എല്ലാറ്റിനും മുകളിലല്ല വിജിലന്‍സ്
കഴിഞ്ഞ മൂന്നു ദിവസം തുടര്‍ച്ചയായ വിമര്‍ശനമാണു ഹൈക്കോടതിയില്‍നിന്നു വിജിലന്‍സിനു നേരിടേണ്ടി വന്നത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനവും അപ്രമാദിത്വമുള്ളവയല്ല. പരിധിവിടുന്ന വിജിലന്‍സിനു ഹൈക്കോടതി കടിഞ്ഞാണിടുകയാണ്. മൂന്നാംദിവസവും വിജിലന്‍സിനെതിരായ പരാമര്‍ശത്തിലാണു വിജിലന്‍സിനു മാര്‍ഗരേഖ അത്യാവശ്യമായിരിക്കുന്നുവെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പെടുന്ന കാര്യങ്ങള്‍ മാത്രമേ വിജിലന്‍സിന്റെ അന്വേഷണവലയത്തില്‍ വരുന്നുള്ളൂ. സര്‍ക്കാര്‍ നിയമനങ്ങളിലും ഉത്തരവുകളിലും നടപടികളിലും ഇടപെടാന്‍ വിജിലന്‍സ് അധികാരത്തിനു പരിമിതിയുണ്ട്. ഇതുസംബന്ധിച്ചു വ്യക്തതയുണ്ടാകണമെന്നു കഴിഞ്ഞദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡി.ജി.പി റാങ്ക് നല്‍കി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണം നിര്‍ദ്ദേശിച്ചതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ ഗൗരവമായ നിരീക്ഷണമാണു തുടര്‍ന്നുള്ള മൂന്നുദിവസങ്ങളിലും വിജിലന്‍സിനെതിരേ പരാമര്‍ശങ്ങളുയര്‍ത്തുന്നതില്‍ എത്തിച്ചത്. ഇത്തരമൊരു പരാതി അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കാമോ എന്നതായിരുന്നു കോടതിയുടെ ചോദ്യം.
ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമാണെങ്കിലും ഉന്നതോദ്യോഗസ്ഥരുടെ പ്രമോഷന്‍ സംബന്ധമായ കാര്യങ്ങള്‍ സര്‍ക്കാറിന്റെ അധികാരത്തില്‍പെട്ടതാണെന്നും പൊലിസ് ഓഫീസര്‍മാര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ നിയമസാധുതയും ഔചിത്യവും തീരുമാനിക്കാന്‍ വിജിലന്‍സ് കോടതി തയാറായത് അനുചിതമാണെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. സംസ്ഥാനം വിജിലന്‍സ് രാജിലേക്കോ എന്നാണു ഹൈക്കോടതി ചോദിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇത്തരമൊരു പരാമര്‍ശം ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ഹൈക്കോടതി നടത്തിയതെങ്കില്‍ തൊട്ടടുത്തദിവസം വീണ്ടും ഹൈക്കോടതിക്കു വിജിലന്‍സിന്റെ അമിതാധികാര ഉപയോഗത്തിനെതിരേ പരാമര്‍ശിക്കേണ്ടി വന്നു. കെ.എം മാണി ഉള്‍പ്പെട്ട ബാര്‍കോഴക്കേസില്‍ മുന്‍സര്‍ക്കാറിന്റെ കാലത്തു തുടരന്വേഷണം ആവശ്യമില്ലെന്നു നിലപാടെടുത്ത വിജിലന്‍സ്, ഭരണം മാറിയപ്പോള്‍ തുടരന്വേഷണം വേണമെന്ന നിലപാടെടുത്തതിന് എതിരേയായിരുന്നു ഹൈക്കോടതിയുടെ നിശിതവിമര്‍ശനം.
ബാര്‍കോഴക്കേസിലെ അന്വേഷണോദ്യോഗസ്ഥനോട് അന്വേഷണ റിപ്പോര്‍ട്ടു ചോദിച്ചപ്പോള്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍.സുകേശന്‍ റിപ്പോര്‍ട്ടു നല്‍കിയതിനെയും കോടതി വിമര്‍ശിക്കുകയുണ്ടായി. കേസില്‍ സുകേശനുള്ള താല്‍പര്യത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു. നേരത്തെ തുടരന്വേഷണത്തെ എതിര്‍ത്ത വിജിലന്‍സ് ഇപ്പോള്‍ തുടരന്വേഷണത്തെ അനുകൂലിക്കുന്ന നിലപാടെടുത്തതു ഭരണം മാറിയതുകൊണ്ടാണോയെന്നും സര്‍ക്കാര്‍ മാറുമ്പോള്‍ വിജിലന്‍സിന്റെ നിലപാടു മാറുന്നതെന്തിനെന്നും കോടതി ചോദിച്ചിരുന്നു.
സംസ്ഥാനം വിജിലന്‍സ് രാജിലേക്കു പോകുന്നത് സര്‍ക്കാര്‍ അനുവദിക്കണോയെന്നു കഴിഞ്ഞദിവസം ചോദിച്ച ഹൈക്കോടതി തൊട്ടടുത്ത ദിവസം രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും വിജിലന്‍സിനെ ഓര്‍മിപ്പിക്കുകയുണ്ടായി. ഹൈക്കോടതിയുടെ ചോദ്യത്തില്‍ അരിശം പൂണ്ടാണോ തൊട്ടടുത്തദിവസം വന്‍കിടപദ്ധതികളിലെ അഴിമതികള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുകയില്ലെന്ന നോട്ടിസ് വിജിലന്‍സ് ആസ്ഥാനത്ത് പതിച്ചത്.
വിജിലന്‍സിന്റെ അപ്രമാദിത്വത്തിനെതിരേ ഹൈക്കോടതി വിരല്‍ചൂണ്ടിയപ്പോള്‍ സര്‍ക്കാറിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരേ വിമര്‍ശനമുന്നയിച്ചപ്പോള്‍ വിജിലന്‍സ് രാജാണോ നടപ്പിലാക്കുന്നതെന്ന ചോദ്യമുയര്‍ത്തിയപ്പോള്‍ എങ്കില്‍ അഴിമതി നടക്കട്ടെയെന്ന മട്ടില്‍ ഓഫീസില്‍ അഴിമതി പരാതികള്‍ അന്വേഷിക്കുകയില്ലെന്ന നോട്ടീസ് പതിച്ചത് വിജിലന്‍സിന്റെ ധാര്‍ഷ്ട്യമായേ കാണാനാകൂ. ഇത് ആദ്യമാണു സര്‍ക്കാറിന്റെ ഒരു വകുപ്പ് കോടതിക്കെതിരേ ഇങ്ങനെ പരസ്യമായി അവഹേളപരമായ നിലപാടെടുക്കുന്നത്.
തൊട്ടടുത്ത ദിവസം നോട്ടീസ് മാറ്റിയെങ്കിലും അതു പതിക്കാനിടയായ ചേതോവികാരം അംഗീകരിക്കാനാവില്ല. നിയമത്തിനും നിയമവാഴ്ചക്കും ഒരുവിഭാഗം മാത്രം അതീതരാകുന്നതു ജനാധിപത്യസംവിധാനത്തിനും സുതാര്യമായ നിയമവാഴ്ചക്കും ഭൂഷണമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."