നീന്തലറിയാതെ പുതുതലമുറ; അഞ്ചു മാസത്തിനിടെ മുങ്ങിമരിച്ചത് 56 കുട്ടികള്‍
#ഹംസ ആലുങ്ങല്‍
കോഴിക്കോട്: പുതിയ തലമുറയിലെ കുട്ടികളില്‍ 90 ശതമാനത്തിനും നീന്തല്‍ വശമില്ല. നീന്തല്‍ പഠിക്കാന്‍ അവസരവുമില്ല. ഇതുമൂലം സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ മുങ്ങി മരിച്ചത് 56 കുട്ടികളാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതലുള്ള അപകടങ്ങളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചത്.
കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ പല ജില്ലകളിലും തുടങ്ങിയ പോര്‍ട്ടബിള്‍ സ്വിമ്മിങ് പൂളുകളിലെ പരിശീലനങ്ങളും മുടങ്ങിയിരിക്കുകയാണ്. എന്‍. എസ്.എസ് വിവിധയിടങ്ങളില്‍ നടത്തിയ സര്‍വേകളില്‍ നീന്തലറിയാത്തവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്. 88 ശതമാനം പെണ്‍കുട്ടികളും നീന്തലറിയാത്തവരാണെങ്കില്‍ ആണ്‍കുട്ടികള്‍ 76 ശതമാനമാണ്.
മലപ്പുറം മേലാറ്റൂരിനടുത്ത് ഷെഹിന്‍ എന്ന ഒന്‍പതുകാരന്റെ ദാരുണാന്ത്യം ഇതിലൊന്നാണ്. കുമ്പിടി ഉമ്മത്തൂര്‍ കടവില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചത് കഴിഞ്ഞ ഒക്ടോബര്‍ 19നായിരുന്നു. പന്ത്രണ്ട് വര്‍ഷം കാത്തിരുന്നിട്ട് കിട്ടിയ മകനെയടക്കമാണ് ഈ ദുരന്തത്തില്‍ കച്ചേരിപ്പറമ്പിലെ കുടുംബത്തിന് നഷ്ടമായത്.
വിനോദയാത്രക്കിടെ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ മുങ്ങി മരിക്കുന്നവരിലും ക്വാറിയിലും പുഴയിലും കുളക്കടവിലും കുളിക്കാനിറങ്ങി മരിക്കുന്നവരിലും വിദ്യാര്‍ഥികളാണ് കൂടുതല്‍. ഇവര്‍ക്കൊന്നും നീന്തല്‍ വശമില്ലെന്നതുകൊണ്ടു കൂടിയാണ് ചെറിയ അപകടങ്ങളില്‍ പോലും ജീവന്‍ നഷ്ടമാകുന്നത്. സെപ്റ്റംബര്‍ 23ന് ചവറയിലെ ദേശീയ ജലപാതയില്‍ വെള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ നീന്തിരക്ഷപ്പെട്ടപ്പോള്‍ ഷിജുവെന്ന കുട്ടിക്ക് വിനയായത് നീന്തല്‍ അറിയാത്തതായിരുന്നു.
ഒക്ടോബര്‍ 25ന് നീന്തല്‍ പരിശീലിക്കുന്നതിനിടെയാണ് ഒറ്റപ്പാലത്ത് പിതാവും മകനും കുളത്തില്‍ മുങ്ങിമരിച്ചത്. ഗള്‍ഫില്‍ നിന്ന് അവധിയിലെത്തിയ പിതാവും പത്താം ക്ലാസുകാരനായ മകനുമാണ് മരിച്ചത്. പൈതല്‍ മല വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത് ഇതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥികളായ ഇവര്‍ക്കും നീന്തലറിയുമായിരുന്നില്ല. നീന്തല്‍ മത്സരത്തിനിടെ പോലും വിദ്യാര്‍ഥി മുങ്ങി മരിച്ച സംഭവത്തില്‍ എ.ഇ.ഒ ഉള്‍പ്പെടെ ഒന്‍പതു പേര്‍ തലശ്ശേരിയില്‍ അറസ്റ്റിലായതും കഴിഞ്ഞ സെപ്റ്റംബറിലാണ്.
പല ദുരന്തങ്ങളും ഉണ്ടാകുമ്പോഴാണ് നീന്തല്‍ പരിശീലനത്തെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. അപ്പോള്‍ ചില പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും പ്രാവര്‍ത്തികമാകുന്നില്ല.
അരീക്കോട് ചാലിയാര്‍ പുഴയില്‍ എട്ട് കുട്ടികള്‍ ദാരുണമായി മരിച്ചപ്പോഴും തട്ടേക്കാട്, കുമരകം ബോട്ടപകടം എന്നിവ ഉണ്ടായപ്പോഴും നീന്തല്‍ പരിശീലനം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നിരുന്നു. ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷനുകളുടെ നിര്‍ദേശവും ഇതുവരെ നടപ്പായിട്ടില്ല. തട്ടേക്കാട് ബോട്ടപകടത്തില്‍ 18 പേര്‍ മരിച്ചപ്പോള്‍ അതില്‍ 15 പേരും വിദ്യാര്‍ഥികളായിരുന്നു. ഓരോ വിദ്യാലയങ്ങളിലും ഒരു നീന്തല്‍ക്കുളം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."