പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത യുവാവിന് ജോലിക്കായി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് പൊലിസ്
കൊച്ചി: ജോലി ആവശ്യാര്‍ഥം പൊലിസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പിച്ച യുവാവിന് ലഭിച്ചത് വിചിത്രമായ മറുപടി. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാല്‍ താങ്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് ആലുവ പൊലിസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച മറുപടി.
ആലുവ കടുവാടം സ്വദേശിയായ ടി.എം അനസിനാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. അനസ് ഈസ്റ്റ് പൊലിസ് എസ്.ഐക്ക് നല്‍കിയ അപേക്ഷയും അതില്‍ പൊലിസ് നടത്തിയ അന്വേഷണത്തിന്‍മേലുള്ള കുറിപ്പും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ പേരില്‍ യാതൊരു വിധ കേസുകളും ഇല്ലെന്ന് അനസ് തന്നെ കത്തില്‍ പറയുന്നുണ്ട്. കത്തിന് താഴെയായി പൗരത്വ ബില്ലിന് എതിരായുള്ള സമരത്തില്‍ പങ്കെടുത്തയാളാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ പോലുള്ള കുറിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
പൊലിസിന്റെ ഭാഗത്തുനിന്നുള്ളതാണെങ്കിലും ഏത് ഉദ്യോഗസ്ഥനാണ് ഇതെഴുതിയതന്നെ വ്യക്തമല്ല. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ജമാഅത്ത് മഹല്ല് ഏകോപന സമിതി നടത്തിയ പറവൂര്‍-ആലുവ ലോങ് മാര്‍ച്ചില്‍ അനസ് മുന്‍പ് പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കേസൊന്നും എടുത്തിട്ടില്ലെന്നാണ് അനസിന്റെ കത്തില്‍ നിന്നും വ്യക്തമാകുന്നത്. പിന്നെ ഏത് സാഹചര്യത്തിലാണ് ജോലിക്കാവശ്യമായ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന കാര്യം ദുരൂഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."