കുടുംബത്തെ കാണണ്ടേയെന്ന് ചോദ്യം: പ്രതികളുടെ മറുപടി 'മൗനം'
ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു തൂക്കിലേറ്റാനിരിക്കെ അവസാന ആഗ്രഹങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ ഡല്‍ഹി നിര്‍ഭയാ കേസ് പ്രതികള്‍. വധശിക്ഷയ്ക്കു മുന്‍പ് കുടുംബത്തെ കാണുക, സ്വത്തുക്കള്‍ കൈമാറുക തുടങ്ങിയ കാര്യങ്ങളില്‍ പ്രതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
വധശിക്ഷയ്ക്കു മുന്‍പ് അവസാനമായി കുടുംബാംഗങ്ങളെ കാണാനും അതിനുള്ള സമയം തെരഞ്ഞെടുക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. അതുപോലെ സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ എന്തു ചെയ്യണമെന്നും നിര്‍ദേശിക്കാം. എന്നാല്‍, ഇക്കാര്യത്തില്‍ ജയില്‍ അധികൃതര്‍ നോട്ടിസ് നല്‍കിയിട്ടും പ്രതികള്‍ പ്രതികരിച്ചിട്ടില്ല. പ്രതികളില്‍ രണ്ടുപേരുടെ ദയാ ഹരജികള്‍ രാഷ്ട്രപതി തള്ളിയെങ്കിലും മറ്റു രണ്ടുപേര്‍ക്ക് ദയാ ഹരജി സമര്‍പ്പിക്കാന്‍ ഇനിയും അവസരമുണ്ട്. അതിനാല്‍ വധശിക്ഷ നീളുമെന്ന പ്രതീക്ഷയിലാണ് പ്രതികളെന്നാണ് വിവരം.
കേസില്‍ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് സിങ്, പവന് ഗുപ്ത എന്നിവരെയാണ് വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്. ഇവരെ ജനുവരി 22നു തൂക്കിലേറ്റാന്‍ മരണ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നെങ്കിലും രണ്ടുപേര്‍ ദയാഹരജി നല്‍കിയതോടെ വധശിക്ഷ ഫെബ്രുവരി ഒന്നിലേക്കു മാറ്റുകയായിരുന്നു.
അതേസമയം, രാജ്യത്തു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ ഇത്തരത്തില്‍ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് ശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനെതിരേ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."