ബോംബിന്റെ മതവും മാനസികരോഗവും
നോയ്ഡയിലെ ഒരു സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക്, പത്രത്തിന്റെ തലക്കെട്ടുകള്‍ വായിച്ചുകൊടുക്കുകയായിരുന്നു ക്ലാസ് ടീച്ചര്‍. മുന്‍ദിനങ്ങളില്‍ ഒരു യൂറോപ്യന്‍ രാജ്യത്ത് നടന്ന ബോംബ് സ്‌ഫോടനം സംബന്ധിച്ച വാര്‍ത്തയും വായനക്കിടയില്‍ കടന്നുവന്നു. ഉടന്‍തന്നെ ഒരു വിദ്യാര്‍ഥി, ക്ലാസിലെ ഏക മുസ്‌ലിംകുട്ടിയെ ചൂണ്ടി ഉച്ചത്തില്‍ ചോദിച്ചു; 'സമദ്, യേ ക്യാ കര്‍ദിയാ തുംനേ'(സമദേ, നീ എന്താണീ ചെയ്തത്). തന്റെ മുസ്‌ലിമായ സതീര്‍ഥ്യനാണ് ആ സ്‌ഫോടനത്തിന്റെ ഉത്തരവാദി എന്ന ധാരണയിലായിരുന്നു ചോദ്യം! അധ്യാപിക ചോദ്യം കേട്ടെങ്കിലും അതിനോട് പ്രതികരിക്കുകയോ ചോദ്യകര്‍ത്താവിനെ തിരുത്തുകയോ ചെയ്തില്ല!
വംശവെറിയുടെ മുന്‍വിധികള്‍
രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വേരുപടര്‍ത്തിയ വംശവെറിയുടെ ഭീകരാവസ്ഥ വിവരിക്കുമ്പോഴാണ് നാസിയ എറും, മദറിങ് എ മുസ്‌ലിം എന്ന പുസ്തകത്തില്‍ ഈ സംഭവം ഉദ്ധരിക്കുന്നത്. 'നിന്റെ ഉപ്പ ബോംബുണ്ടാക്കാറുണ്ടോ', 'നിന്റെ വാപ്പ എന്നെ വെടിവെച്ച് കൊല്ലുമോ' തുടങ്ങിയ വംശീയമായ ചോദ്യങ്ങള്‍ ഇന്ത്യയിലെ ചില സ്‌കൂളുകളില്‍ മുസ്‌ലിം കുട്ടികള്‍ക്ക് സഹപാഠികളില്‍ നിന്ന് നേരിടേണ്ടിവരുന്നുണ്ടെന്ന് നാസിയ എറും ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു. സഹപാഠികളായ മുസ്‌ലിം വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും വരെ തോക്ക്, ബോംബ്, കൊലപാതകം, സ്‌ഫോടനം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികളെപ്പോലും മലിനീകരിച്ചിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഈ ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാക്കാന്‍, 'കാക്കാമാര്‍ കൊത്തിക്കൊണ്ടുപോകാതിരിക്കാനാണ് നെറ്റിയില്‍ സിന്ദൂരം തൊട്ടത്' എന്ന് എറണാകുളത്തെ ക്ഷേത്രമുറ്റത്ത് ആക്രോശിച്ച കുലസ്ത്രീകളുടെ കാലത്ത് ഒട്ടും പ്രയാസപ്പെടേണ്ടതില്ല. യഥാര്‍ഥത്തില്‍, ഇത് കുട്ടികളുടെ പ്രശ്‌നമല്ല, സമൂഹഗാത്രത്തിന്റെ ചില വശങ്ങളില്‍ ഇഴഞ്ഞുകയറിയ വര്‍ഗീയവിഷം കുട്ടികളില്‍ പ്രതിബിംബിക്കുന്നുവെന്ന് മാത്രമേയുള്ളൂ.
മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് സ്ഥാപിച്ച ആദിത്യ റാവു എന്ന ഭീകരവാദിക്ക് ലഭിക്കുന്ന 'പരിരക്ഷ'യും, കൊച്ചിയിലെ ക്ഷേത്രമുറ്റത്ത് അജിത ഉമേഷ് എന്ന സഹോദരിക്കെതിരേ രൗദ്രഭാവംപൂണ്ട ദുര്‍ഗാവാഹിനിയുടെ കൊലവിളിയും ഒരേ വംശീയ മാനസികരോഗത്തിന്റെ രണ്ട് മുഖങ്ങളാണ്. ഈ വംശീയതയുടെ മാത്രം അടിത്തറയില്‍ പണിയുന്ന ജാതിരാഷ്ട്രത്തിന്റെ തൂണുകളില്‍ പ്രധാനമാണ് വെറുപ്പും ഭയവും. കല്പിത 'ശത്രു'വിനെതിരേ കടുത്തവിദ്വേഷം മനസ്സുകളില്‍ കുത്തിവെച്ചാണ് സംഘപരിവാര്‍ ആള്‍ക്കൂട്ടത്തെ ആയുധമണിയിക്കുന്നത്. നാം പേടിക്കേണ്ട 'ശത്രുക്കളാണ്' മുസ്‌ലിമും ക്രിസ്ത്യാനിയും കമ്മ്യൂണിസ്റ്റുമെന്ന് ശാഖകളില്‍ മാത്രമല്ല, തങ്ങളുടെ വരുതിയുള്ള ക്ഷേത്രാങ്കണങ്ങളിലും വീടകങ്ങളിലും സംഘപരിവാര്‍ പറഞ്ഞു പഠിപ്പിക്കുന്നു. അതിലേറെയും പെരുംകള്ളങ്ങളും ബാക്കി പാതിസത്യങ്ങളുമാണെന്ന് ആര്‍. ഉണ്ണിയെ പോലുള്ള മുന്‍ ആര്‍.എസ്.എസുകാരുടെ വെളിപ്പെടുത്തലുകളില്‍ വായിക്കാം. ഇങ്ങനെ, പതിറ്റാണ്ടുകളായി പെരുംനുണകളും പേടിയും വെറുപ്പും മാത്രം നിരന്തരം കുത്തിവെച്ച് സംഘപരിവാര്‍ വളര്‍ത്തിയ ആള്‍ക്കൂട്ടത്തിന്റെ പ്രതിനിധി മാത്രമാണ് കൊലവിളി ഉയര്‍ത്തിയ ആ സ്ത്രീ.
കുറ്റ്യാടിയുടെ തെരുവിലും എറണാകുളത്തെ ക്ഷേത്രമുറ്റത്തും ചിലരുടെ സമൂഹമാധ്യമ ചുവരുകളിലും വെളിപ്പെട്ടുപോകുന്നത് ഇതൊക്കെയാണെങ്കില്‍, വീടകങ്ങളിലും രഹസ്യയോഗങ്ങളിലും ഇവര്‍ പറഞ്ഞുപഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും എന്തൊക്കെയായിരിക്കും! ഭയന്ന് അട്ടഹസിക്കുന്ന ആ സ്ത്രീയല്ല, അവരുടെ ഉള്ളില്‍ ഭയം നിറച്ചവരാണ് യഥാര്‍ഥ പ്രതികള്‍. കുറി തൊടുക മുതലായ സ്വന്തം മതത്തിന്റെ ആചാരങ്ങളെപ്പോലും അപരവിദ്വേഷത്തില്‍ ചാലിച്ചെടുക്കുന്ന മാനസികാവസ്ഥയിലേക്ക് ഒരുപറ്റം മനുഷ്യര്‍ മാറ്റപ്പെട്ടപ്പെട്ടിരിക്കുന്നുവെന്നതാണ് സമകാലിക ഇന്ത്യ നേരിടുന്ന യഥാര്‍ഥ വെല്ലുവിളി. ഇങ്ങനെയുള്ള അച്ഛനമ്മമാരുടെ മക്കളാണ് നാസിയ എറും ഉദ്ധരിച്ചതുപോലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പരുവപ്പെടുന്നത്.
അതുകൊണ്ട്, സംഘടനാ പരിപാടിയിലേക്ക് വലിഞ്ഞുകയറിവന്ന ഒരാളോടുള്ള സംഘടനാ പ്രവര്‍ത്തകരുടെ കേവല പ്രതികരണമല്ല, വിഷംമുറ്റിയ മനസ്സില്‍ നിന്നു വമിച്ച അസഹിഷ്ണുതയുടെയും അപരവിദ്വേഷത്തിന്റെയും ആക്രോശമാണ് എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ ചോദ്യമുന്നയിച്ച ഹിന്ദു സഹോദരിക്ക് നേരിടേണ്ടിവന്നതെന്ന് നാം തിരിച്ചറിയണം. ഇത്തരം പതിനായിരക്കണക്കിന് സ്ത്രീപുരുഷന്‍മാരിലൂടെയാണ് സംഘ് പരിവാര്‍ ഇന്ത്യയുടെ സിരകളിലേക്ക് വര്‍ഗീയതയുടെ വിഷരേണുക്കള്‍ കടത്തിവിട്ടിട്ടുള്ളത്. വിയോജിപ്പുകളോടുള്ള ഇത്തരം അസഹിഷ്ണുതയും കല്പിത 'ശത്രു'വിനോടുള്ള ഹിംസാത്മകമായ വെറുപ്പും ഫാഷിസത്തിന്റെ അടയാളങ്ങളാണ്.
നാസി ജര്‍മനിയില്‍ ജൂതജനതയെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളിലേക്ക് ആട്ടിത്തെളിക്കുമ്പോള്‍ ആര്‍ത്തുചിരിച്ച ആര്യന്‍ സ്ത്രീകളുണ്ടായിരുന്നുവെന്ന് വംശഹത്യാ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പച്ച മനുഷ്യരെ മരണക്കയത്തിലേക്ക് വലിച്ചെറിയുമ്പോള്‍ കൈയടിക്കാന്‍ സ്ത്രീകള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് നാസിഭീകരതയുടെ ചരിത്രം വായിച്ച് നാം അല്‍ഭുതപ്പെട്ടിരുന്നു! പക്ഷേ, എറണാകുളത്തെ ആ ക്ഷേത്രത്തിലെ സ്ത്രീകളുടെ കൊലവിളി നമുക്കതിന് ഉത്തരം തരുന്നുണ്ട്. ദ പിയാനിസ്റ്റ് എന്ന ചലച്ചിത്രത്തിലെ നായകന്‍, സ്പില്‍മാന്‍ എന്ന പിയാനോ വായനക്കാരന്‍ ജൂതനാണ്. നാസികളെ ഭയന്ന് ഒരു ഫ്‌ളാറ്റില്‍ ഒളിച്ചു താമസിക്കുന്ന അദ്ദേഹത്തെ ഒരു ആര്യന്‍ സ്ത്രീ കാണുന്നു. അവര്‍ അദ്ദേഹത്തോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നു. അദ്ദേഹത്തിന്റെ കൈയില്‍ ഐഡന്റിറ്റി കാര്‍ഡ് ഇല്ലെന്ന് മനസ്സിലായ ആ സ്ത്രീയുടെ മട്ടും ഭാവവും മാറുന്നു. പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ നോക്കുന്ന പിയാനിസ്റ്റിനു നേരെ ഭ്രാന്തമായ വെറുപ്പോടെ ഓടിയടുക്കുന്ന സ്ത്രീ, 'അവന്‍ ജൂതനാണ്, അവനെ പിടിക്കൂ...' എന്നിങ്ങനെ ആക്രോശിക്കുന്നു.
സ്ത്രീകളിലും കുട്ടികളിലും കഠിനമായ വെറുപ്പ് കുത്തിവെച്ചാണ് നാസികള്‍ ഇത്തരമൊരു മാനസികാവസ്ഥ ജര്‍മനിയില്‍ സൃഷ്ടിച്ചെടുത്തത്. സമാനമായൊരു മാനസികനില ഇന്ത്യയിലും ഒരു വിഭാഗത്തില്‍ സംഘ്പരിവാര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. മനുഷ്യഭാവം പൂര്‍ണമായും ചോര്‍ത്തിക്കളഞ്ഞ്, പകരം ഭയവും വെറുപ്പും നിറച്ചിരിക്കുന്നു. 'ശത്രുക്കള്‍' നിങ്ങളുടെ മണ്ണും പണവും തൊഴിലും തട്ടിയെടുക്കുമെന്ന്, നിങ്ങളുടെ പെണ്‍മക്കളെ പിഴപ്പിക്കുമെന്ന്, നിങ്ങളുടെ അമ്പലങ്ങള്‍ തകര്‍ക്കുമെന്ന്, നിങ്ങളെ കൊന്ന് അവരുടെ രാജ്യം സ്ഥാപിക്കുമെന്ന്.... ഇങ്ങനെ എന്തെല്ലാം പേടിപ്പെടുത്തലുകളിലാണ് ആള്‍ക്കൂട്ടം സൃഷ്ടിക്കപ്പെടുന്നതും ജാതിരാഷ്ട്രം നിര്‍മിക്കപ്പെടുന്നതും!
അനിത റാഡ്ക്ലിഫും സ്റ്റീഫന്‍ വോണും ചേര്‍ന്ന് തയാറാക്കിയ, മുന്‍വിധികളെക്കുറിച്ച ഒരു പഠനമുണ്ട്. വംശീയതയുടെ കൂടപ്പിറപ്പാണ് മുന്‍വിധികള്‍ എന്നാണ് ആ പഠനം സാക്ഷ്യപ്പെടുത്തുന്നത്. നിര്‍മിത കള്ളങ്ങളിലൂടെ മുന്‍വിധികള്‍ സൃഷ്ടിക്കപ്പെടുകയും, ഇരകളായ ജനവിഭാഗത്തിന്റെ സ്ഖലിതങ്ങളെ ഉപയോഗപ്പെടുത്തി മുന്‍വിധികര്‍ വളര്‍ത്തപ്പെടുകയും ചെയ്യുന്നു. തുറിച്ചുനോട്ടം മുതല്‍ തടവറ വരെ, മാര്‍ക്കറ്റിലെ വിലയിടിവ് മുതല്‍ തൊഴില്‍രാഹിത്യം വരെ വംശീയ മുന്‍വിധികളുടെ ബാക്കിപത്രങ്ങളാണ്. ഒരുകാലത്ത് യൂറോപ്പില്‍, ജൂതരെ തെരുവില്‍ കാണുമ്പോള്‍ അവരുടെ മുഖത്തേക്ക് മറുവിഭാഗം കര്‍ക്കിച്ചു തുപ്പുമായിരുന്നുവത്രെ! വംശീയ മുന്‍വിധികള്‍ ഒരു മതവിഭാഗത്തോട് എന്തുമാത്രം വെറുപ്പും വിദ്വേഷവും സൃഷ്ടിക്കും എന്നതിന്റെ ചരിത്രസാക്ഷ്യമാണിത്. അന്ന് സമൂഹത്തില്‍ പടര്‍ത്തപ്പെട്ട വംശീയമുന്‍വിധികളാണ്, ജൂതരെ വേട്ടയാടുന്ന ഭരണകൂട ഭീകരതക്ക് അനുകൂല സാഹചര്യമൊരുക്കിയത്.
ഇതേ മാതൃകയില്‍, ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ പൊതിഞ്ഞുനില്‍ക്കുന്ന പലതരം മുന്‍വിധികളും വംശവെറികളും ഭൂരിപക്ഷ സമൂഹത്തിലെ കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെയുള്ളവരില്‍ ആസൂത്രിതമായി പടര്‍ത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലമുള്ള കുറ്റപ്പെടുത്തലുകളും അക്ഷേപങ്ങളും കടന്ന്, 9/11 മുതലായ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം, സ്‌ഫോടനഭീകരതയുടെ ഭീതിയിലേക്ക് അത് രൂപപരിണാമം കൊള്ളുകയാണ് ചെയ്തത്.
മുസ്‌ലിംകള്‍ക്കെതിരിലുള്ള വംശീയ മുന്‍വിധികള്‍ മുഖ്യമായും ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെടുത്തിയാണെന്ന് സൈമണ്‍ സെനയറും രമാ ലക്ഷ്മിയും ചേര്‍ന്ന് വാഷിങ്ങ്ടണ്‍ പോസ്റ്റില്‍ എഴുതിയ പഴയൊരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. ഇന്ത്യയിലെ ജാതിരാഷ്ട്ര ഫാഷിസമാണ് മുസ്‌ലിംകള്‍ക്കെതിരേ ഇത്തരമൊരു പ്രചാരണം ആസൂത്രണം ചെയ്തതെന്നും പ്രസ്തുത ലേഖനം പറയുകയുണ്ടായി.
അതായത്, കത്തിയും വാളും കഴിഞ്ഞ്, ബോംബും തോക്കുമായി നടക്കുന്ന അപകടകാരിയുടെ ചിത്രവും, തങ്ങളുടെ പെണ്‍മക്കളെ നോട്ടമിടുന്ന 'ലൗ ജിഹാദിയുടെ' മുഖവും മുസ്‌ലിമിനെക്കുറിച്ച് ചിലരുടെയെങ്കിലും മനസ്സില്‍ കല്ലിലെന്നപോലെ കൊത്തിവെക്കുന്നതില്‍ സംഘപരിവാറും വര്‍ഗീയപ്രചാരകരും വിജയിച്ചിട്ടുണ്ട്. ഒരു വിഭാഗം പൊലിസും മാധ്യമങ്ങളുമാണ് ഈ വംശീയ മുന്‍വിധി വിജയിപ്പിച്ചെടുക്കുന്നതില്‍ മുന്നില്‍ നിന്നത്. കലയും കോടതിയും അതിന് കോറസ് പാടുകയും ചെയ്തു. നിങ്ങള്‍ മുസ്‌ലിമാണെങ്കില്‍, ഉള്ളില്‍ ഒരു ബോംബുണ്ടാകും, പാകിസ്താന്‍ അനുകൂലിയായിരിക്കും, ഭീകരവാദിയായിരിക്കും! ഇപ്പോള്‍ അങ്ങനെയല്ലെങ്കില്‍, ഏതു നിമിഷവും അതാകാവുന്ന ഒരു എലമെന്റ് ജന്മനാ മുസ്‌ലിമിന്റെയുള്ളില്‍ കുടികൊള്ളുന്നുണ്ടാകും! ആ ബോംബ് മതത്തില്‍ നിര്‍മിക്കപ്പെട്ടതുമായിരിക്കും. ഇതാണ് മതബോംബിന്റെ രസതന്ത്രം!
ബോംബും മനോരോഗവും
മതംകൊണ്ട് മാത്രമല്ല, മാനസികരോഗംകൊണ്ടും ബോംബുണ്ടാക്കാം എന്ന് പഠിപ്പിച്ചതും വിഷലിപ്തമായ വംശീയതയുടെ മറ്റൊരു മുഖമാണ്. നിര്‍മാതാവിന്റെയും സ്‌ഫോടനം നടത്തിയയാളുടെയും പേരും സമുദായവും ആധാരമാക്കിയാണ്, മതബോംബാണോ, മനോരോഗബോംബാണോ എന്ന് തീരുമാനിക്കുന്നത്! ഇസ്‌ലാമിതര സമുദായക്കാരനാണെങ്കില്‍ പൊതുവിലും, സംഘ്പരിവാര്‍ പ്രവര്‍ത്തകനാണെങ്കില്‍ പ്രത്യേകിച്ചും ബോംബിന്റെ ചേരുവ മാനസികരോഗം മാത്രമായിരിക്കും! കേരളത്തിലെ തപാല്‍ ബോംബ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികള്‍ മതം നോക്കി മാനസിക രോഗികളാക്കപ്പെട്ട എത്രയെങ്കിലും അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഈ മനോരോഗ ബോംബ് പരമ്പരയിലെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് മംഗലാപുരം എയര്‍പോര്‍ട്ടിലേത്! 'സ്‌ഫോടകവസ്തു നിറച്ച ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി' എന്ന ലാഘവത്വം നിറഞ്ഞ വാര്‍ത്തയെഴുത്ത് ഒരുഭാഗത്ത്. ആദിത്യ റാവു പിടിയിലാകുന്നതിന് മുമ്പ്, 'മംഗളൂരു വിമാനത്താവളത്തില്‍ ബോംബ്; ഭീകരന്റെ കൈവശം ഒരു ബാഗ് കൂടി, ഭീകരന്റെ അടുത്ത ലക്ഷ്യം കദ്രി ക്ഷേത്രം' എന്നൊക്കെ വെണ്ടക്ക നിരത്തി സംഘപരിവാറിന്റെ ജന്മഭൂമി. പ്രതി പിടിക്കപ്പെട്ട് പേരും സമുദായവും പുറത്ത് വന്നതോടെ 'ഭീകരന്‍' ഇല്ലാതായി, 'യുവാവ്' മാത്രമായി ജന്മഭൂമിയുടെ തലക്കെട്ട്. 'സ്‌ഫോടകവസ്തു വെച്ചത് എന്‍ജിനീയറിങ് ബിരുദധാരി, മാനസിക പ്രശ്‌നമുണ്ടെന്ന് സംശയം' എന്ന് ഒരു മുന്‍നിര ചാനല്‍ വാര്‍ത്തയും കൊടുത്തു. പ്രതിക്ക് ജോലി ലഭിക്കാത്തതിലുള്ള നിരാശയെക്കുറിച്ചും വിശദീകരണങ്ങള്‍ വന്നു.
മത, സമുദായത്തിലേക്ക് ബന്ധിപ്പിച്ച ഭീകരതയെന്ന് മംഗലാപുരം ബോംബ് കേസ് വിശേഷിപ്പിക്കപ്പെടാതിരുന്നതെന്ത്, ബോംബ് എങ്ങനെ വെറും സ്‌ഫോടകവസ്തുവായി, അവനവന്റെ ബോംബ് മാനസികരോഗവും അപരന്റെ ബോംബ് മതഭ്രാന്തുമാകുന്ന ഈ വൈരുധ്യത്തെയാണ് പച്ചയായ വംശീയതയെന്ന് വിളിക്കേണ്ടത്. കദ്രി ക്ഷേത്രത്തില്‍ ബോംബ് വെക്കാന്‍ ഭീകരനായ ആദിത്യ റാവുവിന് പദ്ധതിയുണ്ടെന്ന് ബി.ജെ.പിയുടെ ജന്മഭൂമി ഉറപ്പിച്ച് പറയുന്നുണ്ട്! ഇതെങ്ങനെ ജന്മഭൂമി മുന്‍കൂട്ടി അറിഞ്ഞു. അസിമാനന്ദയും പ്രജ്ഞാ സിംഗ് ഠാക്കൂറും ഉള്‍പ്പെടെയുള്ളവര്‍ അകപ്പെട്ട സ്‌ഫോടനകേസുകളുടെ തുടര്‍ച്ചയായിരുന്നോ ഇതും. പൗരത്വ പ്രക്ഷോഭത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ വെടിവെപ്പില്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ട മംഗലാപുരത്ത് തൊട്ടടുത്ത ആഴ്ചകളില്‍ വിമാനത്താവളത്തിലും കദ്രി ക്ഷേത്രത്തിലും സ്‌ഫോടനമുണ്ടായാല്‍ അതിന്റെ പാപഭാരം മുഴുവനായും ഇന്ത്യന്‍ മുസ്‌ലിംകളുടെ തലയില്‍ മാത്രമേ കെട്ടിവെക്കുമായിരുന്നുള്ളൂ എന്നുറപ്പ്. ഈ രണ്ട് സ്‌ഫോടനങ്ങളും സംഭവിച്ചിരുന്നെങ്കില്‍, മലേഗാവ് സ്‌ഫോടനക്കേസിലെന്ന പോലെ, മംഗലാപുരം പൊലിസ് നിരപരാധികളായ എത്ര മുസ്‌ലിം ചെറുപ്പക്കാരെ ജയിലിലടക്കുമായിരുന്നു! എന്‍.ഐ.എ.യും യു.എ.പി.എയും എത്ര വേഗം അവരെ വലയംചെയ്യുമായിരുന്നു! സിറിയയിലെ ഐ.എസിലേക്ക് നീളുന്ന പരമ്പരകളും എപ്പിസോഡുകളും പത്രങ്ങളും ചാനലുകളും എത്രനാള്‍ ആഘോഷിക്കുമായിരുന്നു!
കശ്മിരില്‍ ഭീകരരോടൊപ്പം പിടിയിലായ പട്ടാള ഓഫിസര്‍ ദേവീന്ദര്‍ സിംഗിന്റെയും കണ്ണൂരില്‍ സംഘപരിവാര്‍ സേവാകേന്ദ്രത്തിനു നേരെ ബോംബാക്രമണം നടത്തിയതിന് അറസ്റ്റിലായ ആര്‍.എസ്.എസ് ഭീകരന്‍ കെ. പ്രഭേഷിന്റെയും കേസുകള്‍ പരിശോധിക്കുക. പൗരത്വപ്രക്ഷോഭം ജ്വലിച്ചുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് പദ്ധതിയിട്ടതിനും ആക്രമണം നടത്തിയതിനും രണ്ടുപേരും അറസ്റ്റിലാകുന്നത്.
ഈ കലുഷിതാന്തരീക്ഷത്തില്‍ രണ്ടും ലക്ഷ്യംകണ്ടിരുന്നെങ്കില്‍ നമ്മുടെ രാജ്യം അതിന് നല്‍കേണ്ടിവരുമായിരുന്ന വില എന്തായിരുന്നുവെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് കാര്‍മികത്വമുള്ള 20ല്‍പരം സ്‌ഫോടനങ്ങള്‍ക്ക് ഇന്ത്യ ഇരയായിട്ടുള്ള സാഹചര്യത്തില്‍ വിശേഷിച്ചും. പക്ഷേ, ഇവയുടെയെല്ലാം പേരിലുള്ള തുടര്‍നടപടികളും ചര്‍ച്ചകളും, ബോംബിനും സ്‌ഫോടനങ്ങള്‍ക്കും മതം മാത്രമല്ല, മാനസിക രോഗവുമുണ്ട് എന്ന് തെളിയിക്കുന്നു. ഈ 'മാനസികരോഗ'ത്തില്‍ നിന്നാണ് ഇന്ന് നമ്മുടെ ഇന്ത്യ മോചനം ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."