മേല്‍പ്പാല നിര്‍മാണത്തിന് കേന്ദ്രത്തിന്റെ ഉടക്ക്
കല്‍പ്പറ്റ: കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാത 766ലെ ബന്ദിപ്പുര വനപ്രദേശത്ത് മേല്‍പ്പാലങ്ങളും ഇരുമ്പ്-ജൈവ വേലികളും നിര്‍മിച്ചു രാത്രിയാത്ര നിയന്ത്രണത്തിനു പരിഹാരം കാണാനുള്ള കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയത്തിന്റെ പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുവപ്പുകൊടി.
മേല്‍പ്പാലം പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കില്ലെന്ന് സഹമന്ത്രി ഡോ. മഹേഷ് ശര്‍മ തിങ്കളാഴ്ച രാജ്യസഭയില്‍ അറിയിച്ചു. ഇക്കാര്യം ഇന്നലെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ ബംഗളൂരു പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെ കര്‍ണാടകയിലെ രാത്രിയാത്രാ നിരോധന അനുകൂലികള്‍ ആഹ്‌ളാദത്തിലാണ്. മേല്‍പ്പാലം നിര്‍മാണച്ചെലവിന്റെ വിഹിതമായി കേരള സര്‍ക്കാര്‍ 250 കോടി രൂപ അനുവദിച്ച ഉത്തരവായിരിക്കെയാണ് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രിയുടെ പ്രസ്താവന.
ദേശീയപാതയില്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ 2009 മുതല്‍ തുടരുന്നാണ് രാത്രിയാത്രാ നിയന്ത്രണം. ഇതു മറികടക്കുന്നതിന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയം നിര്‍ദേശിച്ചതാണ് 500 കോടി രൂപ ചെലവ് കണക്കാക്കുന്ന മേല്‍പ്പാലം പദ്ധതി.
ഒരു കിലോമീറ്റര്‍ ഇടവിട്ട് ബന്ദിപ്പുര വനത്തില്‍ നാലും വയനാട് വന്യജീവി സങ്കേതത്തില്‍ ഒന്നും മേല്‍പ്പാലങ്ങളാണ് മന്ത്രാലയം നിര്‍ദേശിച്ചത്. പാലം ഇല്ലാത്ത ഭാഗങ്ങളില്‍ വന്യജീവികള്‍ റോഡിലേക്കിറങ്ങുന്നത് ഒഴിവാക്കുന്നതിന് എട്ടടി ഉയരത്തില്‍ ഇരുമ്പു-ജൈവ വേലി നിര്‍മാണവും നിര്‍ദേശിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തുടക്കത്തില്‍ സ്വാഗതം ചെയ്‌തെങ്കിലും പിന്നീട് പദ്ധതിക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ദേശീയപാതയിലെ രാത്രിയാത്ര നിയന്ത്രണത്തിന് പരിഹാരമാണ് 75 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഹുന്‍സൂര്‍-ഗോണിക്കുപ്പ-കുട്ട-മാനന്തവാടി റോഡെന്ന വാദമാണ് കര്‍ണാടക ഉയര്‍ത്തുന്നത്. ദേശീയപാതയില്‍ ബന്ദിപ്പുര വനത്തില്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെയാണ് രാത്രി യാത്രാ നിയന്ത്രണം. കേരള കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളുടേതായി നാലു വീതം ബസുകള്‍ക്കു മാത്രമാണ് നിയന്ത്രണ സമയത്ത് സര്‍വിസ് നടത്താന്‍ അനുവാദം. ആംബുലന്‍സുകള്‍ക്കും അഗ്നി-രക്ഷാസേനയുടെ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. ടൂറിസ്റ്റ് ബസുകളും ചരക്കുലോറികളും അടക്കം മറ്റു വാഹനങ്ങള്‍ ദേശീയപാതയില്‍ കടുവാസങ്കേതത്തിന്റെ രണ്ടതിരുകളിലുമായി പിടിച്ചിടുകയാണ് ചെയ്യുന്നത്.
രാത്രിയാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം ദേശീയപാതയില്‍ ബന്ദിപ്പുര വനഭാഗത്തു വാഹനങ്ങള്‍ കയറി കൊല്ലപ്പെടുന്ന വന്യജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കര്‍ണാടകയിലെ വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. കള്ളക്കടത്തും നായാട്ടും ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിലെ പരിസ്ഥിതി സംഘടനാ ഭാരവാഹികളും ഇതു ശരിവയ്ക്കുന്നുണ്ട്. രാത്രി ഒമ്പതു മണിക്കൂറാണ് ദേശീയപാതയില്‍ രാത്രിയാത്രാ നിയന്ത്രണം. ഇത് 12 മണിക്കൂറായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരേ കര്‍ണാടകയില്‍ സേവ ടൈഗര്‍ കാംപയിന്‍ സംഘടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ദേശീയപാതയില്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ച് 2009ല്‍ അന്നത്തെ ചാമരാജ് നഗര്‍ ജില്ലാ ഡപ്യൂട്ടി കമ്മിഷണറാണ് ഉത്തരവായത്. ബന്ദിപ്പുര വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് 2010 മാര്‍ച്ച് 13നു കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഇതിനെതിരേ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ദീര്‍ഘകാലമായി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
കര്‍ണാടക-കേന്ദ്ര സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തണം
സുല്‍ത്താന്‍ ബത്തേരി: ദേശീയ പാത 766-ലെ രാത്രിയാത്രാ നിരോധന പ്രശ്‌നം പരിഹരിക്കാനുളള മേല്‍പ്പാല പദ്ധതിക്ക് പുതിയ തടസങ്ങള്‍ ഉയരുന്നതിന് കാരണം കേരള സര്‍ക്കാരിന്റെ അനാസ്ഥയും ഒരു ലോബിയുടെ അവിഹിത സ്വാധീനവുമാണെന്ന് നീലഗിരി വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി.
മേല്‍പ്പാല പദ്ധതിക്ക് വരുന്ന ചെലവിന്റെ പകുതി നല്‍കാമെന്ന് കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പകുതി തുക നല്‍കാമെന്ന് കേരള സര്‍ക്കാരും കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനം തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. തീരുമാനം സുപ്രിംകോടതിയെ അറിയിച്ച് തുടര്‍നടപടികള്‍ വേഗത്തിലാക്കാനും കര്‍ണാടക സര്‍ക്കാരുമായും കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയവുമായും ചര്‍ച്ച നടത്തി അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ അമാന്തം തുടരുകയാണ്. സുപ്രിംകോടതി കമ്മിറ്റി രാത്രിയാത്രാനിരോധനത്തിന്റെ പരിഹാരം സംബന്ധിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ എന്‍.എച്ച് 766 ലെ രാത്രിയാത്രാനിരോധനം തുടരണമെന്നും പകരമായി തലശ്ശേരി മൈസൂര്‍ റെയില്‍ പാത അനുവദിച്ചാല്‍ മതിയെന്നുമുളള കേരളസര്‍ക്കാര്‍ പ്രതിനിധികളുടെ ആവശ്യം ഏറെ വിവാദമായിരുന്നു. വലിയ സമരങ്ങള്‍ക്ക് ശേഷമാണ് ഇത് സര്‍ക്കാര്‍ തിരുത്തിച്ചത്. സുപ്രിംകോടതിയില്‍ സീനിയര്‍ അഭിഭാഷകനെ നിയോഗിക്കാതെ കേസ് നീണ്ട് പോകുന്നതിന് പിന്നിലും ഇത്തരത്തിലുളള ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. കണ്‍വീനര്‍ അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ.പി. വേണുഗോപാല്‍, പി.വൈ മത്തായി, വി. മോഹനനന്‍, എം.എ അസൈനാര്‍, ഫാ. ടോണി കോഴിമണ്ണില്‍, മോഹന്‍ നവരംഗ്, ജോസ് കപ്പ്യാര്‍മല, ജോയിച്ചന്‍ വര്‍ഗീസ്, ജേക്കബ് ബത്തേരി, അബ്ദുല്‍ റസാഖ്, നാസര്‍ കാസിം, ഷംസാദ്, അനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."