രോഗികള്‍ക്ക് മാനസിക ഉല്ലാസത്തിന് വഴിയൊരുക്കി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം
എടക്കര: ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മാനസികോല്ലാസത്തിനു വഴിയൊരുക്കി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം അണിഞ്ഞൊരുങ്ങുന്നു. രോഗീ, പരിസ്ഥിതി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മുണ്ടയിലുള്ള വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം മോടിപിടിപ്പിക്കുന്നത്. വിപുലമായ നവീകരണ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ആശുപത്രി കോംപൗണ്ടില്‍ നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കിനായി 15 ലക്ഷം രൂപയാണ് ആരോഗ്യ വകുപ്പ് അനുവദിച്ചത്. മുക്കാല്‍ ഏക്കറില്‍ വരുന്ന ആശുപത്രി വളപ്പില്‍ അണിഞ്ഞൊരുങ്ങുന്ന ഉദ്യാനത്തിന്റെ മുഖ്യ ആകര്‍ഷണം നിര്‍മല സ്‌നേഹത്തിന്റെ പ്രതീകകമായ അമ്മയുടെയും കുഞ്ഞിന്റെയും ശില്‍പമാണ്. പരിസ്ഥിതിക്കിണങ്ങിയ ജലാശയവും, വിവിധയിനം പക്ഷികളുടെയും, മൃഗങ്ങളുടെയും ശില്‍പങ്ങളും പാര്‍ക്കില്‍ അണിഞ്ഞൊരുങ്ങുന്നുണ്ട്. ഔഷധ സസ്യങ്ങളും, വിവിധ വര്‍ണങ്ങളിലുള്ള ചെടികളും, വൃക്ഷങ്ങളും ഇതിനോടകം ഒരുക്കിക്കഴിഞ്ഞു.
കുട്ടികള്‍ക്ക് കളിയാടാന്‍ ഊഞ്ഞാലും വൃദ്ധജനങ്ങള്‍ക്ക് മാത്രമായി പ്രത്യേകം രൂപകല്‍പന ചെയ്ത ഇരിപ്പിടങ്ങളും ഇനി തയാറാകേണ്ടതുണ്ട്. മാനസികോല്ലാസത്തിന് ഉതകുന്ന ചെസ്, കാരംസ് തുടങ്ങിയവയും ഉദ്യാനത്തിലുണ്ടാകും. രോഗികളുടെ വ്യായാമം ലക്ഷ്യമിട്ട് പാര്‍ക്കില്‍ പ്രത്യേക നടപ്പാതയുമൊരുക്കും.
പ്രധാന റോഡില്‍ നിന്നും ആശുപത്രിയിലേക്കുള്ള റോഡിന്റെ നവീകരണ പ്രവൃത്തികള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. എറണാകുളംകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒറ്റപ്പാലത്തെ ചേരാസ് ഇന്ത്യ ബ്രാന്റിനാണ് മാനസികോല്ലാസ ഉദ്യാനത്തിന്റെ നിര്‍മാണ ചുമതല. 25 ലക്ഷം രൂപ ചിലവില്‍ ഇ-സൗഹൃദ ബ്ലോക്കിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. രക്ത പരിശോധന റിസല്‍ട്ട് മിനിറ്റുകള്‍ക്കകം ലഭ്യമാക്കുന്ന നാല് ലക്ഷം രൂപ വിലമതിക്കുന്ന സി.ബി.സി മെഷീനും കേന്ദ്രത്തില്‍ സജീകരിച്ചു. അഞ്ച് സ്റ്റാഫ് നഴ്‌സ്, നാല് ഡോക്ടര്‍മാര്‍, ഏഴ് ജെ.പി.എച്ച്.എന്‍, ഒരു എച്ച്.ഐ, മൂന്ന് ജെ.എച്ച്.ഐ എന്നിങ്ങനെ സ്റ്റാഫ് പാറ്റേണും ക്രമീകരിച്ചു. ഈ മാസം അവസാനം മന്ത്രി കെ.കെ ഷൈലജ ആരോഗ്യ കേന്ദ്രത്തെ പരിസ്ഥിതി രോഗീ സൗഹൃദ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."