അമലിന്റെ അവയവങ്ങള്‍ നാലു പേരിലൂടെ ജീവിക്കും
തിരുവനന്തപുരം: ഭര്‍ത്താവും ഏകമകനും നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും തളരാതെ വിജയശ്രീ മകന്റെ അവയവങ്ങള്‍ ദാനം ചെയ്തത് നാലുപേര്‍ക്ക്.
ഉറ്റവരുടെ അപ്രതീക്ഷിത വിയോഗത്തിലും പതറാത്ത കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ മഹാമനസ്‌കതയെ നാടൊന്നടങ്കം വാഴ്ത്തുകയാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനങ്ങള്‍ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകന്‍ അമല്‍ എന്ന ഇരുപത്തൊന്നുകാരന്‍.
അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു അമല്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പിതാവുമായി വീട്ടിലേക്ക് വരവെയാണ് അപകടത്തിപ്പെട്ടത്. അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള(58) ഷാര്‍ജ പൊലിസിലെ ജോലിയില്‍ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ പിതാവും മകനും സഞ്ചരിച്ച കാര്‍ ഭരണിക്കാവ് വച്ച് ബസുമായി കൂട്ടിയിടിച്ച് രാജന്‍ പിള്ള തല്‍ക്ഷണം മരണമടയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് നഷ്ടപ്പെട്ട ദുഖം മാറുന്നതിന് മുന്‍പുതന്നെ മകന്റെ മരണ വാര്‍ത്തയുമെത്തി.
മകന്‍ അമല്‍ രാജിന്റെ മസ്തിഷിക മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനിയിലെ പ്രവര്‍ത്തകര്‍ അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ മഹാദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രണ്ടു രോഗികള്‍ക്കും കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി. അമലിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ ഇന്നലെ നാല് മണിയോടെ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."