വംശീയക്കൊല: ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്കയെന്ന് ശ്രീനിവാസിന്റെ ഭാര്യ
കന്‍സാസ്: യു.എസിലെ ഇന്ത്യക്കാരുടെ സുരക്ഷ ഭീഷണിയിലാണെന്ന് കഴിഞ്ഞ ദിവസം വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവ എന്‍ജിനീയറുടെ ഭാര്യ സുനയന ദുമല. കാനാസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എസില്‍ തുടരുന്ന ആശങ്ക ഭര്‍ത്താവ് ശ്രീനിവാസിനോട് പങ്കുവച്ചിരുന്നു എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അതൊന്നും പേടിക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നല്ല ആളുകള്‍ക്ക് നല്ലകാര്യങ്ങളേ സംഭവിക്കൂ എന്നായിരുന്നു ശ്രീനിവാസിന്റെ വിശ്വാസം. ഇത്തരത്തില്‍ മരണം സംഭവിക്കുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകില്ലെന്നും ദുമാല പറഞ്ഞു. വംശീയ ആക്രമണമാണെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും കേസ് അന്വേഷിക്കുന്ന എഫ്.ബി.ഐ ഇത് സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് യു.എസ് അധികൃതരോട് ആവശ്യപ്പെട്ടതായി വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി വക്താവ് പ്രതിക് മത്തൂര്‍ പറഞ്ഞു.
വംശീയാക്രമണത്തില്‍ ഇന്ത്യന്‍ എന്‍ജിനിയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കടുത്ത ആശങ്കയും രോഷവും ഉയര്‍ന്നിട്ടുണ്ട്. അമേരിക്ക ആദ്യം എന്ന ട്രംപിന്റെ ആഹ്വാനത്തിനു ശേഷം വിദേശികള്‍ക്കെതിരേ ശത്രുതാ മനോഭാവം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നാണ് ഇന്ത്യന്‍ സമൂഹത്തിന്റെ വിലയിരുത്തല്‍.
കന്‍സസ് സിറ്റിയിലെ തിരക്കേറിയ ബാറില്‍ വച്ച് 'എന്റെ രാജ്യത്തുനിന്നു പുറത്തു പോകൂ' എന്ന് ആക്രോശിച്ചു കൊണ്ടാണ് യു.എസ് നാവികസേനയില്‍ നിന്നു വിരമിച്ച ആദം പുരിന്റോണ്‍ (51) ഇന്ത്യക്കാരായ യുവാക്കള്‍ക്കു നേരെ നിറയൊഴിച്ചത്. ആക്രമണത്തില്‍ ശ്രീനിവാസ് കുച്ചിബോട്‌ല (32) എന്ന ഹൈദരാബാദ് സ്വദേശി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തന്‍ അലോക് മദസാനി (32) ന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബാറില്‍ ഇന്ത്യന്‍ യുവാക്കളുടെ അടുത്തിരുന്ന ആദം പുരിന്റോണ്‍ പല തവണ ഇവരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഏതു വിസയിലാണ് അമേരിക്കയില്‍ എത്തിയതെന്നും നിയമവിരുദ്ധമായാണോ തുടരുന്നതെന്നും ഇയാള്‍ ചോദിച്ചുവത്രെ. മറുപടി പറയാതെ ആദത്തെ ഒഴിവാക്കുകയാണ് ചെയ്തതെന്നു പരുക്കേറ്റ അലോക് പറഞ്ഞു. ബാറിലെ മാനേജരോടു പരാതി പറഞ്ഞതിനെ തുടര്‍ന്ന് ആദത്തെ ബാറില്‍നിന്നു പുറത്താക്കി. കുറച്ചു സമയത്തിനുള്ളില്‍ രോഷത്തോടെ മടങ്ങിയെത്തിയ ഇയാള്‍ യുവാക്കള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ലോട് (24) എന്ന യു.എസ് പൗരനും പരുക്കേറ്റു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ആദത്തെ 5 മണിക്കൂറിന് ശേഷം മിസൊറിയിലെ മറ്റൊരു ബാറില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
പരുക്കേറ്റ അലോക് ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. കന്‍സാസില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ സഹായത്തിനെത്തിയിട്ടുണ്ട്. ട്രംപ് വിദ്വേഷം പകര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ സമൂഹം പ്രതികരിച്ചു.
അതേസമയം, കൊല്ലപ്പെട്ട ശ്രീനിവാസിന് ഫസ്റ്റ് ബാപ്പിസ്റ്റ് പള്ളിയില്‍ 500 ഓളം പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.
ഹൈദരാബാദിലെ ബാച്ചുപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീനിവാസ്. എം.ടെക് പൂര്‍ത്തിയാക്കി 2005ല്‍ അമേരിക്കയിലെത്തിയത്. ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടത്തിയ പ്രസ്താവനകളാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്കു കാരണമെന്ന് ശ്രീനിവാസന്റെ ബന്ധുക്കള്‍ ഹൈദരാബാദില്‍ പറഞ്ഞു.
അടുത്തിടെ തെലങ്കാനയില്‍നിന്നുള്ള വംശി റെഡ്ഢിയെന്ന യുവാവും കലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചിരുന്നു. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ യു.എസ്, ഇന്ത്യന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ശ്രീനിവാസിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."