കത്തി കണ്ടെടുത്തു; മൂന്നുപേര്‍ കൂടി പിടിയില്‍
കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി
നെയ്യാറ്റിന്‍കര(തിരുവനന്തപുരം ): കളിയിക്കാവിള ചെക്പോസ്റ്റില്‍ എ.എസ്.ഐയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പ്രയോഗിച്ച കത്തി കണ്ടെടുത്തു. ഇന്നലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുല്‍ ഷെമീമിനെയും തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. വെടിവയ്ക്കുന്നതിന് മുന്‍പ് പ്രതികള്‍ എ.എസ്.ഐയുടെ കാലില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാനായി തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കത്തി ഉപേക്ഷിച്ച് ബസ് കയറി എണാകുളത്തെത്തിയെന്നായിരുന്നു പ്രതികളുടെ മൊഴി. മുഖ്യപ്രതി അബ്ദുല്‍ ഷെമീം ചൂണ്ടിക്കാട്ടിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കത്തി കണ്ടെടുത്തത്.
രക്തം പുരണ്ട കത്തി കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കത്തി വാങ്ങിയ ബാലരാമപുരത്തെ കടയിലും കൊലപാതകത്തിന് മുന്‍പ് ഇവര്‍ സഞ്ചരിച്ച നെയ്യാറ്റിന്‍കര, വിതുര എന്നിവിടങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. കൊലക്ക് ഉപയോഗിച്ച് തോക്ക് കഴിഞ്ഞ ദിവസം എറണാകുളത്ത് ഓടയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
അതിനിടെ പ്രതികളുടെ തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന കുറിപ്പുകള്‍ കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. കൊല നടക്കുന്നതിന് മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു.
ഇവിടെ പത്താംകല്ലില് ജാഫര്‍ എന്നയാളുടെ വീട്ടിലാണ് ഉണ്ടായിരുന്നതെന്നും ഇവിടെ തങ്ങളുടെ ബാഗ് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബാഗില്‍ നിന്ന് നാല് പേജുള്ള കുറിപ്പ് കണ്ടെടുത്തതെന്ന് പൊലിസ് പറയുന്നു. കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായതോടെ തമിഴ്നാട് പൊലിസ് സംഘം പ്രതികളുമായി ഇന്ന് തമിഴ്നാട്ടിലേക്ക് മടങ്ങും.
അതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി ഇന്നലെ പിടികൂടി. തമിഴ്നാട് ദേവീപട്ടണം സ്വദേശികളായ പുരാഖാനി, മുഹമ്മദ് അലി, അമീര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."