ദയാഹരജി: രാഷ്ട്രപതിയുടെ തീരുമാനം ഏകപക്ഷീയമെന്ന് പ്രതി
ന്ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ തന്റെ ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരേ പ്രതി മുകേഷ് സിങ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി ഇന്നു വിധി പറയും. ഇന്നലെ ഹരജി പരിഗണിച്ച ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ച്, രാഷ്ട്രപതിയുടെ പരമാധികാരത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നു ചൂണ്ടിക്കാട്ടി.
നിര്‍ഭയാ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളുടെയും പുനഃപരിശോധനാ ഹരജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിനു ശേഷം രണ്ടു പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജിയും കോടതി തള്ളിയ ശേഷമാണ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്കു ദയാഹരജി നല്‍കിയിരുന്നത്. ജനുവരി 22ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നടപ്പാക്കല്‍ ഇതോടെ നീണ്ടെങ്കിലും ദയാഹരജി രാഷ്ട്രപതി തള്ളുകയും കോടതി ഫെബ്രുവരി ഒന്നിനു വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്‍ഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് മുകേഷ് സിങ് രാഷ്ട്രപതിയുടെ നടപടിയില്‍ ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, രാഷ്ട്രപതി ഏകപക്ഷീയമായി പെരുമാറിയെന്നും ചിന്തിക്കാതെ തീരുമാനമെടുത്തെന്നും നിങ്ങളെങ്ങനെയാണ് ആരോപിക്കുകയെന്നു ചോദിച്ച കോടതി, രാഷ്ട്രപതിയുടെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, ദയാ ഹരജിക്കൊപ്പം പ്രതി രാഷ്ട്രപതിക്കു സമര്‍പ്പിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
കഴിഞ്ഞ 17നാണ് മുകേഷ് സിങ്ങിന്റെ ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നത്. വധശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ നിര്‍ഭയാ കേസ് പ്രതികള്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയരവേയാണ് പുതിയ സംഭവം. കേസില്‍ മറ്റു മൂന്നു പ്രതികള്‍ക്ക് ഇനിയും നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ അവസരമുണ്ടെന്നിരിക്കേ, ശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."