ബി.ജെ.പിയിലെ ഗ്രൂപ്പിസം:തെരഞ്ഞെടുപ്പ് ചുമതല കെ.സുരേന്ദ്രന് നല്‍കിയേക്കും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ഗ്രൂപ്പ് സമവാക്യം പാലിക്കുന്നതിന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ ചുമതല ജനറല്‍ സെക്രട്ടറിയായ കെ.സുരേന്ദ്രന് നല്‍കാന്‍ ആലോചന. അടുത്തമാസം ആദ്യം കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വരവോടെയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
ശബരിമല വിഷയത്തില്‍ ആരംഭിച്ച സമരത്തില്‍ ഉള്‍പ്പെടെ ബി.ജെ.പിയിലെ ഗ്രൂപ്പിസം പ്രകടമായിരുന്നു. സുരേന്ദ്രനെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ കാര്യമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ കൃഷ്ണദാസ് പക്ഷത്തിനൊപ്പം ചേര്‍ന്ന സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള തയാറായില്ലെന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ വി.മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് മുന്‍പ് മുരളീധര പക്ഷത്തിന് ശക്തമായൊരു സ്ഥാനം കൊടുക്കാനുള്ള നീക്കം നടക്കുന്നത്.
കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കണമെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്ക് ശ്രീധരന്‍പിള്ളയുടെ നേതൃത്വം പോരെന്ന വിമര്‍ശനവുമുണ്ട്.
ഈ സാഹചര്യത്തില്‍ എതിരാളികളുമായി തെരഞ്ഞെടുപ്പുകാലത്ത് പൊരുതിനില്‍ക്കാന്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സുരേന്ദ്രനെ തെരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിക്കണമെന്നാണ് മുരളീധര പക്ഷത്തിന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശ്രീധരന്‍പിള്ളയെ മാറ്റി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേന്ദ്രനെ കൊണ്ടുവരുന്നതും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെയാകെ ചുമതല സുരേന്ദ്രന് നല്‍കണമെന്നതിലേക്ക് കേന്ദ്ര നേതൃത്വവും എത്തുന്നത്. ഈ മാസം അവസാനത്തോടെ സമരങ്ങള്‍ അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോകാനാണ് ബി.ജെ.പിയുടെ തീരുമാനം. അടുത്തമാസം അമിത്ഷാ എത്തുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ളവ നടത്തുകയും ശക്തമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോകാനുമാണ് ബി.ജെ.പി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."