ഫെഡറല്‍ മുന്നണി: സാധ്യതകളും പരിമിതികളും
എ.പി കുഞ്ഞാമു
9446464948#
2019ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ഫാസിസത്തെ പരാജയപ്പെടുത്താന്‍ ഒരേയൊരു വഴിയേയുള്ളൂ. ജനാധിപത്യശക്തികള്‍ മുഴുവനും ഒന്നിച്ചു നിന്ന് ബി.ജെ.പിക്കെതിരായി പോരാടുക. മനസ്സുവച്ചാല്‍ എളുപ്പത്തില്‍ സാധിക്കാവുന്നതേയുള്ളൂ ഇത്. ഏതാണ്ട് അതിനുള്ള സാഹചര്യം ഒരുങ്ങിവരുന്നുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ വിവേകം ഈ മഹാസഖ്യത്തിന്റെ രൂപീകരണത്തെ കൂടുതല്‍ ആയാസരഹിതമാക്കുന്നു താനും. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടി ബി.ജെ.പിയെന്ന പാണ്ടന്‍ നായയുടെ പല്ലിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത്. മോദി - അമിത് ഷാ കൂട്ടുകെട്ടിനെതിരായി ബി.ജെ.പിക്കകത്തു നിന്നുതന്നെ ഉയര്‍ന്നുവരുന്ന മുറുമുറുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ മോദിപ്രഭാവം അസ്തമിച്ചു തുടങ്ങി എന്നു തന്നെ കരുതാനാണ് ന്യായം.
പക്ഷേ, നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അതുവഴി ഫാസിസ്റ്റ് വാഴ്ചയ്ക്കും വീണ്ടുമൊരവസരം കൂടി നല്‍കാനുള്ള തത്രപ്പാടിലാണോ ഇന്ത്യയിലെ ചില പ്രാദേശിക കക്ഷിനേതാക്കള്‍ തെലങ്കാനാ രാഷ്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖര റാവു മുന്നോട്ടുവയ്ക്കുന്ന ഫെഡറല്‍ മുന്നണി എന്ന ആശയം പുതിയ നീക്കത്തിന്റെ സൂചനയാണ്. കോണ്‍ഗ്രസിതര- ബി.ജെ.പിയിതര മുന്നണി എന്നതാണ് കെ.സി.ആര്‍ മുഴക്കുന്ന ഇമ്പമേറിയ മുദ്രാവാക്യം. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കെ.സി.ആറിന്റെ ചൂണ്ടയില്‍ കൊത്തിക്കഴിഞ്ഞു. മമതാ ബാനര്‍ജിയും ഇങ്ങനെയൊരു സഖ്യത്തിന് അനുകൂലമാണ്. നവീന്‍ പട്‌നായിക്കിനെ കെ.സി.ആര്‍ ഈ ആവശ്യത്തിനായി സമീപിച്ചിട്ടുണ്ട്. ബി.എസ്.പി നേതാവ് മായാവതിക്കും ഈ ആശയത്തോടാണടുപ്പം. അതായത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപപ്പെടുന്ന മഹാസഖ്യം ഇവര്‍ക്കാര്‍ക്കും ദഹിക്കുന്നില്ല. ബി.ജെ.പിയെപ്പോലെ തന്നെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടേണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഈ പ്രാദേശിക കക്ഷികള്‍ വിശ്വസിക്കുന്നു. തദ്ഫലമായി സംഭവിക്കുന്ന മൂന്നാംമുന്നണി രൂപീകരണം ഫലത്തില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിലാണെത്തിച്ചേരുക എന്നതും അതു ബി.ജെ.പിക്ക് അധികാരാരോഹണം എളുപ്പമാക്കിത്തീര്‍ക്കുമെന്നതും അവര്‍ മറക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണി അതായിരിക്കും.
കോണ്‍ഗ്രസ് സ്വീകാര്യമെങ്കില്‍
ബി.ജെ.പിയും
ഏറക്കുറേ എല്ലാ സംസ്ഥാനങ്ങളിലും ജനസ്വാധീനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസാണ് ബി.ജെ.പിയുടെ ശരിയായ ബദല്‍. കാവി രാഷ്ട്രീയത്തിന് ഇന്ത്യയില്‍ വേരുറപ്പിക്കണമെങ്കില്‍ ലിബറലിസത്തില്‍ ഊന്നിനില്‍ക്കുന്ന കോണ്‍ഗ്രസിനെ നിഷ്‌കാസനം ചെയ്‌തേ മതിയാവൂ. ഇതിന് പ്രാദേശിക കക്ഷികളെ ഉപയോഗിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനേയും അണ്ണാ ഡി.എം.കെയെയും ജമ്മു- കശ്മിരിലെ പി.ഡി.പിയേയും ബി.എസ്.പിയെയും എസ്.പിയെയും ജനതാദള്‍-യുവിനെയും ടി.ഡി.പിയേയുമെല്ലാം തഞ്ചവും തരവും പോലെ ബി.ജെ.പി തങ്ങളോടൊപ്പം നിര്‍ത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിരുദ്ധ- ബി.ജെ.പി വിരുദ്ധ മുന്നണിയെന്ന് ചന്ദ്രശേഖര റാവുവും മമതയും മറ്റും പറയുന്നുണ്ടെങ്കിലും അതിന്റെ മനഃശാസ്ത്രപരമായ അടിത്തറ ഹൈന്ദവ ഫാസിസം സൃഷ്ടിച്ചെടുത്ത ചില സങ്കല്‍പ്പങ്ങളിലാണ് കുടികൊള്ളുന്നത്. ബി.ജെ.പി വര്‍ജ്യമാണെങ്കില്‍ കോണ്‍ഗ്രസും വര്‍ജ്യമാണെന്ന് ഈ മനഃശാസ്ത്രം സ്ഥാപിച്ചെടുക്കുന്നു. കോണ്‍ഗ്രസ് സ്വീകാര്യമാണെങ്കില്‍ ബി.ജെ.പിയും സ്വീകാര്യമാണെന്നാണ് അതിന്റെ മറുവശം. ഈ സമീകരണത്തിന്റെ ഗുണം കിട്ടുന്നത് ഫാസിസ്റ്റ് രാഷ്ട്രീയത്തിനാണ്. കേരളത്തില്‍ സി.പി.എം കൊണ്ടുനടക്കുന്ന തന്ത്രങ്ങളിലും ഇങ്ങനെയൊരപകടം പതിയിരിക്കുന്നുണ്ട്.
പ്രാദേശിക പാര്‍ട്ടികളുടെ ഏകീകരണത്തിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക എന്നത് അനഭിലഷണീയമായ ആശയമല്ല. ഒരര്‍ഥത്തില്‍ അത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് കൂടുതല്‍ സാധുത നല്‍കുകയുമായിരിക്കും. അതേസമയം ഇപ്പോഴത്തെ അവസ്ഥയില്‍ ബി.ജെ.പി വിരുദ്ധ കൂട്ടുകെട്ടിന്റെ ന്യൂക്ലിയസ് ആയി വര്‍ത്തിക്കുന്ന കോണ്‍ഗ്രസിനെ അതില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നത് ആത്മഹത്യാപരമാണ്. കെ.സി.ആറിനും മമതയ്ക്കും മായാവതിക്കും അഖിലേഷിനുമെല്ലാം പ്രധാനമന്ത്രി പദത്തോട് കലശലായ ഭ്രമമുണ്ട്. ആ മോഹത്തിന്റെ ഫലപ്രാപ്തിയില്‍ തടസ്സം നില്‍ക്കുന്നത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ് എന്നവര്‍ കരുതുന്നു. സങ്കുചിത ചിന്തയുടെ ഇടുങ്ങിയ മതില്‍ക്കെട്ടിനുള്ളില്‍ കഴിയുന്ന ഈ പ്രാദേശിക നേതാക്കള്‍ക്ക് രാജ്യത്തിന്റെ പൊതു ആവശ്യം മനസ്സിലാകുന്നേയില്ല.
ദേശീയ പാര്‍ട്ടികളുടെ ശക്തിയില്ലായ്മയും താന്താങ്ങളുടെ പ്രവര്‍ത്തനസീമകളില്‍ പ്രാദേശിക കക്ഷികള്‍ക്കുള്ള ജനപിന്തുണയുമാണ്, ചെറുകക്ഷികളുടെ വിലപേശലുകള്‍ക്ക് നിമിത്തമായിത്തീരുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കേരളത്തില്‍ സി.പി.എമ്മും തെലങ്കാനയില്‍ കെ.സി.ആറും ഇങ്ങനെ രാഷ്ട്രീയം കളിക്കുന്നവരാണ്. ഈ രാഷ്ട്രീയത്തിന് ദേശീയതലത്തില്‍ കുറച്ചുകൂടി പ്രസക്തി സൃഷ്ടിക്കുക എന്നതാണ് ഇപ്പോഴത്തെ ഫെഡറല്‍ മുന്നണി രൂപീകരണത്തിന്റെ ആന്തരികാര്‍ഥം. അങ്ങനെ വരുമ്പോള്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയായിക്കൂടാ എന്ന് കെ.സി.ആറിനെയും മമതയെയും പോലെയുള്ള നേതാക്കള്‍ ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍, അവരുടെ ആഗ്രഹങ്ങള്‍ക്ക് ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്ന ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യബോധത്തിന്റെ സ്പര്‍ശമില്ല. തങ്ങളുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് വരുമ്പോള്‍ ഈ മുന്നണി ബി.ജെ.പിയോട് കൂട്ടുചേര്‍ന്നു കൂടെന്നുമില്ല. ഇന്ത്യന്‍ അവസ്ഥയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രണ്ടു വ്യത്യസ്ത പ്രതിനിധാനങ്ങളാണെന്ന് മൂന്നാം മുന്നണി വക്താക്കള്‍ വിസ്മരിക്കുന്നു. ഹൈന്ദവ ഫാസിസത്തിന്റെ അപകടങ്ങള്‍ അവര്‍ ഗൗരവപൂര്‍വം കണക്കിലെടുക്കുന്നേയില്ല.
ഏകാധിപത്യ സ്വരങ്ങള്‍
ഫെഡറല്‍ മുന്നണിയുടെ വക്താവായ കെ.സി.ആറും കോണ്‍ഗ്രസിനെ ബി.ജെ.പിയെപ്പോലെ തന്നെ വര്‍ജ്യമായി കാണുന്ന മമതയും തികഞ്ഞ ഏകാധിപത്യ വാസന പുലര്‍ത്തുന്നവരാണെന്നതും കൗതുകകരമാണ്. മായാവതിക്കും അഖിലേഷ് യാദവിനും അവരില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല താനും.
കഴിഞ്ഞ ടി.ആര്‍.എസ് ഭരണകാലത്ത് പ്രതിപക്ഷ നേതാക്കളുടെ എതിര്‍ശബ്ദങ്ങളെ ശക്തമായി അടിച്ചൊതുക്കിയ ആളാണ് കെ.സി.ആര്‍. തെലങ്കാനാ രാഷ്ട്രസമിതിയുടെ ഭരണ പരാജയത്തെ തുറന്നു കാട്ടിക്കൊണ്ടിരുന്ന തെലങ്കാനാ ജനസമിതി നേതാവ് എം. കോദണ്ഡരാമനെപ്പോലെയുള്ള വിമതവാദികളുടെ യോഗങ്ങള്‍ക്കും റാലികള്‍ക്കും അനുമതി നിഷേധിച്ചു. ഗവണ്‍മെന്റിനെ എതിര്‍ക്കുന്ന എല്ലാവരേയും ശകാരിച്ചു. അസഭ്യവാക്കുകള്‍ പ്രയോഗിക്കുക പോലും ചെയ്തു. തെലങ്കാനാ സ്റ്റേറ്റ് പ്രൈവറ്റ് യൂനിവേഴ്‌സിറ്റി ബില്‍ പാസാക്കിയതിനെത്തുടര്‍ന്നു പ്രക്ഷോഭത്തിനിറങ്ങിയ ഉസ്മാനിയാ സര്‍വകലാശാല വിദ്യാര്‍ഥികളെ അദ്ദേഹം നേരിട്ടത് സര്‍വകലാശാലക്കു നല്‍കുന്ന ഫണ്ട് നിഷേധിച്ചുകൊണ്ടാണ്. തന്റെ എതിരാളികളെ അദ്ദേഹം തികഞ്ഞ പുച്ഛത്തോടെയാണ് വിമര്‍ശിക്കാറുള്ളത്. എന്നു മാത്രമല്ല കുടുംബവാഴ്ച ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണുതാനും അദ്ദേഹത്തിന്റേത്.
കെ.സി.ആറിന്റെ കോണ്‍ഗ്രസ് വിരോധത്തിന് തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വലിയൊരളവോളം കാരണമാണ്. കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോഴും ടി.ആര്‍.എസിന്റെ പ്രധാന എതിരാളി. കോണ്‍ഗ്രസ് സംസ്ഥാനത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കാന്‍ ശ്രദ്ധാപൂര്‍വം കരുക്കള്‍ നീക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെയും സ്വീകാര്യതയ്ക്കു മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള ദേശീയ രാഷ്ട്രീയ ഗതിനിര്‍ണയമാണ് അദ്ദേഹത്തിന്റെ അജന്‍ഡ. സമാനമായ ചിന്ത തന്നെയാണ് മമതയുടേതും. പ്രാദേശിക താല്‍പ്പര്യങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ആവശ്യത്തിലേറെ സ്ഥാനം നല്‍കുന്ന ഈ പ്രവണത ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തെ ദുര്‍ബലമാക്കുകയേയുള്ളൂ. എങ്ങനെ ന്യായീകരിച്ചാലും ഫെഡറല്‍ മുന്നണി ഒരു മൂന്നാം ബദല്‍ ആവില്ല. ബി.ജെ.പിക്ക് അവസരമൊരുക്കി കൊടുക്കുന്നതിന് മാത്രമേ അത് സഹായിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."