പി. മോഹനന് നിലപാട് മാറ്റിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലം: എം.കെ മുനീര്‍
കോഴിക്കോട് : പന്തീരങ്കാവില്‍ സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് എന്‍.ഐ.എക്ക് നല്കിയ വിഷയത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന് നിലപാട് മാറ്റിയത് മുഖ്യമന്ത്രിയുടെ ഉഗ്രശാസനയെ തുടര്‍ന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നുവെന്ന് മോഹനന് പറഞ്ഞത് പരിഹാസ്യമാണ്. പറഞ്ഞതു മുഴുവന്‍ ദൃശ്യ മാധ്യമങ്ങള്‍ റെക്കോര്‍ഡ് ചെയ്തുവെന്നിരിക്കെയാണ് ഇങ്ങനെ പറയുന്നതെന്നും എം.കെ മുനീര്‍ പറഞ്ഞു.
യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു മോഹനന് ആദ്യം പറഞ്ഞ കാര്യങ്ങള്‍. അലനെയും ത്വാഹയെയും പൊലിസ് പിടികൂടിയത് മുതല്‍ യു.ഡി.എഫ് പറഞ്ഞത് അവരെ എന്‍.ഐ.എക്ക് വിട്ടു നല്‍കരുതെന്നായിരുന്നു. മാവോയിസ്റ്റുകളെന്ന് പറയാനാവില്ലെങ്കില്‍ എന്തിനാണ് ഇവരെ എന്‍.ഐഎക്ക് വിട്ടു നല്‍കിയത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ ഇത്തരത്തിലുള്ള ദുര്യോഗമാണെങ്കില് മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോയെന്നും എം.കെ മുനീര്‍ ചോദിച്ചു.
എന്‍.ആര്.സി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പിണറായി വിജയന് പ്രസ്താവിച്ചത് വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. യു.എ.പി.എക്ക് എതിരെ സംസാരിച്ച മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നതിന് നേതൃത്വം നല്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ പ്രസ്താവനകള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."