്‍ സമധാനപരമായ വന്‍പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഒപ്പം, പൗരത്വ ആനുകൂല്യം ലഭിക്കുന്നവരില്‍ ശ്രീലങ്കന്‍ തമിഴരെ ഉള്‍പെടുത്തണം എന്ന് പറഞ്ഞെങ്കിലും റോഹിംഗ്യ, ഉയിഗൂര്‍ തുടങ്ങിയ പീഡിത സമുദായങ്ങളെക്കുറിച്ച് ഒന്നും മിണ്ടിയില്ല.
ബാബരി മസ്ജിദ് വിഷയത്തില്‍ തര്‍ക്കപരിഹാരത്തിന് നിയോഗിക്കപ്പെട്ട രവി ശങ്കര്‍, സുപ്രിം കോടതി വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമല്ലെങ്കില്‍ രാജ്യത്ത് 'സിറിയയിലേതിന് സമാനമായ' സാഹചര്യം ഉണ്ടാവുമെന്ന് പറഞ്ഞത് വിവാദമായിരുന്നു. കാശ്മിരില്‍ രവിശങ്കറിന്റെ ഒരു പരിപാടിയില്‍ നാട്ടുകാര്‍ ആസാദി മുദ്രാവാക്യം വിളിച്ചതും തങ്ങളെ കബളിപ്പിച്ചാണ് പങ്കെടുപ്പിച്ചതെന്ന് ആരോപിച്ചതും രവിശങ്കറിനും കേന്ദ്ര സര്‍ക്കാരിനും ഒരു പോലെ നാണക്കേടുണ്ടാക്കിയിരുന്നു.
മുകളില്‍ പറഞ്ഞ നേതാക്കളുടെയെല്ലാം പൊതുസ്വഭാവം ഹിന്ദുത്വ അധികാര കേന്ദ്രതോടുള്ള അടുപ്പവും അനുഭാവവും മാത്രമല്ല, രാജ്യത്തെ സാധാരണക്കാരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ജീവിതസാഹചര്യങ്ങളും ആശങ്കകളും ഇവരുടെ മന:സാക്ഷിയെ അസ്വസ്ഥപ്പെടുത്തുന്നില്ല എന്നത് കൂടിയാണ്. എന്നിട്ടും ഇവര്‍ ആത്മീയാന്വേഷകരുടെ, ജീവിതത്തിന് അര്‍ഥം തേടുന്നവരുടെ, ലക്ഷ്യവും അഭയകേന്ദ്രവുമാകുന്നു.ഇവിടെ, ഇവരുടെ ഗണത്തില്‍ പെടുന്ന, സ്വാര്‍ഥ താല്‍പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുന്ന, മുസ്‌ലിം, ക്രിസ്ത്യന്‍ മതനേതാക്കളെ കാണാതിരുന്നു കൂടാ. ഇവരുടെ ഗണത്തില്‍ പെടാത്ത യഥാര്‍ഥ ആത്മീയ നേതാവിന്റെ ദൗത്യം നിര്‍വഹിക്കുന്ന ഹൈന്ദവ മതാചാര്യന്മാരെയും കാണാതിരുന്നു കൂടാ. പക്ഷെ, അവര്‍ക്ക് ലഭിക്കാത്ത ദൃശ്യത സര്‍ക്കാര്‍ അനുകൂല 'ആത്മീയ' നേതാക്കള്‍ക്ക് ലഭിക്കുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
കപട ആത്മീയതയിലൂടെ ഈ വ്യക്തികള്‍ ആസ്വദിക്കുന്ന താല്‍കാലിക നേട്ടങ്ങള്‍ എന്ത് തന്നെയായാലും, ഗുര്‍മീത് റാം റഹീ സിങ്ങിന്റെയും മറ്റനേകം സ്വയം പ്രഖ്യാപിത ആത്മീയനേതാക്കളുടെയും കാര്യത്തില്‍ സംഭവിച്ചത് പോലെ, അധികാരത്തെയും സ്വാധീനത്തെയും ആരാധിക്കുന്ന, സാധാരണക്കാരന്റെ ആശങ്കകളെ അവഗണിക്കുന്ന ഇവരുടെ പതനം എപ്പോള്‍ സംഭവിക്കുമെന്ന് മാത്രമേ അറിയേണ്ടതുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."