സെമി ഹൈസ്പീഡ് റെയില്‍: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കം 66,000 കോടിയുടെ പദ്ധതിക്ക് ഏറ്റെടുക്കുന്നത് 1,026 ഹെക്ടര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സാധ്യതാ പഠന റിപ്പോര്‍ട്ട് പ്രകാരം 1,226 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എന്നാല്‍, നിലവിലുള്ള ലൈനിന് സമാന്തരമായി പുതിയ പാത പോകുന്ന ഭാഗത്തുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഉദ്ദേശം 200 ഹെക്ടര്‍ ഭൂമി ഈ നിലയില്‍ ലഭിക്കും. ബാക്കി ഏറ്റെടുത്താല്‍ മതി.
സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ആവശ്യമായ ലാന്റ് അക്വിസിഷന്‍ സെല്ലുകള്‍ ഉടനെ ആരംഭിക്കും. ഇന്ത്യന്‍ റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിയുള്ള കമ്പനിയാണ് 66,000 കോടി രൂപ ചെലവു വരുന്ന പദ്ധതി ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളില്‍ നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുക. ജര്‍മന്‍ ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക) എന്നിവയുമായി വായ്പ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയിലിലൂടെ ഓടുന്ന വണ്ടികളുടെ വേഗം 200 കി.മീറ്റര്‍ എന്നത് റെയില്‍വേ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലും നാലു മണിക്കൂര്‍കൊണ്ട് കാസര്‍കോട്ടും എത്താന്‍ കഴിയും.
532 കി.മീറ്ററാണ് പാതയുടെ മൊത്തം നീളം. പാതയുടെ ആകാശ സര്‍വെയും ട്രാഫിക് സര്‍വെയും പൂര്‍ത്തിയായി. 2020 മാര്‍ച്ചില്‍ അലൈന്‍മെന്റിന് അവസാന രൂപമാകും. ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കാനും 2024 ല്‍ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ പത്ത് സ്റ്റേഷനുകളാണുണ്ടാവുക. സെമി ഹൈസ്പീഡ് റെയില്‍ യാഥാര്‍ഥ്യമായാല്‍ റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പദ്ധതി പൂര്‍ത്തിയായാല്‍ പരോക്ഷ തൊഴില്‍ ഉള്‍പ്പെടെ ഉദ്ദേശം 11,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ചീഫ്‌സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി വി. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."