തോട്ടങ്ങളില്‍ മാനേജ്‌മെന്റ് - തൊഴിലാളി സംയുക്ത സമിതി രൂപീകരിക്കും
തിരുവനന്തപുരം: കേരളത്തിലെ തോട്ടങ്ങളിലുണ്ടാകുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനായി തോട്ടം ഉടമകളും തൊഴിലാളികളും ഉള്‍ക്കൊള്ളുന്ന സംയുക്ത സമിതി രൂപീകരിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ചിലയിടങ്ങളില്‍ ഇത്തരം സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളിലും സമിതി നിലവില്‍ വരുന്നത് പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും അതു വഴി മേഖലയുടെ പുരോഗതിക്കും വികസനത്തിനും ഉല്‍പാദന വര്‍ധനയ്ക്കും സഹായകരമാണ്. വലിയ തോട്ടങ്ങളാണെങ്കില്‍ ഡിവിഷന്‍ അടിസ്ഥാനമാക്കിയും കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതുണ്ട്.
ജോലിഭാരം വര്‍ധിപ്പിക്കാതെ തോട്ടം മേഖലയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ ശ്രമിക്കണം. തോട്ടങ്ങളിലെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. നഷ്ടം കുറയ്ക്കുകയും ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്താല്‍ തോട്ടം മേഖലയിലെ ശമ്പളം നല്‍കുന്നതുള്‍പ്പെടെയുള്ളവയില്‍ പ്രതിസന്ധി ഒഴിവാകും. ഇതിനു തോട്ടം ഉടമകളും തൊഴിലാളികളും പരസ്പരം സഹകരിക്കണം. റബ്ബര്‍, തേയില തോട്ടങ്ങളില്‍ റീ പ്ലാന്റേഷന്‍ നടപടികള്‍ക്കു തുടക്കമിടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ലേബര്‍ കമ്മിഷണര്‍ പ്രണബ്‌ജ്യോതി നാഥ്, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍. പ്രമോദ്, തോട്ടം ഉടമ- തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."