കേരള-തെലങ്കാന സാംസ്‌കാരികോത്സവത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം
തിരുവനന്തപുരം:സാംസ്‌കാരിക വകുപ്പ് തെലങ്കാന സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ഹൈദരാബാദില്‍ നടത്തുന്ന മൂന്ന് ദിവസത്തെ കേരള-തെലങ്കാന സാംസ്‌കാരിക പൈതൃകോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 6.30ന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
തെലങ്കാന ടൂറിസം മന്ത്രി അസ്മിര ചന്ദുലാല്‍ മുഖ്യാതിഥിയാകും. ഈ മാസം 25,26,27 തിയതികളില്‍ ഹൈദരാബാദിലെ പ്രിയദര്‍ശിനിഹാള്‍, ജവഹര്‍ ബാലഭവന്‍ പബ്ലിക് ഗാര്‍ഡന്‍സ്, രവീന്ദ്രഭാരതി കോണ്‍ഫറന്‍സ് ഹാള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിന്റെ സമ്പന്നമായ പൈതൃകവും കലകളും പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന പൈതൃകോത്സവങ്ങളില്‍ ആദ്യത്തേതാണിത്. തെലങ്കാന സംസ്ഥാനത്തെ മലയാളികളുടെ സംഘടനകള്‍ കൂട്ടായ്മയില്‍ പങ്കെടുക്കും.
നാടന്‍കലാപരിപാടികള്‍, സെമിനാറുകള്‍, പുരാവസ്തു, പുരാരേഖാ പ്രദര്‍ശനം, ചിത്രകലാപ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്കുള്ള പ്രശ്‌നോത്തരി, ചിത്രരചനാ മത്സരങ്ങള്‍,പുസ്തകപ്രദര്‍ശനം,സിനിമാ പ്രദര്‍ശനം എന്നിവയുണ്ടാകും. 26ന് പ്രിയദര്‍ശിനി ഹാളില്‍ സാഹിത്യ സെമിനാറിലും സംവാദത്തിലും എന്‍.എസ് മാധവന്‍, സുജാ സൂസന്‍ ജോര്‍ജ്, അശോകന്‍ ചരുവില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."