സി.ബി.ഐ താല്‍ക്കാലിക ഡയരക്ടറായി വീണ്ടും നാഗേശ്വര്‍ റാവു ചുമതലയേറ്റു
ന്യൂഡല്‍ഹി: അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയ ഒഴിവില്‍ എം. നാഗേശ്വര്‍ റാവുവിനെ വീണ്ടും നിയമിച്ചു. താല്‍ക്കാലി ഡയരക്ടറായാണ് നിലവിലെ ജോയിന്റ് ഡയരക്ടര്‍ കൂടിയായ നാഗേശ്വര്‍ റാവുവിനെ ചുമതലയേല്‍പ്പിച്ചത്.
ഇന്നലെ രാത്രി തന്നെ ഡയരക്ടറായി ചുമലയേറ്റുവെന്ന് സി.ബി.ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1986 ബാച്ച് ഒഡിഷ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആണ് നാഗേശ്വര്‍ റാവു.
2018 ഒക്ടോബര്‍ 24 ന് അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് താല്‍ക്കാലിക ഡയരക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിക്കുകയായിരുന്നു. എന്നാല്‍ അലോക് വര്‍മ സുപ്രിംകോടതിയില്‍ പോവുകയും അനുകൂല വിധി സമ്പാദിച്ച് കഴിഞ്ഞദിവസം ഡയരക്ടര്‍ പദവിയില്‍ വീണ്ടും എത്തുകയും ചെയ്തു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്ററി സമിതി യോഗം ചേരുകയും അലോക് വര്‍മയെ മാറ്റുകയുമായിരുന്നു.
വീണ്ടും ചുമതലയേറ്റ് 48 മണിക്കൂറിനുള്ളിലാണ് അലോക് വര്‍മയെ മാറ്റിയത്. സമിതി അംഗമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനമെടുത്തത്. സമിതിയിലെ മറ്റൊരംഗമായ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എ.കെ സിക്രിയെ ആണ് യോഗത്തിന് അയച്ചത്. അലോക് വര്‍മയ്ക്ക് അനുകൂലമായ വിധി പറഞ്ഞ് ഗൊഗോയ് ആയതുകൊണ്ടാണ് പകരക്കാരനെ അയച്ചത്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി. റാഫേല്‍ കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന പേടിയാണ് തീരുമാനത്തിനു പിന്നിലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."