കെ.എം മാണിക്ക് ലഭിക്കുമായിരുന്ന മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചത് ജോസഫെന്ന് ജോസ് പക്ഷം
സ്വന്തം ലേഖകന്‍
കോട്ടയം: കെ.എം മാണിക്ക് ഇ.എം.എസ് വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചത് പി.ജെ ജോസഫെന്ന ആരോപണവുമായി ജോസ് പക്ഷം. ജോസ് കെ. മാണി വിഭാഗത്തിന്റെ മുഖപത്രമായ പ്രതിഛായയുടെ പുതിയ ലക്കത്തിലാണ് ആരോപണം.
പി.കെ.വി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് കെ.എം മാണിയെ സംയുക്ത നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിന് തീരുമാനിച്ചു. മാണിയുടെ കാര്യത്തില്‍ തീരുമാനമാകണമെങ്കില്‍ എ.കെ ആന്റണി വിഭാഗത്തിന്റെ കത്ത് ഗവര്‍ണര്‍ക്ക് നല്‍കണമായിരുന്നു. ആ കത്ത് വൈകിപ്പിച്ചത് പി.ജെ ജോസഫായിരുന്നുവെന്നാണ് ആരോപണം. കത്ത് ലഭിക്കാന്‍ താമസിച്ചതുകൊണ്ട് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു. പി.ജെ ജോസഫ് സമ്മതിച്ചുവെങ്കില്‍ 1964ല്‍ ഉണ്ടായ കേരള കോണ്‍ഗ്രസിന് 13 വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിപദത്തിലേറാന്‍ കഴിയുമായിരുന്നു. പി.ജെ ജോസഫിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് പ്രതിച്ഛായയിലുടനീളം ഉള്ളത്. പി.ജെ ജോസഫ് വഞ്ചനയുടെ ചരിത്രം ആവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന പരാമര്‍ശം. ഉയിരുനല്‍കിയവര്‍ക്ക് ഉദയക്രിയ ചെയ്യുന്ന വിചിത്ര നടപടിയാണ് ജോസഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പ്രായം എണ്‍പതിനോട് അടുക്കുന്ന പി.ജെ ജോസഫ് ജോസ് കെ. മാണിക്ക് പക്വതയില്ലെന്ന് വാര്‍ത്താസമ്മേളനം നടത്തി പറയുന്നതില്‍ പക്വതയില്ലായ്മയുണ്ട്. കെ.എം മാണിയുടെ മകനായ ജോസ് കെ. മാണിയെ പുത്രതുല്ല്യനായി കൊണ്ടുനടക്കേണ്ടതിനുപകരം ജോസഫ് തന്റെ അധികാര മോഹങ്ങള്‍ക്കുവേണ്ടി ആരെയും ബലികൊടുക്കാന്‍ തയാറാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ജോസഫിന്റെ താന്‍പോരിമയും സ്വാര്‍ഥതയുമാണ് കഴിവുറ്റവ നേതാക്കളായ ടി.എം ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള, പി.സി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകാന്‍ കാരണമെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."