ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: കൂടുതല്‍ ചര്‍ച്ച വേണമെന്ന് ചൈന
ബീജിങ്: ആണവസാമഗ്രി വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനു മുന്‍പ് കൂടുതല്‍ അഭിപ്രായ ഐക്യം ആവശ്യമാണെന്ന് ചൈന. സംഘത്തില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകാനുള്ള നിലപാടിനെ കടുപ്പിക്കുന്നതാണ് ചൈനയുടെ ഇന്നത്തെ പ്രസ്താവന.
ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കെതിരേ ചൈനയ്ക്കൊപ്പമുണ്ട്.
ആണവസാമഗ്രി വിതരണ ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് വലിയ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലി അഭിപ്രായപ്പെട്ടു. ഗ്രൂപ്പില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച് വിപുലമായ ചര്‍ച്ച നടത്തേണ്ടതുണ്ട്. അതിനുശേഷമേ ഐക്യകണ്ഠമായ തീരുമാനത്തിലെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.
സംഘത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെ ഇതേ അഭിപ്രായവുമായി ജപ്പാനും മെക്സിക്കോയും രംഗത്തെത്തിയിരുന്നു. സഖ്യരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്നില്ലെന്ന ഘട്ടത്തിലാണ് ചൈന മുന്നോട്ടുവന്നത്.
നിലവില്‍ 48 രാജ്യങ്ങള്‍ക്കാണ് എന്‍.എസ്.ജിയില്‍ അംഗത്വമുള്ളത്. ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നത് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇന്ത്യയുടെ ശത്രുവായ പാകിസ്താനെ പ്രകോപിപ്പിക്കുമെന്നുമാണ് അംഗത്വത്തെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളുടെ നിലപാട്.
20നു ചേരുന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ അംഗത്വം ചര്‍ച്ചയാകും. സോളിലാണ് യോഗം നടക്കുന്നത്.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, വിഷയത്തില്‍ അമേരിക്ക പൂര്‍ണ പിന്തുണ ഉറപ്പുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."