അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ വിനയത്തിന്റെ വിളക്കുമാടം
#മുഹമ്മദ് ഹംദുല്ല സഈദ്
ലക്ഷദ്വീപിന്റെ ആത്മീയ മേഖലയില്‍ കാലങ്ങളായി നേതൃത്വം നല്‍കി വരുന്ന സൂഫീ പരമ്പരയിലെ അനുഗ്രഹീത സാന്നിദ്ധ്യമായിരുന്നു ഇന്നലെ വിടപറഞ്ഞ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍. അമിനി ദ്വീപില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഗുലാം മുഹമ്മദ് അഹ്മദ് നഖ്ശബന്ദിയുടെ നാലാമത്തെ പൗത്രനാണ് അദ്ദേഹം. ഖാസി സ്ഥാനമടക്കം മത രംഗത്ത് നേതൃ പദവി അലങ്കരിച്ചവരാണ് പിതാമഹന്മാര്‍. അവര്‍ സര്‍വ സ്വീകാര്യനും ദ്വീപുകാരുടെ അവസാന വാക്കുമായിരുന്നു.
പൂര്‍വികരുടെ പാത സ്വീകരിച്ച് ദീനിന് വേണ്ടി ഉഴിഞ്ഞുവച്ച മഹല്‍ ജീവിതമായിരുന്നു ഉസ്താദിന്റെത്. ആദ്യം ദ്വീപ് സമൂഹങ്ങളിലും പിന്നെ, കേരളം വഴി കര്‍ണാടകയിലേക്കും അവരുടെ ദീനീപ്രവര്‍ത്തനം വ്യാപിച്ചു. മംഗലാപുരം കേന്ദ്രമാക്കി കര്‍ണാടകയുടെ ഓരോ പ്രദേശത്തും ദീനിന്റെ സാന്നിധ്യമായി അവര്‍ ചെന്നെത്തി.
കര്‍ണാടകയുടെ വിവിധഭാഗങ്ങളില്‍ മത പ്രബോധന രംഗത്ത് നിറസാന്നിധ്യമായിരുന്നു ജബ്ബാര്‍ മുസ്‌ലിയാര്‍. അനുഗ്രഹം തേടി വീട്ടിലേക്ക് സ്ത്രീ പുരുഷ വ്യത്യാസമന്യേ ആബാല വൃദ്ധം ജനങ്ങള്‍ ഒഴുകിയിരുന്നു. ഉസ്താദ് മൊഴിയുന്ന കൊച്ചു വാക്കുകളില്‍ അവരുടെ സര്‍വ പ്രയാസങ്ങളും ഒഴുകിപ്പോകുമായിരുന്നു. ഉസ്താദിന്റെ വാഹനം മംഗലാപുരത്തെത്തിയാല്‍ തടിച്ചുകൂടുമായിരുന്ന ജനങ്ങള്‍ക്ക് വേണ്ടിയിരുന്നത് ഉസ്താദിന്റെ ഒരു നോട്ടമോ പുഞ്ചിരിയോ ആയിരുന്നു.
ഇസ്‌ലാമിക വിജ്ഞാന പ്രസരണമായിരുന്നു ഉസ്താദിന്റെ ഇഷ്ടമേഖല, ദ്വീപില്‍ ആരംഭിച്ച ദര്‍സീ സേവനം അരനൂറ്റാണ്ടോളം മിത്തബലു ജുമുഅത്ത് പള്ളിയില്‍ നീണ്ടു നിന്നു. അഞ്ചു പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതം കൊണ്ട് സൃഷ്ടിച്ചെടുത്ത അനേകം ഇസ്്‌ലാമിക പണ്ഡിതന്മാരാണ് അവരുടെ ഏറ്റവും വലിയ ജീവിത സമ്പത്ത്. കണ്ണാടകം, കേരളം, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ ദീനീ രംഗത്ത് നേതൃത്വം നല്‍കുന്ന മഹാനുഭാവന്റെ ശിഷ്യഗണങ്ങളായ പണ്ഡിത മഹത്തുക്കളിലൂടെ ആ ജീവിത വെളിച്ചം ഏറെക്കാലം ഇനിയും നിലനില്‍ക്കും. ഭൗതിക ലോകത്തിന്റെ യാതൊരു സുഖവും ആഗ്രഹിക്കാതെ തികഞ്ഞ സൂഫിയായി ജീവിച്ച മഹാന്‍ ലക്ഷദ്വീപിന്റെയും കര്‍ണാടകത്തിന്റെയും ആത്മീയ വെളിച്ചമായിരുന്നു. ദീനീവഴിയില്‍ തന്നെ ലഭ്യമായ സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് വക്കുകയായിരുന്നു ഉസ്താദ്.
പിതാവിന്റെ വിയോഗാനന്തരം ജന്മനാടായ കില്‍ത്താന്‍ ദ്വീപിന്റെ ഖാളിസ്ഥാനത്തെക്ക് നാട്ടുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും വയങ്ങിയില്ല. ശിഷ്യന്‍ ശംഊന്‍ ഫൈസിയെ ആ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു. കര്‍മ മണ്ഡലമായ മംഗലാപുരം ഖാസി പദവിയും ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
സമസ്തയ്ക്കു വേണ്ടി മാറ്റിവയ്ക്കപ്പെട്ടതായിരുന്നു തന്റെ കര്‍മശേഷി മുഴുവനും. സമസ്തയുടെ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങുമ്പോള്‍ എന്നും യുവത്വത്തിന്റെ തുടിപ്പായിരുന്നു ഉസ്താദിന്.
സമസ്ത മുശാവറയിലേക്കുള്ള ഉസ്താദിന്റെ പ്രവേശം സുധീര്‍ഘമായ ദീനീസേവനങ്ങള്‍ക്കുള്ള അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നു. വാര്‍ധക്യം പരിപൂര്‍ണ്ണ അവശനാക്കുന്നത് വരെ പരമാവധി എല്ലാ യോഗങ്ങളിലും ഉസ്താദ് പങ്ക് കൊണ്ടു.
സമസ്തയുടെ ഉപാധ്യക്ഷ പദവിയിലേക്കുള്ള ഉസ്താദിന്റെ സ്ഥാനക്കയറ്റം ദ്വീപിലും കര്‍ണാടകയിലും സമസ്ത പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കിയെങ്കിലും ഉസ്താദിനെ കൂടുതല്‍ വിനയാന്വിതനാക്കി. താനീവലിയ സ്ഥാനത്തിന് അര്‍ഹനല്ലെന്നും പാണക്കാട് തങ്ങളുടെ നിര്‍ബന്ധപൂര്‍വമാണ് ഏറ്റെടുത്തതെന്നും അടുപ്പമുള്ളവരോട് തുറന്ന് പറയുമായിരുന്നു. തന്നെക്കാള്‍ വലിയ മഹത്തുക്കളാണ് സമസ്തയിലെ മുഴുവന്‍ മുശാവറ മെംബര്‍മാരുമെന്ന് ഉസ്താദ് എല്ലാവരോടും പറയുമായിരുന്നു.
വന്ദ്യരായ പിതാവ് പി.എം സഈദ് മഹാനുഭാവനുമായി വലിയ അടുപ്പം കാത്ത് സൂക്ഷിച്ചിരുന്നു. ദീനീ കാര്യങ്ങളില്‍ പിതാവ് ആശ്രയമായി കണ്ടിരുന്ന ചുരുക്കം പണ്ഡിത ശിരോമണികളില്‍ ഒരാളായിരുന്നു അദ്ദേഹം. വിശ്വാസ ആദര്‍ശത്തില്‍ സഈദും ഉസ്താദും നൂറ് ശതമാനം യോജിച്ചിരുന്നു. ഉസ്താദ് നേതൃത്വം നല്‍കിയ സമസ്തയെ അതിയായി സ്‌നേഹിക്കുകയും പരിപൂര്‍ണമായി അംഗീകരിക്കുകയും ചെയ്തിരുന്നു വന്ദ്യ പിതാവ്. കില്‍ത്താന്‍ ദ്വീപിലെ ജുമുഅത്ത് പള്ളി നിര്‍മാണ വേളയില്‍ പിതാവിനെക്കൊണ്ട് സാധ്യമായ സഹായങ്ങള്‍ ചെയ്യാന്‍ പി.എം സഈദ് രംഗത്തുവന്നത് അന്നത്തെ ഖാളിയായിരുന്ന ഉസ്താദിന്റെ പിതാവിനോടുള്ള അടുപ്പം കൊണ്ടാണ്.
ആ ബന്ധം എനിക്കും തുടരാനായി എന്നത് വലിയ സൗഭാഗ്യമായി കാണുന്നു. മംഗലാപുരത്തു വച്ചും സമസ്തയുടെ വേദികളില്‍ വെച്ചും കാണുമ്പോള്‍ ഉസ്താദ് പ്രകടിപ്പിച്ചിരുന്ന പിതൃതുല്യമായ വാത്സല്യം വലിയ ആശ്വാസവും കരുത്തുമായിരുന്നു.
ഏത് പ്രതിസന്ധിഘട്ടത്തിലും സമീപിക്കാവുന്ന ഒരു അത്താണിയുടെ നഷ്ടമാണ് ഉസ്താദിന്റെ വിരഹത്തോടെ ഉണ്ടായിരിക്കുന്നത്. പാണ്ഡിത്യവും തികഞ്ഞ ദൈവിക ഭക്തിയും കൊണ്ട് ധന്യമായ മഹാനുഭാവന്റെ വിയോഗം ഇസ്‌ലാമിക ലക്ഷദ്വീപിന് തീരാനഷ്ടമാണ്. ഉസ്താദിന്റെ വേര്‍പാട് കൊണ്ട് ദ്വീപിന്റെ ദീനീ രംഗത്തുണ്ടാകുന്ന ശൂന്യത മറ്റൊരാളെക്കൊണ്ട് നികത്താനാവാത്തതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."