വാക്കും പ്രവൃത്തിയും ഒന്നാകലാണ് പ്രധാനം
''എന്റെ സര്‍ക്കാരിന്റെ വേദഗ്രന്ഥം ഭരണഘടനയാണ്. ആ വിശുദ്ധഗ്രന്ഥം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വിശ്വാസസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും വോട്ടവകാശവും തുല്യതയും ഉറപ്പുനല്‍കുന്നതാണ്. ഇന്ത്യക്കാരില്‍ ആരുടെയും കുലവും ജാതിയും മതവും നോക്കിയല്ല ഭരണഘടന ആ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത്.''
2016 ജൂണ്‍ 8 ന് അമേരിക്കയുടെ ജനപ്രതിനിധിസഭയായ കോണ്‍ഗ്രസിനെ അഭിമുഖീകരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി നടത്തിയ പ്രസംഗത്തിലെ വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ഏതൊരു ഇന്ത്യന്‍ പൗരനും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന (അതൊന്നു തിരുത്തിപ്പറഞ്ഞാല്‍, സംഭവിക്കണമെന്ന് ആഗ്രഹിക്കുന്ന) മഹത്തായ കാര്യമാണത്. അങ്ങനെയൊരു ഇന്ത്യയില്‍ ജീവിക്കാന്‍ ആര്‍ക്കാണ് കൊതിയില്ലാതിരിക്കുക!
മുകളിലുദ്ധരിച്ച വാക്യങ്ങള്‍ക്കു തൊട്ടുപിന്നാലെ പ്രധാനമന്ത്രി ഇത്രയുംകൂടി പറഞ്ഞു, ''എന്റെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്കാണ് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭരണഘടനാദത്തമായ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുന്നത്. അതേസമയം, 125 കോടി ജനങ്ങള്‍ക്കും ഭീതിയില്ലാത്ത ജീവിതം നയിക്കാന്‍ കഴിയുന്നുണ്ട്. അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും ഭയരഹിതമാണ്.''
ആ വാക്കുകള്‍ ആ ഹാളില്‍ തിങ്ങിനിറഞ്ഞ പ്രതിനിധികളെല്ലാം ഹര്‍ഷാരവം മുഴക്കിയാണ് എതിരേറ്റത്. ജനസംഖ്യയുടെ പെരുപ്പത്തില്‍ ലോകത്തു രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഒരു രാജ്യത്തെ ജനങ്ങളെല്ലാം ഒരു പേടിയുമില്ലാതെ പൂര്‍ണസംതൃപ്തരായാണു ജീവിക്കുന്നതെന്നു കേട്ടാല്‍ അവിശ്വാസത്തോടെ വാപിളര്‍ക്കാത്തവരായി ആരാണുണ്ടാകുക. സമ്പത്തില്‍ ഇന്ത്യയേക്കാള്‍ എത്രയോ മുന്നില്‍നില്‍ക്കുന്ന അമേരിക്കപോലും അനുക്ഷണം അക്രമങ്ങളും കൊലപാതകങ്ങളും മറ്റും നടക്കുന്ന രാജ്യമാണല്ലോ. ആ അമേരിക്കക്കാര്‍ മോദിയുടെ വാക്കുകള്‍ കേട്ട് അത്ഭുതസ്തബ്ധരായാല്‍ അത്ഭുതത്തിന് അവകാശമില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രി യു.എസ് കോണ്‍ഗ്രസില്‍ ഇത്തരമൊരു പ്രസംഗം നടത്തിയതിനു തൊട്ടുതലേദിവസമാണ്, ഇങ്ങ് ഇന്ത്യയിലെ ഒരു തെരുവില്‍ സാധ്വി പ്രാഞ്ചി എന്ന വി.എച്ച്.പിയുടെ തീപ്പൊരിനേതാവ് സാമുദായികവിഷം വമിക്കുന്ന പ്രസംഗം നടത്തിയത്. ''ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ നമുക്കു കഴിഞ്ഞു. ഇനി വേണ്ടത് രാജ്യത്തെ മുസ്‌ലിംമുക്തമാക്കുകയാണ്.'' എന്നാണു പ്രാചി പറഞ്ഞത്.
ഈ വിഷംചീറ്റല്‍ എവിടെവച്ചാണെന്നുകൂടി ഓര്‍ക്കണം. സാമുദായികസംഘര്‍ഷം നടക്കുകയും 32 പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്ത റൂര്‍ക്കിയില്‍വച്ചാണ്, സര്‍വസംഗപരിത്യക്തമായ പരിവ്രാജകജീവിതം സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന സ്വാധി പ്രാചിയുടെ ഈ പ്രസംഗം നടന്നത്. പഴയഇരുമ്പുസാധനങ്ങളെടുക്കുന്ന കടകളൊഴിപ്പിക്കുന്ന വെറുമൊരു സാധാരണപ്രശ്‌നത്തെയാണ് റൂര്‍ഖിയില്‍ സാമുദായികസംഘര്‍ഷമാക്കി വളര്‍ത്തിയതെന്നും ഓര്‍ക്കണം.
അന്ധമായ സാമുദായികവിരോധംമൂലം ഷാറൂഖ്ഖാനും ആമിര്‍ഖാനും സല്‍മാന്‍ഖാനുമെതിരേ കഴിഞ്ഞവര്‍ഷം അതിരൂക്ഷമായ വിഷംചീറ്റല്‍ നടത്തിയ വിവാദനായികയാണ് സാധ്വി പ്രാചി. രാഷ്ട്രപിതാവായ ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നെന്നും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭീകരവാദികളുണ്ടെന്നും ആക്രോശിച്ച് അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും നേരേ കൊഞ്ഞനം കുത്തി. അവര്‍ മാത്രമോ, സാധ്വി നിരഞ്ജന്‍ ജ്യോതി, സാക്ഷി മഹാരാജ് തുടങ്ങിയ ജനപ്രതിനിധികളും അല്ലാത്തവരുമായ എത്രപേര്‍ ഈ നാട്ടിനെ വിഷലിപ്തമാക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ തീവ്രമായി പരിശ്രമിച്ചു. അപ്പോള്‍, ഒരിക്കലെങ്കിലും അവരെ വിമര്‍ശിക്കാനോ തള്ളിപ്പറയാനോ മോദി തയാറായോ.
സാധ്വി പ്രാചിയെപ്പോലുള്ളവര്‍ അവരുടെ സമുദായം സമ്പന്നവും സമൃദ്ധവുമാക്കാനല്ല ഇതൊക്കെ ചെയ്യുന്നതെന്നു നമുക്കറിയാം. ലക്ഷ്യം ഒന്നേയുള്ളു, അധികാരം. ഇത്തരം തീവ്രമായ പ്രചാരണങ്ങളുടെ ബലത്തിലാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളില്‍ പലതിലും ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. ഇനിയുള്ള ലക്ഷ്യം യു.പി പോലുള്ള സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുകയാണ്. അതിനുവേണ്ടിയാണ്, പുതിയ 'തെളിവു'മായി, ഒരിക്കല്‍ തങ്ങള്‍ വീട്ടില്‍ക്കയറി തല്ലിക്കൊന്ന, അഖ്‌ലാഖിന്റെ കുടുംബത്തെ വീണ്ടും വേട്ടയാടാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അത്തരം ഭീകരവാദശ്രമങ്ങളെ തള്ളിപ്പറയാന്‍ മോദി ഇന്നുവരെ ശ്രമിച്ചിട്ടില്ല.
ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്ന നാടിനെക്കുറിച്ചാണ്, '125 കോടി ജനങ്ങളും ഭയരഹിതരായി കഴിയുന്നുവെന്ന് ' നമ്മുടെ പ്രധാനമന്ത്രി വിദേശങ്ങളില്‍പ്പോയി പറയുന്നത്. അങ്ങനെയാണു സംഭവിക്കുന്നതെങ്കിലും അങ്ങനെ സംഭവിക്കാനാണു മോദി സര്‍ക്കാരും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അക്ഷീണം പ്രവര്‍ത്തിക്കുന്നതെങ്കിലും തീര്‍ച്ചയായും, ഇന്ത്യയിലെ ജനാധിപത്യ, മതേതരവിശ്വാസികളുടെ മുഴുവന്‍ ആദരവും പിന്തുണയും അദ്ദേഹത്തിനുണ്ടാകും. ''എന്റെ സര്‍ക്കാരിന്റെ മതം ഭരണഘടനയാണ് '' എന്ന് പ്രധാനമന്ത്രിയായി അധികാരമേറ്റ് ആദ്യമായി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ കോരിത്തരിച്ചവരാണ് ഇന്ത്യയിലെ മതേതരവിശ്വാസികള്‍.
കാരണം, ഇന്ത്യ ഭരിച്ച ഒരു പ്രധാനമന്ത്രിയും ഇത്രയും കര്‍ണാനന്ദകരമായ വാക്കുകള്‍ പറഞ്ഞിരുന്നില്ല. അനേക ജാതി, മത വിഭാഗങ്ങളിലും വ്യത്യസ്ത സാമ്പത്തികാവസ്ഥയിലും പെടുന്ന കോടിക്കണക്കിന് ഇന്ത്യക്കാരെ ഒന്നിച്ചുചേര്‍ക്കാന്‍ കഴിയുന്ന മാന്ത്രികക്കണ്ണിയാണ് ഇന്ത്യന്‍ ഭരണഘടന. അതിന്റെ മൂല്യം ഉള്‍ക്കൊണ്ടും ഉയര്‍ത്തിപ്പിടിച്ചും ഭരിച്ചാല്‍ ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യം ഇന്ത്യയായിരിക്കുമെന്നതില്‍ സംശയമില്ല. ആ ഭരണഘടനയാണ് തന്റെ സര്‍ക്കാരിന്റെ മതമെന്നു പറയുന്ന നേതാവിനെ ആരും ബഹുമാനിച്ചുപോകും.
എന്നാല്‍, ആയിരം ചാക്കു പഞ്ചസാരയെന്നു കടലാസില്‍ എഴുതിയാല്‍ മധുരിക്കില്ലല്ലോ. മോദി ചെയ്യുന്നത് അതാണ്. പ്രസംഗത്തില്‍, ഗംഭീരമായ ആംഗ്യവിക്ഷേപങ്ങളോടെ, അതിഗംഭീരമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നു. അതേസമയം, അനുയായികള്‍ അവ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്നു. പ്രഖ്യാപനങ്ങള്‍ പറയാനുള്ളതു മാത്രമല്ല, നടപ്പാക്കാന്‍ കൂടിയുള്ളതാണ്. എന്നാലേ, ഇന്ത്യയ്ക്കു തിളങ്ങാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."