ടി.ടി.ആറിന്റെ മനോധൈര്യവും സഹയാത്രികയുടെ പിന്തുണയും ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം
ലഖ്‌നൗ: ഡല്‍ഹി-ദിബ്രൂഗാര്‍ ബ്രഹ്മപുത്ര എക്‌സ്പ്രസ് ബുധനാഴ്ച ഒരു മംഗളകാര്യത്തിന് വേദിയായി. ഡല്‍ഹിയില്‍ നിന്നും ഭര്‍ത്താവിനൊപ്പം അലഹബാദിലേക്ക് യാത്ര ചെയ്യവെയാണ് അപ്രതീക്ഷിതമായി യാത്രക്കാരി മനീഷക്ക് പ്രസവവേദനയുണ്ടായത്. പതിയെ വേദന അസഹ്യമായിത്തുടങ്ങി. കാന്‍പൂരിലേക്കെത്താന്‍ ഇനിയും മണിക്കൂറുകളുണ്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ടിക്കറ്റ് എക്‌സാമിനര്‍ മനോജ് കുമാറിന് വേറെ വഴികളൊന്നുമുണ്ടായിരുന്നില്ല. വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനറാണ് മനോജ്. അടിയന്തിരമായി എന്തെങ്കിലും ചെയ്യണം. കോച്ചില്‍ നിന്ന് ബാക്കിയുള്ളവരെ മാറ്റി യുവതിക്ക് സാധ്യമായ സൗകര്യങ്ങള്‍ അദ്ദേഹം ഒരുക്കിക്കൊടുത്തു. ക്ഷണനേരത്തെ അന്വേഷണത്തിനൊടുവില്‍ പ്രസവശുശ്രൂഷ ചെയ്ത് പരിചയമുള്ള ഒരാളെ യാത്രക്കാരികളില്‍ നിന്ന് തന്നെ യുവതിക്ക് പരിചാരികയായും വെച്ച് കൊടുത്തു. കാന്‍പൂരിലെ റെയില്‍വേ ആസ്ഥാനത്തേക്ക് വിളിച്ച് യുവതിക്കാവശ്യമായ വൈദ്യസഹായം ലഭ്യമാക്കാന്‍ ഡോക്ടര്‍മാരെ ഒരുക്കിനിര്‍ത്താനും ആവശ്യപ്പെട്ടു.
ഉച്ചയോടെ കാന്‍പൂരിലെത്തിയ യുവതിയെയും കുഞ്ഞിനെയും വൈദ്യസംഘം വിശദമായി പരിശോധിച്ചു.'അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'. പ്രശ്‌നങ്ങളൊന്നുമില്ല. യാത്ര വീണ്ടും തുടര്‍ന്നു. അലഹബാദില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ യുവതിയെ മനോജ് കുമാര്‍ കൈവീശി അഭിവാദ്യം ചെയ്തു; 'ഈ യാത്രയും സഫലമാകട്ടെ'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."